ഭര്‍ത്താവിന് പ്രതിമാസം 25,000 രൂപ ജീവനാംശം നല്‍കാന്‍ ഭാര്യയോട് കുടുംബകോടതി!

Published : Jul 02, 2022, 04:44 PM IST
 ഭര്‍ത്താവിന് പ്രതിമാസം 25,000 രൂപ ജീവനാംശം  നല്‍കാന്‍ ഭാര്യയോട് കുടുംബകോടതി!

Synopsis

താന്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഡയറക്ടറാണെന്നും ഭാര്യ തന്നെ നിരന്തരം പീഡിപ്പിക്കുന്നുവെന്നുമാണ് ഹര്‍ജിക്കാരന്‍ കോടതിയില്‍ അവകാശപ്പെട്ടത്. ഭാര്യയാകട്ടെ ആ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രസിഡന്റും. 

കുടുംബ കോടതികളില്‍ വിവാഹ മോചന വേളയില്‍ സ്ത്രീകള്‍ക്ക് ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ലഭിക്കുന്നത് നമ്മള്‍ കേട്ടിട്ടുണ്ടാകും. എന്നാല്‍ തിരിച്ച സംഭവിക്കുന്നത് അപൂര്‍വ്വമാണ്. അങ്ങനെയൊരു സംഭവം കഴിഞ്ഞ ദിവസം ഇന്ത്യയില്‍ നടന്നു. 

പൂനെയിലെ ഒരു കുടുംബ കോടതിയാണ് വിവാഹ മോചന സമയത്ത് ഒരു സ്ത്രീയോട് ജോലിയില്ലാത്ത, സ്ഥിര വരുമാനമില്ലാത്ത ഭര്‍ത്താവിന് പ്രതിമാസം 25,000 രൂപ ജീവനാംശം നല്‍കാന്‍ നിര്‍ദ്ദേശിച്ചത്. ഭാര്യക്ക് 83 ഉം, ഭര്‍ത്താവിന് 78 ഉം ആണ് പ്രായം. 

പൂനെയിലാണ് സംഭവം. നീണ്ട നാല് വര്‍ഷത്തെ നിയമ പോരാട്ടത്തിന് ഒടുവിലാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്.  കുടുംബകോടതി ജഡ്ജി രാഘവേന്ദ്ര ആരാധ്യയാണ് വിധി പ്രസ്താവിച്ചത്.

1964 -ലാണ് ദമ്പതികള്‍ വിവാഹിതരായത്. 54 വര്‍ഷത്തെ വിവാഹജീവിതം. ഒടുവില്‍ 2018 -ല്‍ ഭര്‍ത്താവ് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു.  വിവാഹമോചനം മാത്രമല്ല അദ്ദേഹം ആവശ്യപ്പെട്ടത്, ജീവനാംശം കൂടിയാണ്. താന്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഡയറക്ടറാണെന്നും ഭാര്യ തന്നെ നിരന്തരം പീഡിപ്പിക്കുന്നുവെന്നുമാണ് ഹര്‍ജിക്കാരന്‍ കോടതിയില്‍ അവകാശപ്പെട്ടത്. ഭാര്യയാകട്ടെ ആ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രസിഡന്റും. 

ഇവര്‍ക്ക് വിവാഹിതരായ രണ്ട് പെണ്‍മക്കളുമുണ്ട്. വിദ്യാഭ്യാസ സ്ഥാപനവും, വീടും വിട്ട് പുറത്ത് പോകണമെന്ന് ഭാര്യ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നതായി ഹര്‍ജിക്കാരന്‍ കോടതിയില്‍ പരാതിപ്പെട്ടു. എന്നാല്‍ ഭാര്യയ്ക്ക് ഒരിക്കല്‍ അസുഖം വന്നപ്പോള്‍, താനാണ് അവളെ പരിചരിച്ചിരുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ കിടക്ക വിട്ട് എഴുന്നേറ്റ അവള്‍ വീണ്ടും പഴയ സ്വഭാവം കാണിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ആരോഗ്യം വീണ്ടെടുത്ത അവള്‍ വീണ്ടും തന്നെ ഉപദ്രവിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം തുറന്ന് പറഞ്ഞു.

അതേസമയം താന്‍ ഒരു രോഗിയാണെന്നും അദ്ദേഹം പറയുന്നു. പ്രമേഹവും ഹൃദ്രോഗവും മൂലം ബുദ്ധിമുട്ടുന്ന അദ്ദേഹത്തോട് സമയത്ത് ആഹാരം കഴിക്കാനും കൃത്യസമയത്ത് മരുന്ന് കഴിക്കാനും ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ തനിക്ക് തന്റെ ആരോഗ്യം നോക്കിയേ മതിയാകൂ എന്ന അവസ്ഥയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. 

വീട്ടില്‍ നിന്ന് ആഹാരം കഴിക്കുന്നതില്‍ നിന്ന് ഭാര്യ വിലക്കിയെന്നും ഇയാള്‍ അവകാശപ്പെട്ടു. ഭാര്യയുടെ ഈ പീഡനങ്ങളില്‍ മനംനൊന്താണ് ഒടുവില്‍ താന്‍ 2018 -ല്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയതെന്നും ഹരജിക്കാരന്‍ പറഞ്ഞു. ഇരുവര്‍ക്കും വിവാഹേതര ബന്ധമുണ്ടെന്നും അവര്‍ പരസ്പരം ആരോപിക്കുന്നു. 

അദ്ദേഹത്തിന് വേണ്ടി കോടതിയില്‍ ഹാജരായത് അഭിഭാഷക വൈശാലി ചന്ദനയാണ്. ഭര്‍ത്താവിന് വരുമാനമാര്‍ഗം ഇല്ലാതിരിക്കുകയും ഭാര്യ സമ്പാദിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, ഭര്‍ത്താവിന് ജീവനാംശത്തിനായി അപേക്ഷ നല്‍കാമെന്ന് അവര്‍ പറഞ്ഞു. 1955-ലെ ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 24 പ്രകാരം ഇത് അനുവദനീയമാണെന്നും അഭിഭാഷക കൂട്ടിച്ചേര്‍ത്തു. അതുപ്രകാരമാണ് ഇപ്പോള്‍ മാസം 25,000 രൂപ ജീവനാംശമായി ഭര്‍ത്താവിന് നല്‍കാന്‍ വിധിയായത്. 


 

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ