'ആ കുഞ്ഞു മോളെ ഒരു കരയ്‌ക്കെത്തിക്കാനാണ് അവർ ഇങ്ങനെ ഒരു യാത്ര പോയത്...'

By Web TeamFirst Published Jun 27, 2019, 12:33 PM IST
Highlights

അമേരിക്കൻ സ്വപ്നവും നെഞ്ചിലേന്തിക്കൊണ്ട് ആ കുടുംബം അതി സാഹസികമായി താണ്ടി വന്നത് ഏതാണ് ആയിരം മൈലോളം ദൂരമാണ്. എങ്ങനെയുമൊന്ന് അമേരിക്കൻ മണ്ണിലെത്തിക്കിട്ടണം. പിന്നെ വല്ലവിധേനയും അഭയത്തിന് അപേക്ഷിക്കാം, കിട്ടാതിരിക്കില്ല. 

അഭയാര്‍ത്ഥി ജീവിതങ്ങള്‍ക്ക് ആര്‍ക്കും കാണാനാവാത്ത അതിജീവനത്തിന്‍റെ കഥകള്‍ പറയുവാനുണ്ടാകും. ജീവിതം എവിടെയെങ്കിലും ഒന്നെത്തിക്കാനാണ് പലരും ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് അഭയം തേടിച്ചെല്ലുന്നത്. അതിനര്‍ത്ഥം അവര്‍ക്ക് അവകാശങ്ങളില്ലാതെയാവുന്നു എന്നുമല്ല. അമേരിക്കയില്‍ നിന്ന് പുറത്തുവന്ന ഈ അച്ഛന്‍റേയും മകളുടേയും ചിത്രം അവരുടെ ദുരിതങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. 

വലേറിയ ഒരു മിടുക്കിക്കുട്ടിയായിരുന്നു. വയസ്സ് രണ്ടു തികഞ്ഞിരുന്നില്ലെങ്കിലും  ആ കുസൃതിക്കുടുക്ക കൈ വെക്കാത്ത ഒന്നുമുണ്ടായിരുന്നില്ല.  പാട്ടുപാടാൻ, ഡാൻസ് ചെയ്യാൻ, അവളുടെ ടെഡി ബിയേഴ്‌സിന്റെ കൂടെ കളിക്കാൻ, അമ്മയുടെ മുടി ചീകിക്കെട്ടാൻ ഒക്കെ അവൾക്ക് ഇഷ്ടമായിരുന്നു. അവളുടെ അച്ഛന്റെ പേര്  ഓസ്കാർ ആൽബർട്ടോ മാർട്ടിനെസ് റാമിറെസ്‌ എന്നായിരുന്നു. കഠിനാദ്ധ്വാനിയായിരുന്നു അയാൾ. ഒരു നിമിഷം പാഴാക്കാതെ കുടുംബത്തിനു വേണ്ടി കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരാൾ. എൽസാൽവദോറിൽ നിന്നാൽ തന്റെ കുടുംബത്തിന് ഒരു അഭ്യുദയമുണ്ടാവാൻ പോവുന്നില്ലെന്ന് അയാൾ കരുതി. അതുകൊണ്ടായാള്‍ തന്റെ മോട്ടോർ സൈക്കിൾ വിറ്റും, പരിചയക്കാരിൽനിന്നൊക്കെ കടം വാങ്ങിയും പണം സ്വരൂപിച്ചു. അമേരിക്കയിൽ പോവണം. ഏതുവിധേനയും അവിടെയെത്തി, എല്ലുമുറിയെ പണിയെടുത്ത്, തന്റെ മകളെ നന്നായി പഠിപ്പിക്കണം. ഭാര്യ വനേസ്സയെ പൊന്നുപോലെ നോക്കണം. പറ്റുമെങ്കിൽ ഒരു കൊച്ചു വീടുവാങ്ങി അവിടെത്തന്നെ സ്ഥിരതാമസമാക്കണം. അങ്ങനെ, സ്വപ്‌നങ്ങൾ പലതായിരുന്നു ആ കൊച്ചുകുടുംബത്തിന്റെ. 

"ആ കുഞ്ഞു മോളെ ഒരു കരയ്‌ക്കെത്തിക്കാനാണ് അവർ ഇങ്ങനെ ഒരു റിസ്കെടുത്ത് പോയത്..." വനെസ്സയുടെ അമ്മ വാഷിംഗ്ടൺ പോസ്റ്റിനോട് പറഞ്ഞു. 

അമേരിക്കൻ സ്വപ്നവും നെഞ്ചിലേന്തിക്കൊണ്ട് ആ കുടുംബം അതി സാഹസികമായി താണ്ടി വന്നത് ഏതാണ്ട് ആയിരം മൈലോളം ദൂരമാണ്. എങ്ങനെയുമൊന്ന് അമേരിക്കൻ മണ്ണിലെത്തിക്കിട്ടണം. പിന്നെ വല്ലവിധേനയും അഭയത്തിന് അപേക്ഷിക്കാം, കിട്ടാതിരിക്കില്ല. എൽസാൽവദോർ അടക്കമുള്ള മധ്യഅമേരിക്കൻ രാജ്യങ്ങളിൽ പലതും അക്രമത്തിന്റെയും ഗാങ്ങ് വാറുകളുടെയും പിടിയിലാണ്. അവിടെ പട്ടിണിയും അരാജകത്വവും നടമാടുകയാണ്. അവർക്കുമുന്നിൽ ഒരു പറുദീസയുടെ പരിവേഷമാണ് അമേരിക്കയ്ക്ക്. അതാണ്, പ്രാണൻ കയ്യിലെടുത്തുപിടിച്ചും അവരിങ്ങനെ പുറപ്പെട്ടുപോരുന്നതിങ്ങോട്ട്. 

പക്ഷേ, ഈ കുടുംബത്തിന്റെ യാത്ര, അമേരിക്കൻ മണ്ണുവരെ നീണ്ടില്ല. അതിനു മുമ്പ്. മെക്സിക്കോയിലെ മാറ്റമാറോസ് എന്ന പട്ടണത്തിലെ ഒരു പാലത്തിന്റെ അടച്ചിട്ട ഗേറ്റിനു മുന്നിൽ അവരുടെ യാത്ര മുടങ്ങി. അവരോട് അടുത്തദിവസം വരാൻ പറഞ്ഞു അവിടെയുള്ളവർ. അവർ എത്തിയപ്പോഴേക്കും അവിടത്തെ വരിയിൽ നൂറുകണക്കിനുപേർ ഇടം പിടിച്ചുകഴിഞ്ഞിരുന്നു.  

ആ കുടുംബം എങ്ങനെയും അക്കരെയെത്താനുള്ള വെപ്രാളത്തിലായിരുന്നു. റിയോ ഗ്രാൻഡെ നദിയുടെ അക്കരെ  അമേരിക്കൻ മണ്ണാണ്, ടെക്‌സാസിലെ ബ്രൗൺസ്‌വിൽ. തങ്ങളുടെ പറുദീസ ഒരു കയ്യകലത്തിൽ കണ്ടപ്പോൾ അവർ ആകെ സന്തോഷത്തിലായി. നദിയിൽ വെള്ളം കുറവായിരുന്നു. മുറിച്ചു കടന്നാലോ എന്നായി..?  മാർട്ടിനസ് കുഞ്ഞു വലേറിയയെ ഒക്കത്തെടുത്ത് വെള്ളത്തിലേക്കിറങ്ങി.  കൂടെ കൈ പിടിച്ചുകൊണ്ട് വനേസ്സയും. ഇടയ്ക്കുവച്ച് നദിയുടെ ഒഴുക്ക് കൂടാൻ തുടങ്ങി. മാർട്ടിനെസിന്റെ കയ്യിൽ നിന്നും വനേസയുടെ പിടി വിട്ടുപോയി. അവർ പിന്നിലായി. മൂന്നാലടി മുന്നിലായിപ്പോയി അച്ഛനും മകളും. മുന്നോട്ട് നടക്കാനാവാതെ നിന്ന ഭാര്യയുടെ കൈ പിടിക്കാനായി, തിരിഞ്ഞ മാർട്ടിനെസിന്  നിലതെറ്റി. മകളെയും കൊണ്ട് വെള്ളത്തിലേക്ക് മാർട്ടിനെസ് വീണുപോവുന്നതും, നദിയിലെ അടിയൊഴുക്ക് അവരെ നിമിഷനേരം കൊണ്ട്  അകലേക്ക് കൊണ്ടുപോവുന്നതും നോക്കി നിൽക്കാനേ വനേസ്സയ്ക്കായുള്ളൂ...

അടുത്ത ദിവസം പത്രങ്ങളിൽ ഒരു ചിത്രം അച്ചടിച്ചു വന്നു. പുഴയോരത്തെ കൈതപ്പൊന്തകൾക്കരികിൽ ചെളിയിൽ തല പൂണ്ടുപോയ നിലയിൽ മരിച്ചു കിടക്കുന്ന ഒരച്ഛനും മകളും. ഇല്ല. വിട്ടുകൊടുത്തില്ല മാർട്ടിനെസ് തന്റെ മകളെ ആ നദിയുടെ അടിയൊഴുക്കിന്. മരണത്തിലും, തന്റെ പ്രാണന്റെ പ്രാണനായ മകൾ വലേറിയയെ അയാൾ നെഞ്ചോടു ചേർത്തുതന്നെ പിടിച്ചു. 2015 -ൽ മെഡിറ്ററേനിയൻ കടലിൽ ബോട്ടുമുങ്ങി തീരത്തടിഞ്ഞു കിടന്ന എയ്‌ലൻ കുർദിയെ ഓർമിപ്പിച്ചു ആ ചിത്രവും. 

മാർട്ടിനെസിന്റെയും കുഞ്ഞു വലേറിയയുടെയും ജീവനെടുത്തത് രണ്ടു ദുരന്തങ്ങൾ ചേർന്നാണ്. ഒന്ന്, റിയോ ഗ്രാൻഡെ നദിയിൽ  അപ്രതീക്ഷിതമായുണ്ടായ അടിയൊഴുക്ക്. രണ്ട്, മധ്യ അമേരിക്കൻ രാജ്യങ്ങളിലെ അക്രമങ്ങളിൽ നിന്നും, പട്ടിണിയിൽ നിന്നും രക്ഷതേടി അമേരിക്കൻ മണ്ണിലേക്ക് പലായനം ചെയ്യുന്നവരെ ഫലപ്രദമായി പരിചരിക്കാൻ പര്യാപ്തമല്ലാത്ത അതിർത്തിയിലെ നിയന്ത്രണസംവിധാനം.

click me!