സർക്കാർ സംവിധാനങ്ങൾ നൂലാമാലകൾ നിറഞ്ഞതാണെന്ന മിഥ്യാധാരണയിൽ പാലിക്കാതിരിക്കരുത്...

By Web TeamFirst Published May 13, 2020, 4:25 PM IST
Highlights

അധികം വൈകാതെ അവരുടെ വാഹനം അതിർത്തി കടന്നുവന്ന് തമിഴ്‌നാട് ചെക്ക് പോസ്റ്റിൽ നിർത്തി. ഭാര്യാസഹോദരന്റെ എൻട്രി പാസ് (2 യാത്രികർ) ഉപയോഗിച്ച് മകൾ അതിർത്തി കടക്കുന്നതായി തമിഴ്‌നാട് ഉദ്യോഗസ്ഥർ കണക്കാക്കി. 

ചെന്നൈയിൽ പഠിക്കുന്ന അദിതിക്ക് മാർച്ച് 12 -ന് സ്‌കൂൾ അടച്ചപ്പോൾ നാട്ടിൽ പോവാനുള്ള ആഗ്രഹം കാരണം ആണ് തൊട്ടടുത്ത ദിവസം തന്നെ കോഴിക്കോട്ടേക്ക് വണ്ടി ഓടിച്ചത്. ഒരുദിവസം അവിടെ നിന്ന ശേഷം 15 -ന് ഭാര്യയോടൊപ്പം തിരിച്ചു ചെന്നൈയിലേക്ക് മടങ്ങുകയും ചെയ്തു. മാർച്ച് 25 -ന് തിരിച്ചുപോയി കൂട്ടാനായിരുന്നു ഉദ്ദേശം. അപ്പോഴാണ് മുന്നറിയിപ്പില്ലാതെ ലോക്ക്ഡൗണിന്റെ വരവ്. അതോടെ മകൾ നാട്ടിലും ഞങ്ങൾ ചെന്നൈയിലും ആയി. ആദ്യ ഘട്ട ലോക്ക്ഡൌൺ അവസാനിച്ച ഉടനെ പോയി തിരിച്ചു കൊണ്ടു വരാമെന്നു മകളോട് ഉറപ്പ് പറയുകയും ചെയ്തു. പക്ഷേ, വീണ്ടും രണ്ടും മൂന്നും ഘട്ടങ്ങളായി ലോക്ക്ഡൌൺ നീളുന്നു.

മെയ് ആദ്യവാരത്തിലാണ് മറ്റു സംസ്ഥാനങ്ങളിൽ പെട്ട് പോയവർക്ക് യാത്ര ചെയ്യാനുള്ള അനുമതി നൽകാൻ സംസ്ഥാനങ്ങൾ തയ്യാറെടുക്കുന്നതായി വാർത്ത ശ്രദ്ധയിൽപെട്ടത്. ഉടൻതന്നെ കേരള / തമിഴ്‌നാട് സർക്കാർ ഉത്തരവുകൾ വ്യക്തമായി പരിശോധിക്കാനും പഠിക്കാനും തുടങ്ങി. സർക്കാർ ഉത്തരവ് അതുപോലെ അനുസരിച്ചാൽ വളരെ എളുപ്പം കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു കാര്യമാണെന്നും മനസ്സിലായി.

ആദ്യം ചെയ്തത് ഒരു പ്ലാൻ ഉണ്ടാക്കുകയായിരുന്നു. ഞാനും ഭാര്യ അഞ്ജനയും ചെന്നൈയിൽ നിന്ന് വാളയാർ വരെ പോവുക, മകൾ ഭാര്യാസഹോദരൻ അഡ്വ. രാജീവിന്റെയും ഭാര്യ അഞ്ജുവിന്റെയും കൂടെ വാളയാർ വരെ വന്ന് അവിടെ വെച്ച് കുട്ടിയെ കൈമാറ്റം ചെയ്ത് ഞങ്ങൾ തിരിച്ചു ചെന്നൈയിലേക്ക് പോവുക എന്നതായിരുന്നു ഉദ്ദേശം. ഇതിനായി എന്തൊക്കെ ചെയ്യണം എന്ന് പഠിക്കാൻ തുടങ്ങി. കേരളത്തിൽ കയറിയാൽ സമ്പർക്ക വിലക്ക് നിർബന്ധമായും ഉള്ളതിനാൽ, അതിന് മുതിരാതെ, മകളെ തിരിച്ച് ചെന്നൈയിൽ എത്തിക്കാം എന്നതായിരുന്നു ആഗ്രഹം.

തമിഴ്നാട് തരുന്ന അന്തർസംസ്ഥാന പാസ്സിന് 4 ദിവസത്തെ കാലാവധി ഉള്ളതിനാൽ ആദ്യം അതിന് അപേക്ഷിച്ചു. മെയ് 6 മുതൽ മെയ് 9 വരെയുള്ള തീയതികൾക്കാണ് അപേക്ഷ നൽകിയത്. ഈ പാസ് ഉപയോഗിച്ച് സമയപരിധിക്കുള്ളിൽ തിരിച്ചു ചെന്നൈയിലേക്ക് വരാനും സാധിക്കും. മെയ് 3 -ന് നൽകിയ അപേക്ഷ തൊട്ടടുത്ത ദിവസം തന്നെ സ്വീകരിക്കപ്പെട്ടു. അതായത് ഞങ്ങൾക്ക് മെയ് ആറിന്റെയും ഒൻപതിന്റെയും ഇടയിൽ വാളയാർ വരെ പോയി തിരിച്ചു വരാം. ഇനി നാട്ടിൽ നിന്ന് മകൾക്ക് കേരളം വിടാനുള്ള പാസ് ആണ് വേണ്ടത്. അതിനു ആദ്യം ചെയ്യേണ്ടത് തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ഒരു ആരോഗ്യ പരിശോധന നടത്തി ഡോക്ടറുടെ സർട്ടിഫിക്കറ്റ് വാങ്ങണം എന്ന് സർക്കാർ സർവീസിലുള്ള സുഹൃത്ത് ഡോക്ടർ അശ്വിൻ പറഞ്ഞു. 6 -ന് അച്ഛനും അമ്മയും കൂടി നാട്ടിൽ നിന്ന് തൊട്ടടുത്ത ആരോഗ്യ കേന്ദ്രത്തിൽ പോയി, മകളുടെ പരിശോധന നടത്തി ഉടൻ തന്നെ ഡോക്ടർ സർട്ടിഫിക്കറ്റ് നൽകി. അതിന്റെ പകർപ്പ് അച്ഛൻ വാട്ട്സ്ആപ്പ് വഴി അയച്ചു തന്നപ്പോൾ സമയം ഉച്ചക്ക് 12 മണി. ഉടനെ തന്നെ കോവിഡ് 19 ജാഗ്രത സൈറ്റിൽ കയറി മകൾക്ക് 8 -ാം തീയതി യാത്ര ചെയ്യാനുള്ള അടിയന്തിര പാസ്സിന് അപേക്ഷ നൽകി. ഇത് ചെയ്യാൻ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർബന്ധമായും വേണം. മൂന്ന് മണിക്കൂറിനകം പാസ് അനുവദിച്ചതായി മെസ്സേജ് കിട്ടി.

ഇതേദിവസം തന്നെ ഭാര്യാസഹോദരൻ വാളയാർ വരെ വന്നു അതിർത്തി കടന്ന് കുട്ടിയെ കൈമാറാനായി തമിഴ്നാട് സൈറ്റിൽ കയറി ഇ പാസ്സിന് അപേക്ഷിച്ചു. തമിഴ് നാട്ടിലെ മലയാളികൾക്ക് വേണ്ടി ഉള്ള നോഡൽ ഓഫീസർ ആയ IAS ഉദ്യോഗസ്ഥനായ ജോണി ടോം വർഗീസ് സാറിന് പാസിന്റെ നമ്പർ കൈമാറി. അധികം വൈകാതെ തന്നെ തമിഴ് നാട് എൻട്രി പാസും തയ്യാറായി. ഇനി ബാക്കി ഉള്ളത് ഭാര്യാസഹോദരന് ലോക്കൽ സ്റ്റേഷനിൽ നിന്നുള്ള പാസ്സ് ആണ്. മകൾക്കു കിട്ടിയ അടിയന്തിര പാസ് കാണിച്ച് കുട്ടിയെ അതിർത്തിയിൽ വിടാനുള്ള പാസ്സ് ലോക്കൽ സ്റ്റേഷനിൽ നിന്ന് തയ്യാറാക്കി കിട്ടി.

അങ്ങനെ എട്ടാം തീയതി ഞങ്ങൾ അതിരാവിലെ നാലര മണിക്ക് ചെന്നൈയിൽ നിന്നും അവർ മൂന്ന് പേരും ആറരയോടെ കോഴിക്കോട്ട് നിന്നും യാത്ര തിരിച്ചു. ഭക്ഷണം ഒക്കെ ഉണ്ടാക്കി കാറിൽ സൂക്ഷിച്ചിട്ടാണ് യാത്ര. ഹൈവേയിൽ വാഹനങ്ങൾ വളരെ കുറവായതിനാൽ യാത്ര സുഖകരമായിരുന്നു. തമിഴ് നാട് പാസിന്റെ കോപ്പി കാറിന്റെ ചില്ലിൽ ഒട്ടിച്ചു വച്ചതിനാൽ മിക്ക സ്ഥലങ്ങളിലും പോലീസ് അത് പരിശോധിച്ച് കടത്തി വിട്ടു. രണ്ട് സ്ഥലങ്ങളിൽ ഞങ്ങൾ രണ്ടു പേരും ഇറങ്ങി ചെന്ന് താപനില പരിശോധനക്ക് വിധേയരാകേണ്ടി വന്നു. ഏകദേശം പതിനൊന്നരയോടെ ഞങ്ങൾ വാളയാർ എത്തി, കേരളത്തിൽ പ്രവേശിക്കാതെ വാഹനം കോയമ്പത്തൂർ ഭാഗത്തേക്ക് തിരിച്ച് തമിഴ്‌നാട് അതിർത്തിയിൽ തന്നെ നിന്നു. 

അധികം വൈകാതെ അവരുടെ വാഹനം അതിർത്തി കടന്നുവന്ന് തമിഴ്‌നാട് ചെക്ക് പോസ്റ്റിൽ നിർത്തി. ഭാര്യാസഹോദരന്റെ എൻട്രി പാസ് (2 യാത്രികർ) ഉപയോഗിച്ച് മകൾ അതിർത്തി കടക്കുന്നതായി തമിഴ്‌നാട് ഉദ്യോഗസ്ഥർ കണക്കാക്കി. അവിടെ ഇറങ്ങിയ മകൾക്ക് താപനില പരിശോധന നടത്തി. ഞങ്ങളോടൊപ്പം ചെന്നൈയിലേക്ക് പോവാൻ അനുമതി നൽകി. ഈ കാര്യങ്ങൾക്ക് എടുത്ത സമയം വെറും പത്ത് മിനിറ്റ് ആയിരുന്നു! നാട്ടിൽ നിന്ന് വന്ന വാഹനം അവിടെ വെച്ച് തിരിച്ചു കേരളത്തിലേക്ക് തന്നെ പോയി. വാളയാറിലെ കേരളത്തിന്റെ ചെക്ക്‌പോസ്റ്റിൽ ഭാര്യാസഹോദരൻ പൊലീസ് സ്റ്റേഷനിൽ നിന്ന് കിട്ടിയ പെർമിറ്റ് കാണിച്ചതോടെ അവരെ കടത്തിവിട്ടു. അപ്പോഴും കേരളത്തിന്റ അന്തർസംസ്ഥാന യാത്രാ പാസ് മാത്രം കിട്ടിയിട്ട് തമിഴ് നാട് പാസ് ഇല്ലാതെ വന്നിട്ട് തമിഴ്നാട് ഉദ്യോഗസ്ഥരോട് കയറ്റി വിടാൻ പറയുന്ന ഒരുപാട് മലയാളികളെ അവിടെ കാണാമായിരുന്നു.

ചെന്നൈയിലേക്ക് യാത്ര തുടർന്ന ഞങ്ങളെ ഏകദേശം അഞ്ച് ഇടങ്ങളിൽ തമിഴ്‌നാട് പൊലീസ് പാസ് പരിശോധന നടത്തി. എവിടെയും കാര്യമായ സമയനഷ്ടം ഉണ്ടായില്ല. ഏകദേശം ഏഴര മണിയോടെ ഞങ്ങൾ തിരിച്ച് ചെന്നൈയിൽ എത്തി. 1037 കിലോമീറ്റർ ദൂരം ആദ്യമായിട്ടായിരുന്നു ഒരു ദിവസത്തിനുള്ളിൽ കാർ ഓടിച്ചത്. റോഡുകളുടെ സാഹചര്യം മികച്ചതായത് കൊണ്ടും വാഹനങ്ങൾ കുറവായത് കൊണ്ടും വലിയ ക്ഷീണം തോന്നിയില്ല.

സർക്കാർ സംവിധാനങ്ങൾ വെറും നൂലാമാലകൾ നിറഞ്ഞതാണെന്നത് പലപ്പോഴും നമുക്ക് ഉണ്ടാവുന്ന ഒരു മിഥ്യാധാരണ ആണ്. സർക്കാർ നൽകുന്ന നിർദേശങ്ങൾ നമ്മൾ എപ്പോഴും കൃത്യമായി പാലിക്കുക. യാത്ര തുടങ്ങുന്നതിന് മുന്നേ എല്ലാ പാസുകളും ഉണ്ടെന്ന് ഉറപ്പു വരുത്തുക. പാസില്ലാതെ ഒരാൾ അതിർത്തിയിൽ വരുന്നത് കാര്യക്ഷമമായി പ്രവർത്തിക്കുന്ന ഓരോ ഉദ്യോഗസ്ഥർക്കും ഒരുപാട് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കും എന്നതും ഓർക്കുക. സർക്കാർ സംവിധാനവും ഉദ്യോഗസ്ഥരും നമ്മളെ പോലെ ഉള്ളവർക്ക് സഹായത്തിന് വേണ്ടി ഉള്ളതാണ്. അവരോട് സഹകരിക്കുക.

ഇത്ര ചുരുങ്ങിയ സമയത്തിനുള്ളിൽ മകളെ ഞങ്ങളോടൊപ്പം കൊണ്ട് വരാൻ കഴിയും എന്ന് ഒരിക്കലും വിചാരിച്ചതല്ല. ഇതിന് ഞങ്ങളെ സഹായിച്ച എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും ഞങ്ങളുടെ അഗാധമായ സ്നേഹവും നന്ദിയും രേഖപ്പെടുത്തുന്നു. വളരെ സുതാര്യമായ രീതിയിൽ പ്രവർത്തിക്കുന്ന കേരള തമിഴ്‌നാട് സർക്കാരുകൾക്കും അഭിനന്ദനങ്ങൾ.

click me!