നോട്ട് ഡേറ്റിംഗ് സഹസ്ഥാപകൻ ജസ്‌വീർ സിംഗ്, മക്കൾക്കായി വീട് പണിയാൻ ആയുഷ്കാല സമ്പാദ്യം ചിലവഴിക്കുന്ന ഇന്ത്യൻ മാതാപിതാക്കളുടെ രീതിയെ വിമർശിക്കുന്നു. മക്കൾ മികച്ച ജീവിതം തേടി പോകുമ്പോൾ ഈ വീടുകൾ ഉപയോഗശൂന്യമാകുന്നുവെന്നും, അതിനാൽ മാതാപിതാക്കൾ സ്വന്തം വിരമിക്കൽ കാലത്തിന് പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറയുന്നു.  

ക്കൾക്കായി ആയുഷ്കാല സമ്പാദ്യം മുഴുവൻ വീട് പണിയാൻ വിനിയോഗിക്കുന്ന ഇന്ത്യൻ മാതാപിതാക്കളുടെ രീതിക്കെതിരെ സമൂഹ മാധ്യമത്തിൽ കടുത്ത ഭാഷയിൽ പ്രതികരിച്ച് നോട്ട് ഡേറ്റിംഗ് (Knot Dating) സഹസ്ഥാപകൻ ജസ്‌വീർ സിംഗ്. തന്‍റെ ബന്ധുവിന്‍റെ വീട് സന്ദർശിച്ചപ്പോഴുണ്ടായ തിരിച്ചറിവാണ് ഇത്തരമൊരു കുറിപ്പെഴുതാൻ തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം എക്സിൽ (X) കുറിച്ചു. ദശകങ്ങളുടെ സമ്പാദ്യവും ഒട്ടനവധി ത്യാഗങ്ങളും കൊണ്ട് അടുത്ത തലമുറയ്ക്ക് വേണ്ടി പണിത ആ വീട്ടിൽ ഇന്ന് ആരും താമസിക്കുന്നില്ല എന്ന യാഥാർത്ഥ്യം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വൈരുദ്ധ്യം

മാതാപിതാക്കളുടെ പ്രതീക്ഷകളും മക്കളുടെ വളർച്ചയും തമ്മിലുള്ള വൈരുദ്ധ്യത്തെക്കുറിച്ചാണ് ജസ്‌വീർ പ്രധാനമായും സംസാരിക്കുന്നത്. മക്കൾ വളരണമെന്നും കൂടുതൽ സമ്പാദിക്കണമെന്നും ആഗ്രഹിക്കുന്ന മാതാപിതാക്കൾ, അതേസമയം തന്നെ അവർ 30 വർഷം മുമ്പ് പണിത പഴയ വീട്ടിൽ ജീവിക്കണമെന്ന് പ്രതീക്ഷിക്കുന്നത് പ്രായോഗികമല്ലെന്ന് അദ്ദേഹം പറയുന്നു. മക്കൾ നിങ്ങളേക്കാൾ പത്തിരട്ടി സമ്പാദിക്കുമ്പോൾ സ്വാഭാവികമായും അവരുടെ ജീവിതശൈലിയും നഗരവും ലോകവും മാറുമെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

Scroll to load tweet…

കാലഹരണപ്പെടുന്ന വീടുകൾ

ഓരോ 15-20 വർഷം കൂടുമ്പോഴും വീടുകൾ കാലഹരണപ്പെട്ടവയായി മാറുന്നു എന്നതാണ് മറ്റൊരു പ്രധാന വസ്തുത. ആളുകൾ തങ്ങളുടെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് പുതിയ ഇടങ്ങളിലേക്ക് ചേക്കേറുന്നതിനാൽ, ജീവിതസമ്പാദ്യം മുഴുവൻ നൽകി പണിയുന്ന വീടുകൾ പിൽക്കാലത്ത് പ്രസക്തിയില്ലാത്തവയായി മാറുന്നു. അതിനാൽ മക്കൾക്ക് വേണ്ടി വീട് പണിയാനായി സ്വന്തം ജീവിതം ഹോമിക്കുന്നത് അവസാനിപ്പിക്കണമെന്നും, പകരം സ്വന്തം വിരമിക്കൽ കാലത്തേക്കുള്ള സമ്പാദ്യത്തിനും സന്തോഷത്തിനും മുൻഗണന നൽകണമെന്നും അദ്ദേഹം അഭ്യർത്ഥിക്കുന്നു.

സമ്മിശ്ര പ്രതികരണം

ജസ്‌വീർ സിംഗിന്‍റെ ഈ പോസ്റ്റ് നിമിഷനേരം കൊണ്ട് വൈറലാവുകയും മൂന്ന് ലക്ഷത്തിലധികം ആളുകളിലേക്ക് എത്തുകയും ചെയ്തു. ഇതിനോട് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ഒരു വീട് എന്നത് കുട്ടികൾക്ക് പ്രതിസന്ധി ഘട്ടങ്ങളിൽ ആശ്രയിക്കാവുന്ന ഒരു സുരക്ഷിതത്വമാണെന്ന് ചിലർ വാദിക്കുമ്പോൾ, ഇത്തരം വീടുകൾ വിൽക്കാനും പുതിയവ വാങ്ങാനും സാധിക്കുമെന്നതിനാൽ മാതാപിതാക്കൾ ഇത്രയധികം കഷ്ടപ്പെടേണ്ടതില്ലെന്ന് മറ്റുചിലർ അഭിപ്രായപ്പെടുന്നു. എന്തായാലും ഇന്ത്യൻ കുടുംബങ്ങളിലെ പരമ്പരാഗത നിക്ഷേപ രീതികളെക്കുറിച്ച് വലിയൊരു ചർച്ചയ്ക്കാണ് ഈ പോസ്റ്റ് തുടക്കമിട്ടിരിക്കുന്നത്