വിസ്മയയെപ്പോലെ മറ്റൊരുവള്‍, ഗര്‍ഭിണിയായിരിക്കെ അടിവയറ്റില്‍ തൊഴിയേറ്റ് അവളുടെ മരണം!

By Web TeamFirst Published May 25, 2022, 6:15 PM IST
Highlights

ആ സ്ത്രീ മരിച്ചിരിക്കുന്നു.  മരണപ്പെട്ടവളുടെ ബന്ധുക്കളുടെ നിലവിളികള്‍ അവിടെമാകെ മുഴങ്ങി. ഗര്‍ഭിണിയായ സ്ത്രീയുടെ വയറ്റിലേറ്റ ആഘാതം മൂലമുണ്ടായ അമിതരക്തസ്രാവമാണ് മരണകാരണമെന്ന് അവിടെയുണ്ടായിരുന്നു സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

മാസങ്ങള്‍ കഴിഞ്ഞ് വീണ്ടും കാണുമ്പോള്‍ അവളുടെ കൈയില്‍ സാരികളും തുണി സഞ്ചിയും ഉണ്ടായിരുന്നില്ല. ഹോസ്റ്റലില്‍ കാണാന്‍ എത്തിയതാണ്. കഴുത്തിലെ കട്ടിയുള്ള മഞ്ഞച്ചരടില്‍ എന്റെ നോട്ടം ഉടക്കി. അതു തിരിച്ചറിഞ്ഞിട്ടെന്നോണം  മംഗല്യസൂത്രമെന്ന് പതിഞ്ഞ സ്വരത്തില്‍ വലതു ചെവിയില്‍ മന്ത്രിച്ചത് കര്‍ണ്ണപുടത്തില്‍ മുള്ളായി വന്നു തറച്ചു. അച്ഛന്റെ പ്രായമുള്ള തികഞ്ഞ മദ്യപനാണ് 'ആയിന ഗാരു' (താലി കെട്ടിയ പുരുഷന്‍) എന്ന് നിസ്സംഗതയോടെ മറ്റെങ്ങോ ദൃഷ്ടി പായിച്ച് പറഞ്ഞു.

 

 

ഇന്നലെയാണ് വിസ്മയ കേസിലെ വിധി വന്നത്. കണ്‍മുന്നിലൂടെ മരണത്തിലേക്ക് ഊര്‍ന്നുപോയ മകളുടെ ഓര്‍മ്മയില്‍ വിങ്ങുന്ന മാതാപിതാക്കള്‍. പ്രതിക്ക് ഉചിതമായ ശിക്ഷ കിട്ടാന്‍ പ്രാര്‍ത്ഥിച്ച നാടെങ്ങുമുള്ള മനുഷ്യര്‍. ശിക്ഷ കുറഞ്ഞുപോയെന്ന് പിറുപുറുക്കുന്ന അനേകം അമ്മമാര്‍. മാധ്യമങ്ങള്‍ക്കു മുന്നില്‍ വിധിയറിയാന്‍ കണ്ണുനട്ടിരുന്ന പെണ്‍കുട്ടികള്‍. അങ്ങനെയങ്ങനെ ഇന്നലെ മുഴുവന്‍ നമ്മുടെ ചര്‍ച്ചകളില്‍ വിസ്മയ നിറഞ്ഞു. ആ ചര്‍ച്ചകള്‍ക്കിടയിലാണ് മറ്റൊരു പെണ്‍ജീവിതത്തിന്റെ നോവുന്ന ഓര്‍മ്മ ഉള്ളില്‍ വന്ന് കുത്തിമുറിച്ചത്. ആരുമറിയാതെ ഉരുകിത്തീര്‍ന്ന ഒരുവളുടെ ജീവിതം. തൊഴില്‍ ജീവിതത്തിലെ അവിസ്മരണീയമായ നോവ്. 

താമരയുടെ പര്യായമായിരുന്നു അവളുടെ പേര്. തവണ വ്യവസ്ഥയില്‍ സാരികള്‍ വിറ്റിരുന്ന ആ പെണ്‍കുട്ടിക്ക് എന്നാല്‍, 'പുഞ്ചിരിമാഞ്ഞ കൗമാരക്കാരി' എന്ന വിശേഷണമാവും കൂടുതല്‍ ചേരുക. സദാ ഗൗരവം നിറഞ്ഞ ഭാവം അങ്ങനെയാണ് തോന്നിച്ചത്.

നഴ്‌സിംഗ് പഠനം കഴിഞ്ഞ് ജോലിയില്‍ പ്രവേശിച്ച ആശുപത്രിയിലെ താമസസ്ഥലത്ത് വെച്ചായിരുന്നു ആദ്യമായി അവളെ കാണുന്നത്. വസ്ത്രങ്ങള്‍ തവണ വ്യവസ്ഥയില്‍ വില്‍ക്കുന്ന തിരക്കിനിടയില്‍ മറ്റൊന്നും അവള്‍ ശ്രദ്ധിച്ചില്ല. കൂട്ടത്തില്‍ എന്നെയും.

എല്ലാ വാരാന്ത്യങ്ങളിലും ഹോസ്റ്റലിലെ സ്ഥിര സാന്നിദ്ധ്യമായിരുന്നു അവള്‍. മിതമായ നിരക്കില്‍ ഇളവുകളോടെ അവള്‍ വിറ്റിരുന്ന സാരികള്‍ക്ക് ആവശ്യക്കാര്‍ ഏറെയും. പത്രത്താളുകളില്‍ പൊതിഞ്ഞ്, തുണിസഞ്ചിയിലാക്കി തിളക്കമുള്ള പട്ടുസാരികള്‍ വിറ്റിരുന്ന അവളുടെ ജീവിതത്തിന് പക്ഷേ തിളക്കമില്ലായിരുന്നു. 

ഒരുനേരം വയറുനിറച്ച് ഭക്ഷണം കഴിക്കാന്‍ പകലന്തിയോളം അവള്‍ നടത്തുന്ന ഓട്ടപ്രദക്ഷിണം കരളലിയിച്ചു. പിന്നീട് എപ്പോഴോ ഞങ്ങള്‍ സംസാരിച്ചു തുടങ്ങി. തികഞ്ഞ പക്വതയോടെ പ്രാരബ്ധങ്ങളുടെ തലച്ചുമടുകള്‍ ഒന്നൊന്നായി എനിക്കു മുന്നില്‍ നിരത്തി വച്ചു. പോകപ്പോകെ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന അപരിചിതത്വത്തിന്റെ അകലം കുറഞ്ഞു വന്നു.

സൈക്കിള്‍ റിക്ഷ വലിച്ച് ഉപജീവനമാര്‍ഗം തേടിയിരുന്ന അച്ഛനും രോഗങ്ങളുടെ പിടിയിലമര്‍ന്ന അമ്മയും അവള്‍ക്കു താഴെയുള്ള രണ്ടു് സഹോദരന്‍മാരുമാണ് ബന്ധുക്കളെന്നു പറയാന്‍ അവള്‍ക്ക് ആകെ ഉണ്ടായിരുന്നത്. ഒറ്റമുറി വീട്ടില്‍ അന്തിയുറങ്ങാന്‍ വിധിക്കപ്പെട്ടവര്‍. വീണു പോകാതെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ആയാസത്തോടെ പിടിച്ചു നടക്കുകയായിരുന്നു ആ സാധു പെണ്‍കുട്ടി. ദൈന്യമാര്‍ന്ന നോട്ടവുംഅഗാധഗര്‍ത്തങ്ങളിലാണ്ട കണ്ണുകളും അവളുടെ കഷ്ടങ്ങളുടെ വിളംബരമായിരുന്നു. 

എപ്പോള്‍ വന്നാലും 'അക്കാ' എന്നുള്ള സ്‌നേഹം ചാലിച്ച വിളി. സഹോദരീനിര്‍വ്വിശേഷമായ കരുതല്‍ അവളോട് ഉണ്ടായിരുന്നു. പിന്നെപ്പിന്നെ അവളുടെ വരവിന്റെ അകലം കൂടി. കുറച്ചു കഴിഞ്ഞപ്പോള്‍ അവളുടെ വരവുതന്നെ നിലച്ചു. 

മാസങ്ങള്‍ കഴിഞ്ഞ് വീണ്ടും കാണുമ്പോള്‍ അവളുടെ കൈയില്‍ സാരികളും തുണി സഞ്ചിയും ഉണ്ടായിരുന്നില്ല. ഹോസ്റ്റലില്‍ കാണാന്‍ എത്തിയതാണ്. കഴുത്തിലെ കട്ടിയുള്ള മഞ്ഞച്ചരടില്‍ എന്റെ നോട്ടം ഉടക്കി. അതു തിരിച്ചറിഞ്ഞിട്ടെന്നോണം  മംഗല്യസൂത്രമെന്ന് പതിഞ്ഞ സ്വരത്തില്‍ വലതു ചെവിയില്‍ മന്ത്രിച്ചത് കര്‍ണ്ണപുടത്തില്‍ മുള്ളായി വന്നു തറച്ചു. അച്ഛന്റെ പ്രായമുള്ള തികഞ്ഞ മദ്യപനാണ് 'ആയിന ഗാരു' (താലി കെട്ടിയ പുരുഷന്‍) എന്ന് നിസ്സംഗതയോടെ മറ്റെങ്ങോ ദൃഷ്ടി പായിച്ച് പറഞ്ഞു.

മകളെ വിവാഹം കഴിപ്പിച്ചത് ധനമോഹം കൊണ്ടായിരുന്നുവത്രേ. ഉദരത്തില്‍ തുടിക്കുന്ന കുഞ്ഞു ജീവനെ ഏതൊരു അമ്മയെയും പോലെ അവളും ഏറെ പ്രതീക്ഷയോടെ കാത്തിരുന്നു. 

എന്തിനാണ് ഇപ്പോള്‍ വിവാഹത്തിന് സമ്മതം മൂളിയതെന്ന ചോദ്യത്തിന്റെ ഉത്തരം കിട്ടാതെ അവള്‍ പരതി. ഏതോ ഭാവത്തോടെ അവള്‍ പുഞ്ചിരിക്കാന്‍ ശ്രമിച്ചത് വൃഥാവിലായി. ഉല്‍ക്കട വേദനയുടെ കാഠിന്യത്താല്‍ പുറംതള്ളിയ ചിരിയായിരുന്നു അതെന്ന് മനസ്സിലാക്കാന്‍ ഒട്ടും പ്രയാസമില്ലായിരുന്നു. മുഴുപട്ടിണിയില്‍ നിന്ന് കരകയറാന്‍ അവളുടെ അച്ഛന്‍ കണ്ടുപിടിച്ച നേരല്ലാത്ത മാര്‍ഗ്ഗം. അത് വലിയൊരു കെണി ആണെന്നറിഞ്ഞിട്ടും തിരികെ വീട്ടിലേക്ക് മടങ്ങാന്‍ അവളുടെ നിവൃത്തികേട് അനുവദിച്ചില്ല. കൂടുതല്‍ എന്തെങ്കിലും ചോദിക്കുകയോ പറയുകയോ ചെയ്യുമെന്ന്  ഭയന്നിട്ടാണാവണം പൊടുന്നനെ അവള്‍ നടന്നകന്നത്. അതിനുശേഷം അവിടേക്ക് വന്നിട്ടില്ല. 

പിന്നെയവളെ കാണുന്നത് ആശുപത്രിയില്‍ വെച്ചാണ്. അന്ന് അത്യാഹിതവിഭാഗത്തില്‍ അല്ലായിരുന്നു ഡ്യൂട്ടി. എങ്കിലും അത്യാവശ്യമായി അവിടേയ്ക്ക് പോകേണ്ട സാഹചര്യം വന്നു. അവിടെ എത്തുമ്പോള്‍, ഡോക്ടര്‍മാരും സഹപ്രവര്‍ത്തകരും ധൃതിയില്‍ പല ദിശകളിലേക്ക് പായുന്നു. അവിടെയുണ്ടായിരുന്ന മറ്റു് ജീവനക്കാരോട് വിവരം തിരക്കിയപ്പോള്‍ ഏതോ ഒരു സ്ത്രീയെ അമിതരക്തസ്രാവവുമായി പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് അറിയാന്‍ സാധിച്ചു. അവര്‍ തിരക്കായതിനാലും ഏല്‍പ്പിക്കപ്പെട്ട ചുമതല മറ്റൊരിടത്ത് ആയതിനാലും പിന്നീടു് വരാമെന്നു കരുതി തിരികെ നടന്നു. 

ഒരാര്‍ത്തനാദം കേട്ടു. ഉള്ളിലേക്ക് കയറി നോക്കിയപ്പോള്‍ കാര്യം മനസ്സിലായി. രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും വിഫലമാക്കി അവിടെ പ്രവേശിക്കപ്പെട്ട ആ സ്ത്രീ മരിച്ചിരിക്കുന്നു.  മരണപ്പെട്ടവളുടെ ബന്ധുക്കളുടെ നിലവിളികള്‍ അവിടെമാകെ മുഴങ്ങി. ഗര്‍ഭിണിയായ സ്ത്രീയുടെ വയറ്റിലേറ്റ ആഘാതം മൂലമുണ്ടായ അമിതരക്തസ്രാവമാണ് മരണകാരണമെന്ന് അവിടെയുണ്ടായിരുന്നു സഹപ്രവര്‍ത്തകര്‍ പറഞ്ഞു. മദ്യപിച്ച് ലക്കുകെട്ട ഭര്‍ത്താവിന്റെ തൊഴിയേറ്റവള്‍. തൊഴിച്ചു കൊന്നതാണെന്ന് സംശയരോഗിയായ അയാള്‍ പിന്നീടു് പോലീസിനോട് കുറ്റസമ്മതം നടത്തി.

ട്രോളിയില്‍ കയറ്റി പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോകുന്ന വെള്ളപുതച്ച മുഖത്തേയ്ക്ക് പോര്‍ട്ടര്‍മാരില്‍ ഒരാള്‍ തുണി വലിച്ചിടുന്നത് കണ്ടു. 

ഒന്നേ നോക്കിയുള്ളൂ. സപ്തനാഡികളും തകര്‍ന്ന് കണ്ണുകളില്‍ ഇരുട്ട് നിറഞ്ഞു. 

അവള്‍! താമരയുടെ പേരുള്ള പെണ്‍കുട്ടി. ഘനീഭവിച്ച വേദന മുഴുവന്‍ ഉള്ളില്‍ നിറഞ്ഞു. തൊട്ടടുത്തുണ്ടായിരുന്ന കസാരയില്‍ എങ്ങനെയോ ഇരുന്നു.

പ്രാരബ്ധങ്ങളില്‍ നിന്നും കരകയറാമെന്ന് വൃഥാ മോഹിച്ച്, ശിരോലിഖിതമെന്ന മേല്‍വിലാസം നല്‍കി കുരുതി കൊടുത്തവരെ ഹൃദയത്തില്‍ പലവട്ടം ദഹിപ്പിച്ചു. നിറവയറുമായി അവളുടെ ചേതനയറ്റ ശരീരം പോസ്റ്റ് മോര്‍ട്ടം മേശപ്പുറത്ത് അപ്പോഴേക്കും എത്തിച്ചിരുന്നു. 

കനം കെട്ടിയ മനസ്സുമായി ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്കു മടങ്ങുമ്പോള്‍ ചാറ്റല്‍മഴ വന്നു തൊട്ടു. കാറ്റിന്റെ ആരവത്തിനൊപ്പം വെള്ളിക്കൊലുസ്സുകളുടെ ചിലമ്പിച്ച ധ്വനി. 

'അക്കാ' എന്നൊരു പിന്‍വിളി കേട്ടത് തോന്നലായിരുന്നോ? ഇന്നും  അതെനിക്കറിയില്ല. 


 

click me!