മ്യൂസിയത്തിൽ ഒളിച്ചു താമസിച്ച് കുടുംബം, അകത്ത് തോക്കുകളും കഞ്ചാവും

By Web TeamFirst Published Jul 14, 2022, 2:46 PM IST
Highlights

സ്ഥലത്തെത്തിയ പൊലീസ് ദമ്പതികളുടെ മൂത്ത മകളെ ചോദ്യം ചെയ്തു. അവൾക്ക് നാല് വയസ്സായിരുന്നു. തങ്ങൾ ഇവിടെയാണ് താമസിക്കുന്നതെന്ന് അവൾ പൊലീസിനോട് പറഞ്ഞു. എന്നാൽ കാൽഹൂൺ ഇത് നിഷേധിച്ചു. പക്ഷേ, പൊലീസ് മ്യൂസിയം മുഴുവൻ പരിശോധിക്കാൻ തീരുമാനിച്ചു.

യുഎസ്സിലെ ഒരു മ്യൂസിയത്തിൽ ഒളിച്ചു താമസിച്ച ഒരു കുടുംബത്തെ പൊലീസ് പിടിച്ചു. കാർസൺ സിറ്റിയിലെ നോർത്തേൺ നെവാഡ ചിൽഡ്രൻസ് മ്യൂസിയത്തിലെ കാവൽക്കാരനാണ് തന്റെ ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം കെട്ടിടത്തിനുള്ളിൽ രഹസ്യമായി ഒളിച്ച് താമസിച്ചത്. മ്യൂസിയത്തിലെ മാനേജർ കൂടിയാണ് അയാളുടെ ഭാര്യ. അയാളുടെ പക്കൽ എകെ 47 അടക്കമുള്ള നിരവധി ആയുധങ്ങളുമുണ്ടായിരുന്നു.

സംഭവത്തിന് പിന്നാലെ 41 -കാരനായ വിൽബർട്ട് കാൽഹൂണിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാൽഹൂണിനെതിരെ കുട്ടികളെ അവഗണിക്കൽ, അപായപ്പെടുത്തൽ, തോക്കുകൾ കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഒരു മുറിയിൽ നിന്ന് എകെ 47, കൈത്തോക്കുകൾ, കത്തികൾ, കഞ്ചാവ് എന്നിവ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച അവരുടെ ഇളയ മകനായ രണ്ട് വയസ്സുകാരൻ മ്യൂസിയം പരിസരത്ത് ഒറ്റയ്ക്ക് അലഞ്ഞു തിരിയുന്നത് കണ്ട ഒരാൾ ആ വിവരം ഷെരീഫിന്റെ ഓഫീസിനെ അറിയിച്ചു. ഇതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. 

സ്ഥലത്തെത്തിയ പൊലീസ് ദമ്പതികളുടെ മൂത്ത മകളെ ചോദ്യം ചെയ്തു. അവൾക്ക് നാല് വയസ്സായിരുന്നു. തങ്ങൾ ഇവിടെയാണ് താമസിക്കുന്നതെന്ന് അവൾ പൊലീസിനോട് പറഞ്ഞു. എന്നാൽ കാൽഹൂൺ ഇത് നിഷേധിച്ചു. പക്ഷേ, പൊലീസ് മ്യൂസിയം മുഴുവൻ പരിശോധിക്കാൻ തീരുമാനിച്ചു. പരിശോധനയിൽ, ഉപയോഗിക്കാത്ത മുറികളിൽ ആളുകൾ താമസിക്കുന്നതിന്റെ വ്യക്തമായ തെളിവുകൾ പൊലീസിന് ലഭിച്ചു. അവിടെ മെത്തകളും, സ്ലീപ്പിംഗ് ബാഗുകളും വസ്ത്രങ്ങളും മറ്റും പൊലീസ് കണ്ടെത്തി.

എന്നാൽ, മുൻപും പലതവണ ഇളയ കുട്ടി അവിടെ അലഞ്ഞു തിരിയുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. എന്നാൽ അന്നൊക്കെ കാൽഹൂൺ എന്തെങ്കിലുമൊക്കെ ഒഴിവ് കഴിവുകൾ പറഞ്ഞു തടിതപ്പുമായിരുന്നു. എന്നാൽ ഇപ്രാവശ്യം മൂത്ത കുട്ടിയോട് വീടിന്റെ മേൽവിലാസം ചോദിച്ചപ്പോൾ മ്യൂസിയത്തിന്റെ മേൽവിലാസമാണ് നൽകിയത്. ഇവിടെയാണ് താനും കുടുംബവും താമസിക്കുന്നതെന്ന് അവൾ പറയുകയും കൂടി ചെയ്തതോടെ പൊലീസിന് കാര്യം പിടികിട്ടി.

അടുത്തകാലത്തായിരിക്കാം അവർ ഇവിടേയ്ക്ക് താമസം മാറിയതെന്ന് മ്യൂസിയം അധികൃതർ പറഞ്ഞു. എന്നാൽ, പേര് വെളിപ്പെടുത്താത്ത ഒരു മുൻ ജീവനക്കാരൻ പറഞ്ഞത് അവർ ഏകദേശം ഒരു വർഷമായി ഇവിടെ ഒളിച്ചു താമസിക്കുകയായിരുന്നു എന്നാണ്. മുൻ ജീവനക്കാരൻ പറയുന്നതനുസരിച്ച്, കാൽഹൂണിനെയും ഭാര്യയെയും അവരുടെ അപ്പാർട്ട്മെന്റിൽ നിന്ന് പുറത്താക്കി. തുടർന്ന് മ്യൂസിയത്തിൽ അവർ ഒളിച്ച് കഴിയുകയായിരുന്നു. അതുപോലെ തന്നെ മ്യൂസിയം പരിസത്ത് പാതിരാത്രിയിലും ചിലപ്പോൾ ലൈറ്റുകൾ കത്തിക്കിടക്കാറുണ്ടെന്നും ഒരു അയൽവാസി പറഞ്ഞു. എന്തായാലും ഇപ്പോൾ ഇരുവരെയും മ്യൂസിയം അധികാരികൾ ജോലിയിൽ നിന്ന് പുറത്താക്കി. പുതിയ മാനേജരെ കണ്ടെത്തുന്നതുവരെ മ്യൂസിയം അടച്ചിട്ടിരിക്കുകയാണ്.  

click me!