
പാക്കിസ്താനില്‍ ആണ്‍കുഞ്ഞിനെ കിട്ടുമെന്ന് പറഞ്ഞ് ഗര്‍ഭിണിയുടെ തലയോട്ടിയില്‍ വ്യാജസിദ്ധന്‍ ആണി അടിച്ചിറക്കി. തലയില്‍ ആണി കേറിയതിനെ തുടര്‍ന്ന് രക്തം വാര്‍ന്നതിനെ തുടര്‍ന്ന് ഈ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തിര ശസ്ത്രക്രിയയിലൂടെ ഇവരുടെ തലയിലെ ആണി പിഴുതെടുത്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ആണി തറഞ്ഞുകേറിയ തലച്ചോറിന്റെ എക്‌സ്‌റേ ഇമേജ് സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് പാക് പൊലീസ് വ്യാജസിദ്ധനു വേണ്ടി വ്യാപക അന്വേഷണം ആരംഭിച്ചു.
പെഷവാറിലെ പ്രമുഖ ആശുപത്രിയിലാണ് കഴിഞ്ഞ ദിവസങ്ങളിലൊന്നില്‍ ഗുരുതരമായ അവസ്ഥയില്‍ സ്ത്രീയെ കൊണ്ടുവന്നത്. ഇവര്‍ ഗര്‍ഭിണിയായിരുന്നു. തലയില്‍നിന്നും ചോരവാര്‍ന്ന നിലയില്‍ അബോധാവസ്ഥയിലാണ് ഇവരെ കൊണ്ടുവന്നത് എന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് എക്‌സ് റേ എടുത്തപ്പോഴാണ് തലച്ചോറില്‍ ആണി തുളച്ചു കയറിയതായി മനസ്സിലായത്. ഇതിനു ശേഷം, ഡോക്ടര്‍മാര്‍ അടിയന്തിര ശസ്ത്രക്രിയ നടത്തി. ഇവരുടെ നില സുരക്ഷിതമായതിനെ തുടര്‍ന്ന് വീട്ടിലേക്ക് പറഞ്ഞയച്ചു.
താന്‍ തന്നെയാണ് തലയില്‍ ആണിയടിച്ചിറക്കിയത് എന്നാണ് ഈ സ്ത്രീ ആദ്യം ഡോക്ടര്‍മാരോട് പറഞ്ഞത്. പിന്നീടാണ്, സംഭവം അവര്‍ തുറന്നു പറഞ്ഞത്. മൂന്ന് പെണ്‍മക്കളുള്ള ഇവര്‍ ഈയടുത്താണ് വീണ്ടും ഗര്‍ഭിണിയായത്. അതോടെ, വിചിത്രമായ ഒരാവശ്യം ഭര്‍ത്താവ് മുന്നോട്ടുെവച്ചു. അടുത്തത് ഒരാണ്‍കുട്ടി ആവണം, അതും പെണ്ണായാല്‍ പിന്നെ വീട്ടില്‍ നിന്നിറക്കി വിടുകയും വിവാഹ മോചനം ചെയ്യുകയും ചെയ്യുമെന്നാണ് ഭര്‍ത്താവ് പറഞ്ഞതെന്നാണ് ഈ സ്ത്രീ ഡോക്ടര്‍മാരോട് പറഞ്ഞത്.
തുടര്‍ന്ന് സമീപത്തെ ഒരു സ്ത്രീ പറഞ്ഞതനുസരിച്ച്, മലയോര മേഖലയിലുള്ള ഒരു വ്യാജസിദ്ധന്റെ അടുത്തേക്ക് ഇവര്‍ പോയി. സിദ്ധന്റെ ചികില്‍സയിലൂടെ തനിക്ക് ആണ്‍കുട്ടി പിറന്നതായാണ് ഈ അയല്‍ക്കാരി പറഞ്ഞതത്രെ. ഇതു വിശ്വസിച്ച ഇവര്‍ ഈ വ്യാജ സിദ്ധനെ കാണാന്‍ പോയി. ആണ്‍കുട്ടി പിറക്കുന്നതിനായി അയാള്‍ മന്ത്രിച്ചൂതിയ ഒരാണി ഇവര്‍ക്ക് കൊടുത്തതായാണ് സ്ത്രീ പറയുന്നത്. വീട്ടില്‍ചെന്ന് അത് സ്വയം തലയില്‍ തറക്കാനാണ് ആവശ്യപ്പെട്ടതെങ്കിലും അതിനു ബുദ്ധിമുട്ടാണ് എന്നു പറഞ്ഞപ്പോള്‍ അയാള്‍ വീട്ടിലെത്തി തലയില്‍ ആണിയടിക്കുകയായിരുന്നുവെന്ന് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്ത്രീയുടെ തലച്ചോറിന്റെ എക്‌സ്‌റേ റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന്, പൊലീസ് സ്വമേധയാ കേസില്‍ ഇടപെട്ടു. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ്, നടന്ന സംഭവത്തെക്കുറിച്ച് യുവതി മൊഴി നല്‍കിയത്. തുടര്‍ന്ന് പൊലീസ് സംഭവം ഗൗരവമായി എടുക്കുകയും പ്രത്യേക അന്വേഷണ സംഘം രൂപവല്‍കരിക്കുകയും ചെയ്തു.
വ്യാജസിദ്ധനു വേണ്ടി വ്യാപകമായ തെരച്ചില്‍ നടത്തുന്നതായി പെഷവാര്‍ പൊലീസ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. വൈകാതെ ഇയാളെ കണ്ടെത്തുമെന്നാണ് കരുതുന്നത് എന്നാണ് അവര്‍ വ്യക്തമാക്കുന്നത്.