'അന്ന് നന്നായി പഠിക്കാമായിരുന്നു, നായയെ പോലെ ഓടുകയാണ്, തളർന്നു'; ജോലിക്കിടയിൽ പൊട്ടിക്കരഞ്ഞ് ഡെലിവറി ഡ്രൈവർ

Published : Jul 28, 2025, 08:53 PM IST
viral

Synopsis

'എന്റെ മാതാപിതാക്കൾക്ക് അവർ അർഹിക്കുന്ന ജീവിതം നൽകാൻ എനിക്ക് കഴിയില്ല. എന്തിന് ഞാനാ​ഗ്രഹിക്കുന്ന ജീവിതം എനിക്ക് ജീവിക്കാൻ പോലും സാധിക്കില്ല. അതെന്റെ ഹൃദയം തകർക്കുന്നു. പക്ഷേ ഇത് ഞാനാരോടാണൊന്ന് സംസാരിക്കുക' എന്നാണ് യുവാവ് ചോദിക്കുന്നത്.

ചൈനയിലെ ഒരു ഡെലിവറി ഡ്രൈവറുടെ വീഡിയോയാണ് ഇപ്പോൾ അവിടുത്തെ സോഷ്യൽ മീഡിയയിൽ വ്യാപകമായ ശ്രദ്ധ നേടുന്നത്. ജോലിക്കിടെ യുവാവ് പൊട്ടിക്കരയുന്നതാണ് വീഡിയോയിൽ കാണാനാവുന്നത്. ജോലിയുടെ ബുദ്ധിമുട്ടുകളും അതിജീവിക്കാനുള്ള പ്രയാസങ്ങളും വെളിപ്പെടുത്തുന്നതാണ് യുവാവിന്റെ വീഡിയോ.

മഞ്ഞ ഡെലിവറി യൂണിഫോമും ഹെൽമെറ്റും ധരിച്ചാണ് യുവാവുള്ളത്. ദിവസവും 10 മണിക്കൂറാണ് താൻ ജോലി ചെയ്യുന്നത്. വിശ്രമിക്കാൻ അവസരമേ കിട്ടാറില്ല. താൻ ആകെ ക്ഷീണിതനാണ് എന്നാണ് യുവാവ് വെളിപ്പെടുത്തുന്നത്. 'ഇപ്പോൾ ഞാൻ ഒരു ദിവസം 10 മണിക്കൂറും ഭക്ഷണം ഡെലിവറി ചെയ്യുകയാണ്, ഒരു നായയെ പോലെ ഞാൻ ക്ഷീണിതനായിരിക്കുന്നു, ഒരു നിമിഷം പോലും താൻ അലസനായിരിക്കാറില്ല, കാരണം അങ്ങനെ ചെയ്താൽ ആ നിമിഷം, ജീവിതമെന്നെ ഒഴിഞ്ഞ വയറു നൽകി ശിക്ഷിക്കും. എനിക്ക് എങ്ങനെ ഉത്കണ്ഠ തോന്നാതിരിക്കും' എന്നാണ് വീഡിയോയിൽ കാണുന്ന യുവാവ് ചോദിക്കുന്നത്.

പഠിക്കുന്ന സമയത്ത് നന്നായി പഠിക്കാത്തതിൽ താൻ പശ്ചാത്തപിക്കുന്നു എന്നും യുവാവ് പറയുന്നു. ഒപ്പം സ്കൂൾ വിട്ടുപോന്നതിലെ സങ്കടം പറയുകയും ചെയ്യുന്നുണ്ട്. 'ഇനിയും ഒരു അവസരം കൂടി കിട്ടിയാൽ താൻ ചെറുപ്രായത്തിൽ പഠനം ഉപേക്ഷിക്കുന്നതിന് പകരം തീർച്ചയായും നന്നായി പഠിക്കും' എന്നാണ് കരഞ്ഞുകൊണ്ട് യുവാവ് പറയുന്നത്.

താനൊരു വാശിക്കാരനായിരുന്നു എന്നും അധ്യാപകരുടെ മുന്നറിയിപ്പ് വകവയ്ക്കാതെയാണ് പഠനം അവസാനിപ്പിച്ചു പോന്നത് എന്നും യുവാവ് പറയുന്നു. 'എന്റെ മാതാപിതാക്കൾക്ക് അവർ അർഹിക്കുന്ന ജീവിതം നൽകാൻ എനിക്ക് കഴിയില്ല. എന്തിന് ഞാനാ​ഗ്രഹിക്കുന്ന ജീവിതം എനിക്ക് ജീവിക്കാൻ പോലും സാധിക്കില്ല. അതെന്റെ ഹൃദയം തകർക്കുന്നു. പക്ഷേ ഇത് ഞാനാരോടാണൊന്ന് സംസാരിക്കുക' എന്നാണ് യുവാവ് ചോദിക്കുന്നത്.

 

 

നിരവധിപ്പേരാണ് യുവാവിന്റെ അവസ്ഥ കഷ്ടമാണ് എന്ന് അഭിപ്രായപ്പെട്ടത്. അതേസമയം, കഴിഞ്ഞ വർഷം ചൈനയിൽ ഡെലിവറി ഡ്രൈവറായി ജോലി ചെയ്തിരുന്ന ഒരു യുവാവ് 18 മണിക്കൂർ ജോലി ചെയ്തതിന് പിന്നാലെ ബൈക്കിലിരുന്ന് ഉറങ്ങുന്നതിനിടെ മരിച്ചിരുന്നു. യുവാവിന്റെ സുഹൃത്തുക്കൾ പറഞ്ഞത് കുടുംബത്തിൽ വരുമാനമുള്ള ഒരേയൊരാൾ ഈ യുവാവായിരുന്നു എന്നും ചിലപ്പോൾ ജോലിക്ക് പോകുന്നതിന് മുമ്പ് 3 മണിക്കൂർ മാത്രമേ ഉറങ്ങിയിരുന്നുള്ളൂ എന്നുമാണ്.

PREV
Read more Articles on
click me!

Recommended Stories

112 വർഷം പഴക്കമുള്ള വീട് നവീകരിക്കുന്ന ഭർത്താവും ഭാര്യയും, ആ കാഴ്ച കണ്ട് അമ്പരന്നു, അപ്രതീക്ഷിതമായി ഒരു 'നിധി'
വാതിലിൽ മുട്ടി, ലിവിം​ഗ് റൂമിൽ കയറി, സ്വന്തം ഫ്ലാറ്റിൽ ഇതാണ് അവസ്ഥ, സദാചാര ആക്രമണത്തിനെതിരെ നിയമപോരാട്ടത്തിന് യുവതി