
ഓര്‍മ്മ കാണും ദൈതരി നായിക്കിനെ, രാജ്യം പത്മശ്രീ നല്‍കി ആദരിച്ച കര്‍ഷകനെ. ഒഡീഷയിലെ മാഞ്ചി എന്ന് വിളിക്കപ്പെട്ട മനുഷ്യനെ... കിയോന്‍ജര്‍ ജില്ലയിലെ തലബൈതരണി ഗ്രാമത്തിലെ ഈ ആദിവാസി കര്‍ഷകന്‍ സ്വന്തം ഗ്രാമത്തിന് നല്‍കിയ സംഭാവന ചെറുതല്ല. മല തുരന്ന് സ്വന്തം നാട്ടിലേക്ക് വെള്ളമെത്തിച്ചയാളാണ് ദൈതരി.
ഗൊനസിക മലയില്‍ നിന്നും ഗ്രാമത്തിലേക്ക് വെള്ളമെത്തിക്കാനായി തുനിഞ്ഞിറങ്ങുമ്പോള്‍ അതിന് അദ്ദേഹത്തിന്‍റെ കയ്യിലുണ്ടായിരുന്ന ആയുധം ഒരു മണ്‍വെട്ടി മാത്രമായിരുന്നു. അന്ന്, തന്‍റെ പദ്ധതിയെ കുറിച്ച് ദൈതരി നായിക്ക് നാട്ടുകാരോട് പറഞ്ഞപ്പോള്‍ നാട്ടുകാര്‍ അദ്ദേഹത്തെ പരിഹസിക്കുകയായിരുന്നു. എന്നാല്‍, തന്‍റെ പ്രയത്നം അദ്ദേഹം തനിച്ചു തുടര്‍ന്നു. പിന്നോട്ടില്ലെന്ന് മറ്റുള്ളവര്‍ക്ക് കൂടി ബോധ്യപ്പെട്ടതോടെ സഹോദരന്മാരും അദ്ദേഹത്തോടൊപ്പം ചേര്‍ന്നു. അങ്ങനെ മൂന്ന് വര്‍ഷത്തെ പ്രയത്നത്തിനൊടുവിലാണ് ഗ്രാമത്തില്‍ വെള്ളമെത്തിയത്.
പത്മശ്രീയും നിസ്സഹായതയും
ആ ദൈതരി നായിക്കിനെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. വേണ്ടതു തന്നെയാണ്. എന്നിട്ടെന്തുണ്ടായി? അദ്ദേഹത്തിന്‍റെ ജീവിതം കൂടുതല്‍ ദുരിത പൂര്‍ണമായി. അതുവരെ ദിവസക്കൂലിക്ക് ഗ്രാമത്തിലുള്ളവര്‍ ദൈതരി നായിക്കിനെ പണിക്ക് വിളിക്കുമായിരുന്നു. പക്ഷെ, പത്മശ്രീ നല്‍കിയതോടെ കൂലിപ്പണിക്ക് വിളിക്കുന്നതൊക്കെ മോശമല്ലേ എന്ന ചിന്താഗതിയായി ഗ്രാമവാസികള്‍ക്ക്. അതോടെ ആരും പണിക്കും വിളിക്കാതായി. 'ഇന്ന് ഞങ്ങള്‍ ജീവിക്കുന്നത് ഉറുമ്പിന്‍റെ മുട്ട മാത്രം തിന്നാണ്' ദൈതരി നായിക്ക് പറയുന്നു. 'ചില പലഹാരങ്ങളൊക്കെ ഉണ്ടാക്കിക്കൊടുത്താണ് കുറച്ചെങ്കിലും ജീവിക്കുന്നത്. ഈ അവാര്‍ഡ് തിരിച്ചു കൊടുക്കണമെന്നാണ് ഞാന്‍ കരുതുന്നത്. അങ്ങനെയെങ്കിലും എനിക്ക് എന്തെങ്കിലും തൊഴില് കിട്ടിയാലോ' എന്നും ദൈതരി ചോദിക്കുന്നു.
പത്മശ്രീ അവാര്‍ഡ് പ്രഖ്യാപിച്ച് കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ കുറച്ച് നേതാക്കളെത്തി ദൈതരി നായിക്കിനെ കാണുകയും വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. പക്ഷെ, ഒന്നും നടന്നില്ല. ദൈതരിയെ പത്മശ്രീ നല്‍കാനായി തെരഞ്ഞെടുത്ത കാര്യം അറിഞ്ഞപ്പോള്‍ നാട്ടുകാരും ഒരുപാട് സന്തോഷിച്ചിരുന്നു. അവരുടെ നാടിന്‍റെ പുരോഗതിക്ക് അത് ഏതെങ്കിലും തരത്തില്‍ ഗുണം ചെയ്യുമെന്നാണ് അവരെല്ലാം പ്രതീക്ഷിച്ചതും. പക്ഷെ, ഒന്നും സംഭവിച്ചില്ല. ആ നാടിനെ നഗരവുമായി ബന്ധിപ്പിക്കുന്ന നല്ലൊരു റോഡ് പോലും അവിടെ ഇല്ല.
നമ്മുടെ ഗ്രാമം ഒരുപാട് പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട്. നല്ല റോഡ് പോലുമില്ല. അങ്കണവാടികളില്ല. ആശുപത്രിയില്ല. എന്തെങ്കിലും അസുഖം വന്നാല്‍ മൂന്ന് മൈല്‍ നടന്നുവേണം ഡോക്ടറെ കാണാന്‍. കുടിവെള്ളമില്ല. അങ്ങനെ ഒരുപാട് പ്രശ്നങ്ങള്‍ കാലങ്ങളായി ഞങ്ങളനുഭവിക്കുകയാണ് -ദൈതരി നായിക്ക് പറയുന്നു.
എന്നാല്‍, കിയോന്‍ജര്‍ ജില്ലാ കളക്ടര്‍ ആഷിഷ് താക്കറെ പറയുന്നത്, താന്‍ ദൈതരിയുമായി സംസാരിക്കുകയും പത്മശ്രീ തിരികെ കൊടുക്കാനുള്ള തീരുമാനം പിന്‍വലിപ്പിക്കാനുള്ള ശ്രമം നടത്തുകയും ചെയ്യുമെന്നാണ്.
സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നു
ദൈതരിയുടെ അവസ്ഥയില്‍ നിരവധി പേരാണ് സോഷ്യല്‍ മീഡിയ വഴി അമര്‍ഷവും ആശങ്കയും പ്രകടിപ്പിച്ചത്.
ഇത് സങ്കടകരവും അപമാനകരവുമാണ്. പത്മശ്രീ പുരസ്കാരം ലഭിച്ച ദൈതരി നായിക്ക് ജീവിക്കാന്‍ മാര്‍ഗമേതുമില്ലാതെ പട്ടിണിയിലും ദാരിദ്ര്യത്തിലും കഴിയുകയാണ്. ഇത്തരം ഹീറോസിന് ഒരു സാധാരണ ജീവിതം നയിക്കാന്‍ പോലുമുള്ള സാഹചര്യമില്ലേ? എന്നാണ് ഒരാളെഴുതിയിരിക്കുന്നത്.
പലരും പ്രധാനമന്ത്രിയുടേയും രാഷ്ട്രപതിഭവന്‍റേയുമെല്ലാം ശ്രദ്ധ ഈ വിഷയത്തിലേക്ക് തിരിച്ചു വിടാന്‍ ശ്രമിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് വിഷയത്തിലിടപെടണമെന്നും അപേക്ഷിക്കുന്നുണ്ട്.
ഇത് ഇന്ത്യയിലെ കര്‍ഷകരുടെ അവസ്ഥ
ദൈതരിയെ സംബന്ധിച്ച് പത്മശ്രീ പുരസ്കാരമാണ് തൊഴിലില്ലാതാക്കിയതെങ്കില്‍ ഇന്ത്യയിലെ പല കര്‍ഷകരുടേയും അവസ്ഥ തൊഴിലില്ലായ്മയും പട്ടിണിയും തന്നെയാണ്. പല സംസ്ഥാനങ്ങളിലും വെള്ളമില്ലാത്തതടക്കം പല പ്രതികൂല സാഹചര്യങ്ങളും കര്‍ഷകരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. കര്‍ഷകരുടെ ആത്മഹത്യ നിത്യസംഭവമായി മാറുകയും ചെയ്യുന്നു.
കഴിഞ്ഞ ദിവസമാണ് പ്രസ്തുത വിഷയത്തില്‍ കര്‍ണാടക സര്‍ക്കാരിന്‍റെയും അധികൃതരുടേയും ശ്രദ്ധ തിരിക്കുന്നതിനായി കര്‍ഷകര്‍ പ്രക്ഷോഭം നടത്തിയത്. കാര്‍ഷികരംഗം മിക്കയിടങ്ങളിലും നിശ്ചലമായിരിക്കുകയാണ്. മഴയില്ലാതിരുന്നതിനാല്‍ കുടിവെള്ളത്തിന്‍റെ കാര്യം തന്നെ കഷ്ടത്തിലാണ്.
2015 മുതല്‍ 2018 വരെയായി മഹാരാഷ്ട്രയില്‍ മാത്രം 12021 കര്‍ഷകര്‍ ആത്മഹത്യ ചെയ്തതായിട്ടാണ് ഔദ്യോഗികമായ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.
രാജസ്ഥാനില്‍ കടങ്ങളെഴുതിത്തള്ളുമെന്ന സര്‍ക്കാരിന്‍റെ വാഗ്ദാനം പാലിക്കപ്പെടാത്തതില്‍ മനം നൊന്ത് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. ഈ മാസം 24 -നാണ് സോഹന്‍ ലാല്‍ മേഘ്വാളെന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. രണ്ട് പേജു വരുന്ന തന്‍റെ ആത്മഹത്യാകുറിപ്പില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വാഗ്ദാഗം പാലിച്ചില്ലായെന്നും എഴുതിയിരുന്നു. ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റിനേയും കുറ്റപ്പെടുത്തിയിരുന്നു. ലൈവിട്ട ശേഷമാണ് അദ്ദേഹം ആത്മഹത്യ ചെയ്തിരിക്കുന്നത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിക്കുകയായിരുന്നു ആ കര്‍ഷകന്‍.
വെള്ളം വറ്റുന്ന ഇന്ത്യ
ഓരോ വര്‍ഷം കഴിയുന്തോറും ഓരോ ഗ്രാമങ്ങളും നഗരങ്ങളും ജലക്ഷാമത്തിന്‍റെ പിടിയിലമരുകയാണ്. ചരിത്രത്തിലില്ലാതിരുന്ന വണ്ണം വരള്‍ച്ച പല ഗ്രാമങ്ങളേയും ഇല്ലാതാക്കുകയാണ്. കിണറുകള്‍ വറ്റുകയും കുടിവെള്ളം കിട്ടാതാവുകയും ചെയ്യുന്നു.
ഇനിയൊരു ലോകയുദ്ധമുണ്ടാകുന്നുവെങ്കില്‍ അത് ജലത്തിന് വേണ്ടിയായിരിക്കുമെന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.
ചെന്നൈയില്‍ കുടിക്കാന്‍ പോലും വെള്ളമില്ലാതെ ആളുകള്‍ നെട്ടോട്ടമോടി. നാല് മില്ല്യണ്‍ ജനങ്ങള്‍ താമസിക്കുന്ന, ഇന്ത്യയിലെ നാലാമത്തെ വലിയ നഗരമായ ചെന്നൈയില്‍ ആളുകള്‍ വാഹനത്തിലെത്തുന്ന വെള്ളത്തിന് വരി നിന്നു. ബിസിനസുകള്‍ പോലും നിശ്ചലമാകുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി.
ജൂണ്‍ 10 -ന് രാജ്യത്തെ 44 ശതമാനം ഭാഗങ്ങളിലും കൂടിയ ചൂടാണ് രേഖപ്പെടുത്തിയത്. ദില്ലിയില്‍ 48, രാജസ്ഥാനിലെ ചുരുവില്‍ 50 ഡിഗ്രിയിലേറെ. ഭൂമിയിലെ തന്നെ ചൂട് കൂടിയ സ്ഥലമായി ഇവയൊക്കെ മാറുന്ന വിധത്തിലായി കാര്യങ്ങള്‍. കര്‍ഷകരേയും കാര്‍ഷികരംഗത്തേയും ആകെപ്പാടെ തകിടം മറിച്ചു വരള്‍ച്ച.
സോഷ്യല്‍മീഡിയയിലൂടെ അടക്കം ജനങ്ങള്‍ ഇതിനൊക്കെ എന്ത് പരിഹാരമുണ്ടെന്ന് വ്യക്തമാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. സ്വാതന്ത്ര്യം ലഭിച്ച് ഇങ്ങോട്ട് ഇന്ത്യയില്‍ ഏറ്റവുമധികം അവഗണിക്കപ്പെട്ട വിഭാഗമാണ് കര്‍ഷകര്‍. എന്തുകൊണ്ടാണ് ഇത് എന്ന് വ്യക്തമാക്കണം. അവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് നിരവധിപേര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
നല്ല വിത്തുകളോ, ജലസേചന മാര്‍ഗ്ഗങ്ങളോ നടപ്പിലാക്കുന്നില്ല. കര്‍ഷകര്‍ക്ക് ആവശ്യമായ സാഹചര്യങ്ങളുണ്ടാകണം. അത് യാചനയല്ല, അവരുടെ അവകാശമാണ് എന്നൊരാള്‍ കുറിച്ചു. കര്‍ഷക ആത്മഹത്യകളേ കുറിച്ചും കാര്‍ഷിക കടങ്ങളെഴുതിത്തള്ളുന്നതിനേ കുറിച്ചും നിരവധി പേരാണ് പ്രതികരിച്ചത്.
നമ്മള്‍, കോടികള്‍ വിനിയോഗിച്ച് പ്രതിമ നിര്‍മ്മിക്കുകയാണ് അതിന് പകരം എന്തുകൊണ്ട് പ്രാധാന്യം നല്‍കേണ്ടവയ്ക്ക് പ്രാധാന്യം നല്‍കുന്നില്ലായെന്ന ചോദ്യവുമുയര്‍ന്നുകഴിഞ്ഞു.