
23 വർഷത്തോളം യുഎഇയിൽ താമസിച്ച ശേഷം 2021 -ൽ ഇന്ത്യയിലേക്ക് മടങ്ങിയ കാമിനി കണ്ണൻ എന്ന ഇന്ത്യക്കാരി, കഴിഞ്ഞ ജനുവരിയിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാനാണ് വീണ്ടും ദുബായിൽ എത്തിയത്. സ്വർണ്ണവില ഉയരുന്ന സാഹചര്യത്തിൽ, തന്റെ പക്കലുള്ള സ്വർണ്ണത്തിന്റെ മൂല്യം പരിശോധിക്കാനായി അവർ അത് പുറത്തെടുത്തു. വർഷങ്ങളായി ഉപയോഗിച്ചിരുന്ന സ്വർണം സൂക്ഷിച്ചിരുന്ന പൗച്ച് കീറിത്തുടങ്ങിയത് ശ്രദ്ധയിൽപ്പെട്ട അവർ, നാല് സ്വർണ്ണ നാണയങ്ങളും ഒരു സ്വർണ്ണ ബിസ്ക്കറ്റും മറ്റൊരു പുതിയ പൗച്ചിലേക്ക് മാറ്റി ഡൈനിംഗ് ടേബിളിൽ വെച്ചു.
ഫെബ്രുവരി 1-ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ആ വലിയ അബദ്ധം സംഭവിച്ചത്. വീട് വൃത്തിയാക്കുന്നതിനിടയിൽ പാഴ്വസ്തുവാണെന്ന് കരുതി കാമിനിയുടെ മകൻ ആ പൗച്ച് അബദ്ധത്തിൽ ചവറ്റുകുട്ടയിലേക്ക് എറിഞ്ഞു. ഏകദേശം 12.35 ലക്ഷം രൂപ (50,000 ദിർഹം) വിലമതിക്കുന്ന ആ സ്വർണം പോയത് മാലിന്യക്കൂമ്പാരത്തിലേക്കാണെന്ന് അറിഞ്ഞതോടെ കുടുംബം വലിയ നിരാശയിലായി. പക്ഷെ അത് തിരികെ കിട്ടില്ലെന്ന് ഉറച്ചുവിശ്വസിച്ച അവർ പോലീസിൽ പരാതിയും നൽകിയില്ല.
എന്നാൽ മൂന്ന് ദിവസത്തിന് ശേഷം ഒരു അപ്രതീക്ഷിത സന്ദേശം അവരെ തേടിയെത്തി. മാലിന്യം ശേഖരിക്കുന്ന ഒരു തൊഴിലാളിക്ക് ഈ സ്വർണം ലഭിച്ചിരുന്നു. അയാൾ അത് വിൽക്കാനായി ദുബായ് 'ഗോൾഡ് സൂക്കി'ൽ എത്തിയപ്പോൾ പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയും അവർ അദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തു. മാലിന്യത്തിൽ നിന്ന് ലഭിച്ചതാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയതോടെ, ദുബായ് അധികൃതരുടെ പക്കലുള്ള അത്യാധുനിക വേസ്റ്റ് ട്രാക്കിംഗ് സംവിധാനം വഴി ആ മാലിന്യസഞ്ചി ഏത് കെട്ടിടത്തിൽ നിന്നാണ് വന്നതെന്ന് പോലീസ് കൃത്യമായി കണ്ടെത്തി.
ഫെബ്രുവരി 4-ന് കാമിനിയുടെ മകൻ അഭിമന്യുവിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. സ്വർണ്ണത്തിന്റെ ഫോട്ടോകളും രസീതുകളും പരിശോധിച്ച് ഉടമസ്ഥാവകാശം ഉറപ്പുവരുത്തിയ ശേഷം പോലീസ് സ്വർണം തിരികെ നൽകി. ദുബായ് പോലീസിന്റെ കാര്യക്ഷമമായ ഇടപെടലിന് കുടുംബം നന്ദി പറയുകയാണ് ഇപ്പോൾ.