
കഴിഞ്ഞ ദിവസമാണ് പ്രണയം നിരസിച്ചതിന്‍റെ പേരില്‍ തിരുവല്ലയിൽ യുവാവ് നടുറോഡിൽ പെണ്‍കുട്ടിയെ തീ കൊളുത്തിയത്. ഇതിനുള്ള പ്രതികരണമെന്നോണമാണ് മനശാസ്ത്ര വിദഗ്ധന്‍ ഡോ. സി.ജെ ജോണ്‍ തന്‍റെ ഫേസ്ബുക്കില്‍ പ്രണയത്തിന്‍റെ വേറൊരു മുഖത്തെ കുറിച്ച് എഴുതിയിരിക്കുന്നത്. എനിക്കില്ലെങ്കിൽ ആര്‍ക്കും വേണ്ടായെന്ന വാശിയാകും ആ കാമുകനെ ഇമ്മാതിരി ഒരു ക്രൂര കൃത്യത്തിന് പ്രേരിപ്പിച്ചത് എന്ന് അദ്ദേഹം എഴുതുന്നു.
'തിരസ്കരിക്കുമെന്ന ഭീതി ഉണ്ടാകുമ്പോൾ സ്വയം മുറിവേല്‍പ്പിക്കും. സ്വന്തം ചോരയിൽ പ്രണയലേഖനം എഴുതും. കൊന്നുകളയുമെന്ന് വിരട്ടും. മന കണ്ണ് മങ്ങിയ പെണ്ണുങ്ങൾ ആദ്യമൊക്കെ ഇതിനെ യഥാർത്ഥ സ്നേഹത്തിന്റെ ലക്ഷണമായി കാണാൻ തുടങ്ങും. ശ്വാസം മുട്ടിക്കുന്ന വിധത്തിൽ ആകുമ്പോഴാകും കുടുക്കാണിതെന്ന് വെളിവ് വീഴുന്നത്' എന്നും ഡോ. സി.ജെ ജോണ്‍ എഴുതുന്നു.
ഫേസ്ബുക്ക് പോസ്റ്റ്: എനിക്കില്ലെങ്കിൽ ആര്‍ക്കും വേണ്ടായെന്ന വാശിയാകും ആ കാമുകനെ ഇമ്മാതിരി ഒരു ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്. കാമുകിയെ കുത്തിയും കത്തിച്ചും അയാൾ പ്രണയ നാടകത്തിൽ ദുരന്തം എഴുതി ചേർത്തു. അവളില്ലെങ്കിൽ എന്റെ ജീവിതം ശൂന്യമെന്നു കരുതുന്ന തരത്തിലുള്ള അരക്ഷിത ബോധം ഉള്ളിൽ സൂക്ഷിക്കുന്ന വിദ്വാന്മാർ ഇത് പോലെയുള്ള പലതും ചെയ്യും. തിരസ്കരിക്കുമെന്ന ഭീതി ഉണ്ടാകുമ്പോൾ സ്വയം മുറിവേല്പിക്കും. സ്വന്തം ചോരയിൽ പ്രണയ ലേഖനം എഴുതും. കൊന്നു കളയുമെന്ന് വിരട്ടും. മന കണ്ണ് മങ്ങിയ പെണ്ണുങ്ങൾ ആദ്യമൊക്കെ ഇതിനെ യഥാർത്ഥ സ്നേഹത്തിന്റെ ലക്ഷണമായി കാണാൻ തുടങ്ങും. ശ്വാസം മുട്ടിക്കുന്ന വിധത്തിൽ ആകുമ്പോഴാകും കുടുക്കാണിതെന്ന് വെളിവ് വീഴുന്നത്.ഈ പ്രകൃതത്തിന്റെ പെൺ പതിപ്പുകളുമുണ്ട്. ഇമ്മാതിരി പാർട്ടികളെ പ്രണയിക്കാൻ ഇറങ്ങിയാൽ പണി കിട്ടും. ഇതിനെ ഒരു പ്രണയ സാക്ഷരതാ കുറിപ്പായി പരിഗണിക്കുക. അങ്ങനെയും വേണ്ടേ ഒരു ലൈൻ?
(സി. ജെ. ജോൺ)