പ്ലസ്ടുക്കാരന്‍ ഡോക്ടര്‍; ആശുപത്രി മുതല്‍ സര്‍വ്വതും വ്യാജം; ഗര്‍ഭിണി മരിച്ച ആശുപതിയില്‍ കണ്ടത്

By Web TeamFirst Published Jan 9, 2023, 5:17 PM IST
Highlights

ആശുപത്രിയില്‍ ചികിത്സക്കായി എത്തിയ ഗര്‍ഭിണിയായ യുവതി മരണപ്പെട്ടു. ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് അന്വേഷണത്തിന് എത്തിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു.

ആശുപത്രിയില്‍ ചികിത്സക്കായി എത്തിയ ഗര്‍ഭിണിയായ യുവതി മരണപ്പെട്ടു. ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് അന്വേഷണത്തിന് എത്തിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു. ആശുപത്രി മുതല്‍ സകലതും വ്യാജം. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിലാണ് സംഭവം. ജീവനക്കാര്‍ ഉള്‍പ്പെടെ ആശുപത്രി വ്യാജമാണെന്ന് കണ്ടെത്തിയതോടെ പ്രാദേശിക ഭരണകൂടം ആശുപത്രി അടച്ചുപൂട്ടി സീല്‍ ചെയ്തു. ആശുപത്രിയുടെ ഉടമസ്ഥനായ രഞ്ജിത്ത് നിഷാദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. 

ചൊവ്വാഴ്ചയാണ് ഗോരഖ്പൂരിലെ ഗുല്‍രിഹ ഏരിയയിലെ സത്യം ആശുപത്രിയില്‍ ജെയിന്‍പൂര്‍ നിവാസിയായ സോനാവത് ദേവി എന്ന 30 -കാരിയായ ഗര്‍ഭിണി മരിച്ചത്. ഇതേ തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തുവന്നത്.  

അനധികൃതമായി  നിര്‍മ്മിച്ച ഒരു ഇരുനില കെട്ടിടത്തിലായിരുന്നു ഈ ആശുപത്രി പ്രവര്‍ത്തിച്ചു പോന്നിരുന്നത്. രണ്ടുനിലകളിലായി രോഗികളെ കിടത്തി ചികിത്സിക്കാന്‍ 10 ബെഡ്ഡുകള്‍ ഇവിടെ ഉണ്ടായിരുന്നു. ആശുപത്രിയുടെ ഉടമസ്ഥന്‍ തന്നെയായ രഞ്ജിത്ത് നിഷാദ് ആയിരുന്നു ഇവിടത്തെ പ്രധാന ഡോക്ടര്‍. എന്നാല്‍ പോലീസ് അന്വേഷണത്തില്‍ ഇയാള്‍ക്ക് വെറും പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമേയുള്ളൂ എന്ന് കണ്ടെത്തി. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തരപ്പെടുത്തിയായിരുന്നു ഇയാള്‍ ഹോസ്പിറ്റലില്‍ രജിസ്‌ട്രേഷന്‍ ചെയ്തത്. മരുന്നുകള്‍ കുറിച്ചു നല്‍കുന്നതിനും മറ്റുമായി വ്യാജ ലെറ്റര്‍ പാഡുകളും ഇയാള്‍ ഉപയോഗിച്ചു.

മുമ്പ് രണ്ടു തവണ മറ്റു രണ്ടുപേരുകളില്‍ ഇയാള്‍ ഇതേ ആശുപത്രി പ്രവര്‍ത്തിപ്പിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. രണ്ടുതവണയും ആശുപത്രിയുടെ നടത്തിപ്പ് അനധികൃതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രാദേശിക ഭരണകൂടം ഇത് അടച്ചുപൂട്ടിയിരുന്നു. എന്നാല്‍ മൂന്നാമതും ചില ഉദ്യോഗസ്ഥന്മാരുടെ സഹായത്തോടെ ആശുപത്രി മറ്റൊരു പേരില്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കുകയായിരുന്നു.


ആരോഗ്യവകുപ്പിലെ ചില ജീവനക്കാരുടെ സഹായത്തോടെയാണ് ഇത്രമാത്രം അനായാസമായി ഒരു വ്യാജ ഹോസ്പിറ്റല്‍ നടത്തിവന്നിരുന്നത് എന്നാണ് പോലീസ് പറയുന്നത്. ഇത്തരത്തില്‍ ഇയാള്‍ക്ക് സഹായം ചെയ്തു കൊടുത്തവര്‍ക്കെതിരെ നിയമപരമായ നടപടികളും വകുപ്പ് തല നടപടിയും സ്വീകരിക്കാന്‍ പോലീസ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് (സിഎംഒ) കത്ത് നല്‍കിയിട്ടുണ്ട്.

പ്രതിക്കെതിരെ ഗുണ്ടാ നിയമം ചുമത്തുമെന്നും ഇയാളുടെ സ്വത്ത് കണ്ടുകെട്ടാന്‍ ജില്ലാ മജിസ്ട്രേറ്റിന് അപ്പീല്‍ നല്‍കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇനിയും ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ രജിസ്റ്റര്‍ ചെയ്ത ആശുപത്രികള്‍, ഡയഗ്‌നോസ്റ്റിക് സെന്ററുകള്‍, പാത്തോളജി സെന്ററുകള്‍ തുടങ്ങിയവയെ കുറിച്ച് മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കണമെന്നും ആരോഗ്യ വിഭാഗം മേധാവിക്ക് പോലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 

click me!