കൊവിഡ് പ്രതിരോധം : മഹാരാഷ്ട്രക്ക് വിനയായത് ഈ അഞ്ചു വീഴ്ചകൾ

Published : May 14, 2020, 11:28 AM ISTUpdated : May 15, 2020, 10:59 AM IST
കൊവിഡ് പ്രതിരോധം : മഹാരാഷ്ട്രക്ക് വിനയായത് ഈ അഞ്ചു വീഴ്ചകൾ

Synopsis

ഒരുവശത്ത് പിണറായി വിജയനെപ്പോലുള്ള മുഖ്യമന്ത്രിമാർ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കെ, 'കഴിവുകെട്ട മുഖ്യമന്ത്രി' എന്ന് പ്രതിപക്ഷം ഉദ്ധവ് താക്കറെയെ പരിഹസിച്ചു. 

മഹാരാഷ്ട്രയിൽ കൊവിഡ് പടർന്നു പിടിച്ചതിന്റെ കണക്കുകൾ ആശ്ചര്യജനകമാണ്. മാർച്ച് 9 -ന് സംസ്ഥാനത്തെ ആദ്യത്തെ പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നു. കൃത്യം നാലാഴ്ചക്കുള്ളിൽ ഒന്നിൽ നിന്ന് കേസുകളുടെ എണ്ണം ആയിരം കടക്കുന്നു. ഏപ്രിൽ 7 -ന് കേസുകളുടെ എണ്ണം 1018. ഈ നാലാഴ്ചയ്ക്കുള്ളിൽ പൊലിഞ്ഞത് 64 പേരുടെ ജീവനാണ്. അന്നത്തെ മരണ നിരക്ക് 6.29 ശതമാനം. അതായത് തത്സമയ ദേശീയ ശരാശരി മരണനിരക്കിന്റെ ഇരട്ടിയിലധികം.

ഇനി മാസത്തിനിപ്പുറമുള്ള അടുത്ത കണക്കെടുക്കുക. മെയ് 7 -ലെ കണക്കുകൾ പ്രകാരം, സംസ്ഥാനത്ത് 17,974 പേർക്ക് കൊവിഡ് സ്ഥിരീകരിക്കപ്പെടുന്നു. മരിച്ചവരുടെ എണ്ണം 694 ആകുന്നു. അതിനു ശേഷമുള്ള വെറും ഏഴു ദിവസങ്ങൾ കൊണ്ട് രാജ്യത്തെ ഏറ്റവും ഗുരുതരമായി കൊവിഡ് ബാധിച്ചിട്ടുള്ള സംസ്ഥാനമായി മഹാരാഷ്ട്ര മാറുന്നു. ആ ഒരാഴ്‌ച കൊണ്ടുമാത്രം സംസ്ഥാനത്ത് രോഗം സ്ഥിരീകരിക്കപ്പെട്ടത് 8000 -ൽ അധികം പേർക്കായിരുന്നു. അതിനുശേഷം ഇന്നലെ വരെ രോഗം ബാധിച്ചിരിക്കുന്നത് 25,922 പേരെ. മരണസംഖ്യ ആയിരത്തോടടുക്കുന്നു. ആകെ രേഖപ്പെടുത്തപ്പെട്ട രോഗമുക്തികൾ 5,547 എണ്ണം. തൊട്ടുപിന്നിൽ നിൽക്കുന്ന തമിഴ്‍നാടിന് ഇന്നലെവരെ 9227 കേസുകളും 64 മരണങ്ങളുമേ ഉള്ളൂ. അപ്പോൾ ഉയരുന്ന പ്രസക്തമായ ചോദ്യമിതാണ്, "കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തിൽ മഹാരാഷ്ട്രയ്ക്ക് എവിടെയാണ് പിഴച്ചത്?"

 

 

ഇന്ത്യയിലെ ഏറ്റവും അധികം വ്യവസായവത്കരിക്കപ്പെട്ടിരിക്കുന്ന, ഏറ്റവും അധികം സാമ്പത്തിക സ്രോതസ്സുകളുള്ള സംസ്ഥാനങ്ങളിൽ ഒന്നായ മഹാരാഷ്ട്ര എന്തുകൊണ്ടാണ് കൊവിഡ് രോഗികളുടെ എണ്ണത്തിലും, മരിച്ചവരുടെ എണ്ണത്തിലും ഒന്നാം സ്ഥാനത്തുതന്നെ തുടരുന്നത്? അതിനുള്ള ഉത്തരം അറിയണമെങ്കിൽ, സംസ്ഥാനത്തെ ആദ്യത്തെ രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു തൊട്ടുമുമ്പുള്ള രണ്ടു മാസം, അതായത് ഫെബ്രുവരി, ജനുവരി മാസങ്ങളിൽ സംസ്ഥാന ഗവൺമെന്റ് എന്ത് 'ചെയ്തില്ല' എന്ന് പരിശോധിച്ചാൽ മതി. മഹാരാഷ്ട്രയിലെ കൊവിഡ് പ്രതിരോധത്തെ തകിടംമറിച്ച അഞ്ചു വീഴ്ചകളെപ്പറ്റിയാണ് ഇനി. 

വീഴ്ച 1 : വിമാനത്താവളങ്ങളിൽ കൃത്യസമയത്ത് സ്ക്രീനിങ് ഏർപ്പെടുത്തിയില്ല

മഹാരാഷ്ട്രയിലെ കേസുകളുടെ 40 ശതമാനവും ഗൾഫിൽ, വിശിഷ്യാ യുഎഇയിൽ നിന്ന് വിമാനം പിടിച്ച് സംസ്ഥാനത്തേക്ക് വന്നിറങ്ങിയ NRI -കളിൽ നിന്നാണ് ഉത്ഭവിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ ആദ്യത്തെ രോഗി, വിമാനത്തിൽ വന്നിറങ്ങിയ ഒരു പ്രവാസി ആയിരുന്നിട്ടും,  ആദ്യത്തെ കൊവിഡ് പോസിറ്റീവ് കേസ് കണ്ടെത്തപ്പെട്ടതിന്റെ അടുത്ത പത്തു ദിവസം മഹാരാഷ്ട്ര സർക്കാർ യാതൊരു വിധ സ്‌ക്രീനിങ്ങും തങ്ങളുടെ വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തിയില്ല. ഇക്കാര്യത്തിൽ പക്ഷേ, മഹാരാഷ്ട്ര ഒറ്റയ്ക്കല്ലായിരുന്നു. രാജ്യത്തെ എല്ലാ എയർപോർട്ടുകളും തെർമൽ സ്‌ക്രീനിങ്ങിലേക്ക് കടക്കുന്നത് ഏതാണ്ട് ഒരേ സമയത്താണ്. മാർച്ച് മൂന്നാം വാരത്തിൽ. എന്നാൽ, മറ്റു നഗരങ്ങൾക്ക് ഇല്ലാത്ത ഒരു കാര്യം മുംബൈ എന്ന മഹാരാഷ്ട്രയുടെ സാമ്പത്തിക തലസ്ഥാനത്തിനുണ്ടായിരുന്നു. പ്രതിദിനം മുംബൈ ഇന്റർനാഷണൽ എയർപോർട്ടിൽ വന്നിറങ്ങിക്കൊണ്ടിരുന്നത്, 42,000 -ലധികം വിദേശയാത്രികരായിരുന്നു. മാർച്ച് 22 -ന് ഇന്ത്യയിൽ ആഭ്യന്തര-അന്താരാഷ്ട്ര വിമാനയാത്ര നിരോധിച്ചുകൊണ്ട് ഉത്തരവിറങ്ങുമ്പോഴേക്കും പക്ഷേ, കാര്യങ്ങൾ കൈവിട്ടുപോയിട്ടുണ്ടായിരുന്നു.

വീഴ്ച 2 : തക്കസമയത്ത് ക്വാറന്റൈൻ, ഐസൊലേഷൻ, ടെസ്റ്റിംഗ് പ്രോട്ടോക്കോൾ നടപ്പാക്കിയില്ല

ആയിരക്കണക്കിന് യാത്രക്കാർ ദിനംപ്രതി വന്നിറങ്ങിയിരുന്നിട്ടും അവരിൽ വിരലിലെണ്ണാവുന്നവരെ മാത്രമാണ് എയർപോർട്ട് ജീവനക്കാർ 'റാൻഡം' ആയി തെർമൽ സ്കാനിങ്ങിനു വിധേയരാക്കിയിരുന്നതും മറ്റു ലക്ഷണങ്ങൾക്കായി പരിശോധിച്ചിരുന്നതും. നിരവധി രോഗികളിലേക്ക് കൊവിഡ് 'അസിംപ്റ്റമാറ്റിക്' (Asymtomatic ) അഥവാ 'വിശേഷിച്ച് ബാഹ്യലക്ഷണങ്ങൾ' കൂടാതെയും സംക്രമിക്കാറുണ്ട്. അവരെ സ്‌ക്രീനിങ്ങിൽ കണ്ടെത്താനാവില്ല. വന്നിറങ്ങുന്നവരെ ഒന്നടങ്കം 'ഐസൊലേറ്റ്' ചെയ്ത്, 'ക്വാറന്റൈൻ' ചെയ്ത്, കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കുക എന്നത് മാത്രമായിരുന്നു രോഗികളെ കണ്ടെത്താനുള്ള ഏകമാർഗം. ചുരുങ്ങിയത് മാർച്ച് ആദ്യവാരത്തിൽ തന്നെ സർക്കാർ വിദേശത്തുനിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തേണ്ടിയിരുന്നു  എന്നാണ് പകർച്ചവ്യാധി വിദഗ്ധനായ ഡോ. ഭാരത് പുരന്ദരേ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞത്.

വീഴ്ച 3 : വേണ്ടത്ര എണ്ണം കൊവിഡ് പരിശോധനകൾ നടത്താൻ ശ്രമിച്ചില്ല 

മറ്റൊരു പ്രധാനഘടകം, മഹാരാഷ്ട്ര ഗവൺമെന്റിന്റെ ടെസ്റ്റിംഗ് പ്രോട്ടോക്കോൾ ആയിരുന്നു. ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട് നാലാഴ്ചയ്ക്കിപ്പുറവും സർക്കാർ ടെസ്റ്റുചെയ്തു കൊണ്ടിരുന്നത് 'ലക്ഷം പേരിൽ 29 പേരെ' എന്ന അനുപാതത്തിലായിരുന്നു. ഇന്നലെ ആയപ്പോഴേക്കും അത് 'ലക്ഷത്തിന് 190' എന്നായിട്ടുണ്ട്. അത് ഗുജറാത്തിന്റെ ലക്ഷത്തിന് 176 നേക്കാൾ ഭേദമാണ് എങ്കിലും, തമിഴ്‌നാടിന്റെ ലക്ഷത്തിന് 350 നേക്കാൾ കുറവാണ്. സംസ്ഥാനത്ത് രോഗം പിടിമുറുക്കിയ അതേ തീവ്രതയിൽ പരിശോധനകളും നടത്താൻ മഹാരാഷ്ട്ര തയ്യാറായില്ല എന്നത് മൂന്നാമത്തെ വീഴ്ച. ഇന്ന് മുംബൈയിൽ ടെസ്റ്റ് ചെയ്യുന്നതിൽ മൂന്നിലൊന്നു രോഗിയും പോസിറ്റീവ് ആവുന്ന അതീവ ഗുരുതരമായ സാഹചര്യമാണുള്ളത്. 

വീഴ്ച 4 : സാമൂഹിക അകലം പാലിക്കുന്നതിൽ പരാജയപ്പെട്ടത് 

മുംബൈ നഗരസഭയിലെ 24 വാർഡുകളിൽ എട്ടെണ്ണത്തിലാണ് നിലവിലെ കേസുകളുടെ 50 ശതമാനത്തിൽ അധികവുമുള്ളത്. ആ എട്ടെണ്ണത്തിലാണ് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ചേരികളുള്ള ധാരാവി, വർളി കോളിവാഡാ, കുർള, ബൈക്കുള, സാകിനാക്കാ, അന്ധേരി വെസ്റ്റ് എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്നത്. മുംബൈയുടെ ശരാശരി ജനസാന്ദ്രതയുടെ പത്തിരട്ടി ജനങ്ങൾ തിങ്ങിനിറഞ്ഞു കഴിയുന്ന ഇടങ്ങളാണിവ. ഇവിടെ സാമൂഹിക അകലം പാലിക്കുക എന്നത് ഏറെക്കുറെ അസാധ്യമാണ് എന്നുതന്നെ പറയാം. ഐക്യരാഷ്ട്രസഭയുടെ ജൂലൈ 2019 -ലെ ജനസംഖ്യാ കണക്കുപ്രകാരം, മുംബൈ നഗരത്തിന്റെ ശരാശരി ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിൽ 32,303 ആണ്. ധാരാവി എന്ന ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശത്തേക്ക് എത്തുമ്പോൾ ഇത്  354,166 എന്ന് കൂടുന്നു. ഇവിടെയാണ് മുംബൈ നേരിടുന്ന മറ്റൊരു പ്രധാന വെല്ലുവിളി നിലനിൽക്കുന്നത്. 

വീഴ്ച 5 : ഭരണ നിർവഹണത്തിൽ ഉദ്ധവ് താക്കറെക്കുള്ള പരിചയക്കുറവ് 

എന്നും റിമോട്ട് കൺട്രോൾ ഭരണത്തിൽ സംതൃപ്തരായിരുന്ന താക്കറെ കുടുംബത്തിൽ നിന്നൊരാൾക്ക് നേരിട്ട് ഭരിക്കാൻ കളത്തിൽ ഇറങ്ങേണ്ടി വന്ന് മാസങ്ങൾക്കുള്ളിലാണ് മുംബൈ രോഗഗ്രസ്തമാകുന്നത്. ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും മത്സരിച്ച പരിചയമോ, എംഎൽഎ എങ്കിലും ആയി നിയമസഭയ്ക്കകം കണ്ട ഓർമയോ ഇല്ലാത്ത ഉദ്ധവ് താക്കറെക്ക് ഒരു സുപ്രഭാതത്തിൽ മഹാരാഷ്ട്ര പോലെ ഒരു വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കസേരയിൽ കയറി ഇരിക്കേണ്ടി വന്നു. ഭാരിച്ച ഉത്തരവാദിത്തങ്ങൾ ഉള്ള ആ സ്ഥാനത്ത് ഇരിക്കാൻ വേണ്ടത്ര പ്രവൃത്തിപരിചയം ഉദ്ധവിന് ഇല്ലാതെ പോയത് ഈ പ്രതിസന്ധി ഘട്ടത്തിൽ മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ സാധ്യതകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ബ്യൂറോക്രസിയുമായി ഇത്രകണ്ട് ഇഴചേർന്നു പ്രവർത്തിക്കേണ്ട ഒരു ആപത്ഘട്ടം ഇതിനുമുമ്പ് താക്കറെ കുടുംബത്തിൽ ആർക്കുമുണ്ടായിട്ടില്ല. അവിചാരിതമായി കൊവിഡ് എന്ന മഹാമാരി മുന്നിൽ വന്നു സംഹാരനൃത്തം തുടങ്ങിയപ്പോൾ ഉദ്ധവ് താക്കറെ പകച്ചുപോയി എന്നതാണ് സത്യം.

 

 

രാജ്യത്തെ സംസ്ഥാനങ്ങൾ മുഴുവൻ അവരുടെ ജനങ്ങളെ ഒറ്റക്കെട്ടായി ഒരുമിച്ചു നിർത്തി കൊവിഡ് വിരുദ്ധ പോരാട്ടങ്ങൾക്ക് അണിനിരത്തുമ്പോൾ, പുലബന്ധമില്ലാത്ത പല പ്രശ്നങ്ങളിലും പെട്ടുഴലേണ്ടി വന്നു ഉദ്ധവ് താക്കറെയ്ക്ക്. സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയുടെ ഉപോത്പന്നമായ പാൽഘർ ആൾക്കൂട്ടക്കൊല, ബാന്ദ്രയിലെ അതിഥി തൊഴിലാളികളുടെ അസംതൃപ്തി, അതേത്തുടർന്നുണ്ടായ ലാത്തിച്ചാർജ്ജ്, ചില ഹൈ പ്രൊഫൈൽ വ്യക്തികൾ ലോക്ക് ഡൗൺ ലംഘിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ, ലക്ഷണങ്ങൾ ഇല്ലാത്തവരെ ടെസ്റ്റ് ചെയ്യേണ്ട എന്ന തീരുമാനം അങ്ങനെ പല തരത്തിലുള്ള കെടുകാര്യസ്ഥതകളും ഉദ്ധവിന്റെ മേൽ ആരോപിക്കപ്പെട്ടു. ഒരുവശത്ത് പിണറായി വിജയനെപ്പോലുള്ള മുഖ്യമന്ത്രിമാരും, കേരള മോഡൽ പോലുള്ള ആരോഗ്യ മാതൃകകളും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കെ, 'കഴിവുകെട്ട മുഖ്യമന്ത്രി' എന്ന് പ്രതിപക്ഷം ഉദ്ധവ് താക്കറെയെ പരിഹസിച്ചു. ഇത് ആരോഗ്യപ്രവർത്തകരുടെ മനോബലം കെടുത്തി. 

ഇങ്ങനെ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ഈ അഞ്ചു വീഴ്ചകളാണ് മഹാരാഷ്ട്രയെ സംസ്ഥാനത്തെ അത് ഇന്നെത്തിനിൽക്കുന്ന പ്രതിസന്ധി ഘട്ടത്തിലേക്ക് തള്ളിവിട്ടത്. അതിൽ നിന്ന് കരകയറിവരാൻ, സംസ്ഥാനത്തെ കോവിഡ് രോഗബാധയുടെ കർവിനെ 'ഫ്ലാറ്റെൻ' ചെയ്തെടുക്കാൻ കാര്യമായ രക്ഷാപ്രവർത്തനം തന്നെ മഹാരാഷ്ട്രയ്ക്ക് നടത്തേണ്ടി വന്നേക്കാം. 

 
 

PREV
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!