Sessho Seki : പാറയിൽ ദുഷ്ടശക്തി കുടികൊള്ളുന്നുവെന്ന് വിശ്വാസം, പാറ പിളർന്നതോടെ ഭയം!

Published : Mar 09, 2022, 02:17 PM IST
Sessho Seki : പാറയിൽ ദുഷ്ടശക്തി കുടികൊള്ളുന്നുവെന്ന് വിശ്വാസം, പാറ പിളർന്നതോടെ ഭയം!

Synopsis

വർഷങ്ങൾക്ക് മുമ്പ് പാറയിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മഴവെള്ളം ഒലിച്ചിറങ്ങിയതിനെ തുടർന്ന് ഇത് രണ്ടായി പിളർന്നതാണെന്ന് വിദഗ്ധർ അനുമാനിക്കുന്നു.

വിവിധ അന്ധവിശ്വാസങ്ങൾക്കും, കഥകൾക്കും പേരുകേട്ട ജപ്പാനിലെ ഒരു പ്രശസ്തമായ അഗ്നിപർവ്വത പാറ രണ്ടായി പിളർന്നു. ഇതോടെ പ്രാദേശിക, ദേശീയ സർക്കാരുകൾ അടിയന്തര യോഗം വിളിച്ചിരിക്കയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആ പാറയിൽ ഒരു ദുഷ്ടശക്തി കുടികൊള്ളുന്നുവെന്നാണ് നാട്ടുകാരുടെ വിശ്വാസം. ഇപ്പോൾ പാറ രണ്ടായി പിളർന്നതോടെ ആ ദുഷ്ടശക്തി പുറത്ത് ചാടിയോ എന്ന ഭീതിയിലാണ് നാട്ടുകാർ. ഈ വാരാന്ത്യത്തിൽ സ്ഥലം സന്ദർശിക്കാൻ എത്തിയ ആളുകളാണ് പാറ പകുതിയായി പിളർന്നത് കണ്ട് പരിഭ്രാന്തരായത്.  

ടോക്കിയോയിലെ ടോച്ചിഗി മേഖലയിലെ നാസു അഗ്നിപർവ്വത പർവതങ്ങളിലുള്ള ഒരു കൂറ്റൻ പാറയാണ് 'സെസ്ഷോ-സെക്കി'(Sessho Seki). ഇതിനെ 'കില്ലിംഗ് സ്റ്റോൺ'(killing stone) എന്നും വിളിക്കുന്നു. മാർച്ച് അഞ്ചിനാണ് അത് രണ്ടായി പിളർന്നത്. ഒരു കല്ല് പിളരുന്നതിലെന്താണ് ഇത്ര വലിയ കാര്യം എന്ന് ചിന്തിക്കുന്നുണ്ടാകും? അവിടത്തെ നാട്ടുകാരെ സംബന്ധിച്ചിടത്തോളം, അത് വെറും പാറയല്ല, നൂറ്റാണ്ടുകളായുള്ള വിശ്വാസമാണ്. ആയിരം  വർഷങ്ങളായി ഈ കല്ല് ഒരു പൈശാചിക ശക്തിയുടെ വാസസ്ഥാനമായി കരുതപ്പെടുന്നു. ഈ കല്ലിനെ ചുറ്റിപ്പറ്റിയുള്ള ഐതിഹ്യം വിചിത്രമാണ്, ഇത് പലരെയും ഭയപ്പെടുത്തിയിട്ടുമുണ്ട്. സമീപമെത്തിയ ആരെയും ഈ കല്ല് കൊല്ലുമെന്നതാണ് അതിൽ ഏറ്റവും പ്രചാരത്തിലുള്ള വിശ്വാസം. ജാപ്പനീസ് ഐതിഹ്യമനുസരിച്ച്, തമാമോ-നോ-മേ എന്ന സുന്ദരിയായ ഒരു സ്ത്രീയുടെ രൂപമെടുത്ത ഒമ്പത് വാലുള്ള കുറുക്കന്റെ ആത്മാവ് അതിലുണ്ട്. 1107 മുതൽ 1123 വരെ ജപ്പാൻ ഭരിച്ചിരുന്ന ടോബ ചക്രവർത്തിയെ കൊല്ലാനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടായിരുന്നു തമാമോ-നോ-മേ രൂപം കൊണ്ടത് എന്നാണ് ഐതിഹ്യം.  

യുദ്ധത്തിൽ അവളെ ഒരു യോദ്ധാവ് കൊന്നുവെന്നും, അതിനുശേഷം അവളുടെ ആത്മാവ് ഈ കല്ലായി മാറിയെന്നുമാണ് കഥ. ഒരു ബുദ്ധസന്യാസി ഈ കല്ലിലെ ഭൂതത്തെ ഉച്ചാടനം ചെയ്തുവെന്നും മറ്റൊരു ജനപ്രിയ ഐതിഹ്യം പറയുന്നു. എന്നാൽ, പാറ പിളരാനുള്ള ഏറ്റവും സാധാരണമായ വിശദീകരണം സ്വാഭാവിക കാലാവസ്ഥയായിരിക്കാം എന്നതാണ്. വർഷങ്ങൾക്ക് മുമ്പ് പാറയിൽ വിള്ളലുകൾ പ്രത്യക്ഷപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മഴവെള്ളം ഒലിച്ചിറങ്ങിയതിനെ തുടർന്ന് ഇത് രണ്ടായി പിളർന്നതാണെന്ന് വിദഗ്ധർ അനുമാനിക്കുന്നു. 1957 -ൽ ഈ കല്ല് ഒരു പ്രാദേശിക ചരിത്ര സ്ഥലമായി രജിസ്റ്റർ ചെയ്യപ്പെട്ടു.  

ജാപ്പനീസ് വാർത്താ വെബ്‌സൈറ്റ് യോമിയുരി ഷിംബുൻ നാസു ടൗൺ ടൂറിസ്റ്റ് ഇൻഫർമേഷൻ സെന്ററുമായി ബന്ധപ്പെട്ടപ്പോൾ, പാറ പിളർന്നതായി അവർ സ്ഥിരീകരിക്കുകയും മഴയും തണുത്തുറഞ്ഞ കാലാവസ്ഥയും കാരണമാണ് അത് വിണ്ടുകീറിയതെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ, ഓൺലൈനിൽ നിരവധി ഐതിഹ്യങ്ങളും സിദ്ധാന്തങ്ങളും ആളുകൾ പങ്കിടുകയാണ്. സംഭവസ്ഥലം സന്ദർശിച്ച പ്രദേശവാസികൾ ആശങ്ക പ്രകടിപ്പിക്കുകയും നിരവധി പേർ ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇതിനെ തുടർന്ന് പല പേടിപ്പിക്കുന്ന കഥകളും, സിദ്ധാന്തങ്ങളും ഓൺലൈനിൽ വ്യാപിക്കുന്നു.    

PREV
Read more Articles on
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ