പന്നി കർഷകന് സംഭവിച്ച അബദ്ധം, 10 മണിക്കൂർ നാട്ടിൽ മൊത്തം വൈദ്യുതി പോയി!

Published : Feb 08, 2026, 04:33 PM IST
pigs

Synopsis

ചൈനയിൽ അറവുശാലയിലേക്ക് പന്നിയെ എത്തിക്കാൻ ഡ്രോൺ ഉപയോഗിച്ച കർഷകന് അബദ്ധം പറ്റി. ഡ്രോണിന്റെ കയർ ഹൈ-വോൾട്ടേജ് ലൈനിൽ കുടുങ്ങിയതോടെ ഗ്രാമത്തിൽ 10 മണിക്കൂറോളം വൈദ്യുതി തടസ്സപ്പെട്ടു. 

പന്നി കർഷകന് സംഭവിച്ച അബദ്ധം, 10 മണിക്കൂർ നാട് മൊത്തം ഇരുട്ടിലായി!

പന്നിയെ അറവുശാലയിലേക്ക് മാറ്റാൻ ഡ്രോൺ ഉപയോഗിച്ച കർഷകന്റെ സാഹസം ഒടുവിൽ അവസാനിച്ചത് വലിയൊരു അപകടത്തിൽ. ചൈനയിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ സിച്ചുമാനിലെ തോങ്‌ജിയാങ് കൗണ്ടിയിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. കർഷകന്റെ പരീക്ഷണം പാളിയതോടെ പന്നി ആകാശത്ത് തൂങ്ങിക്കിടന്നത് പത്ത് മണിക്കൂറോളമാണ്. ഇതേത്തുടർന്ന് ഗ്രാമത്തിലുടനീളം വൈദ്യുതി ബന്ധവും തടസ്സപ്പെട്ടു.

ജനുവരി 24 -ന് പുലർച്ചെയായിരുന്നു സംഭവം. മലയോര മേഖലയിൽ താമസിക്കുന്ന കർഷകന് തന്റെ പന്നികളെ താഴെയുള്ള അറവുശാലയിലേക്ക് എത്തിക്കേണ്ടിയിരുന്നു. റോഡ് സൗകര്യം കുറവായതിനാൽ പന്നികളെ വാഹനത്തിൽ കൊണ്ടുപോകുന്നത് പ്രായോഗികമായിരുന്നില്ല. ഇതിനൊരു പരിഹാരമായാണ് അദ്ദേഹം ഡ്രോണിന്റെ സഹായം തേടിയത്.

പന്നിയെ കെട്ടി ഡ്രോൺ ഉപയോഗിച്ച് താഴേക്ക് എത്തിക്കുന്നതിനിടെ, കയർ അബദ്ധത്തിൽ ഹൈ-വോൾട്ടേജ് വൈദ്യുതി ലൈനിൽ കുടുങ്ങുകയായിരുന്നു. പുലർച്ചെ വെളിച്ചം കുറവായതിനാൽ വൈദ്യുതി ലൈൻ ശ്രദ്ധയിൽപ്പെട്ടില്ലെന്ന് കർഷകൻ പറഞ്ഞു. ഇതോടെ പന്നി വായുവിൽ തൂങ്ങിക്കിടക്കുന്ന നിലയിലായി.

അപകടത്തെത്തുടർന്ന് ഗ്രാമത്തിൽ 10 മണിക്കൂറോളം വൈദ്യുതി ബന്ധം നിലച്ചു. വൈദ്യുതി വകുപ്പിലെ പന്ത്രണ്ടോളം ജീവനക്കാർ സ്ഥലത്തെത്തി കഠിനപ്രയത്നം നടത്തിയാണ് വൈകുന്നേരം 5 മണിയോടെ ഒടുവിൽ വൈദ്യുതി പുനഃസ്ഥാപിച്ചത്. അറ്റകുറ്റപ്പണികൾക്കായി ഏകദേശം 10,000 യുവാൻ (ഏകദേശം 1.15 ലക്ഷം രൂപ) ചെലവായതായി പ്രാദേശിക വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

സംഭവത്തിൽ കർഷകനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്രോൺ പറത്താൻ അനുവാദമില്ലാത്ത മേഖലയിൽ (No-fly zone) ഡ്രോൺ ഉപയോഗിച്ചതും, ഡ്രോണിന് താങ്ങാനാവുന്നതിലും അധികം ഭാരം കയറ്റിയതും നിയമലംഘനമാണെന്ന് പോലീസ് കണ്ടെത്തി. കുറ്റം തെളിയിക്കപ്പെട്ടാൽ കർഷകൻ വലിയ തുക പിഴയൊടുക്കേണ്ടി വരും. കൂടാതെ വൈദ്യുതി ഉപകരണങ്ങൾക്കുണ്ടായ കേടുപാടുകൾക്ക് നഷ്ടപരിഹാരവും നൽകേണ്ടി വരുമെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

 

PREV
Read more Articles on
click me!

Recommended Stories

മകന് ഷൂസ് ധരിപ്പിച്ചപ്പോൾ മാറിപ്പോയി, പിന്നാലെ ഞെട്ടിക്കുന്ന തിരിച്ചറിവ്; കാഴ്ചപരിമിതിയുള്ള യുവാവിന്റെ അതിജീവനം ഇങ്ങനെ
12 ലക്ഷം രൂപയുടെ സ്വർണ്ണം ചവറ്റുകുട്ടയിലേക്കെറിഞ്ഞു, പരാതി പോലും കൊടുത്തില്ല, ദുബായ് പൊലീസിന്റെ കാര്യക്ഷമത, തിരികെ കിട്ടി