
ഏറ്റവുമധികം ഭയക്കേണ്ടുന്ന ജീവികളിൽ ഒന്നാണ് പാമ്പ്. പാമ്പിനെ പിടികൂടുമ്പോൾ പോലും പലരും വേണ്ടത്ര മുൻകരുതലുകൾ സ്വീകരിക്കാറില്ല. പാമ്പുകളുടെ അനേകം വീഡിയോകൾ ഓരോ ദിവസവുമെന്നോണം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഓസ്ട്രേലിയയിൽ നിന്നുമുള്ള ഈ വീഡിയോയിൽ അമ്പരപ്പിക്കുന്ന ഒരു കാഴ്ചയാണുള്ളത്. തന്റെ കുഞ്ഞുമകൾക്ക് വീട്ടിൽ നിന്നും പാമ്പിനെ എങ്ങനെ എടുത്തുമാറ്റാം എന്ന് കാണിച്ചുകൊടുക്കുന്ന അച്ഛനാണ് വീഡിയോയിൽ ഉള്ളത്.
അത്യധികം ഭയക്കേണ്ടുന്ന സാഹചര്യത്തിലും പേടിക്കാതെ എങ്ങനെ ശാന്തവും സമാധാനവുമായിരിക്കാം എന്നും അച്ഛൻ കാണിച്ചുകൊടുക്കുന്നുണ്ട്. നിരന്തരം വീട്ടിലും പരിസരത്തും പാമ്പുകൾ കാണുന്നൊരിടമാണ് ഓസ്ട്രേലിയ. അതിനാൽ തന്നെ ഓസ്ട്രേലിയയിലുള്ളവർക്ക് പാമ്പ് അത്ര പേടിയുള്ള കാര്യം അല്ല. എന്നാൽ, നമ്മെ സംബന്ധിച്ച് അല്പം പേടി തോന്നുന്ന കാര്യമാണ് വീഡിയോയിൽ ഉള്ളത്.
ആദ്യം കാണുന്നത് കുട്ടി വീട്ടിൽ ഒരിടത്ത് ചുരുണ്ടുകൂടി കിടക്കുന്ന പാമ്പിനെ കാണുന്നതാണ്. അവൾ പേടിച്ച് ഓടുന്നതും വീഡിയോയിൽ കാണാം. എന്നാൽ, അച്ഛൻ അവൾക്ക് എങ്ങനെയാണ് പാമ്പിനെ വീടിന്റെ പുറത്താക്കേണ്ടത് എന്ന് പഠിപ്പിച്ചു കൊടുക്കുകയാണ്. അച്ചന്റെ നിർദ്ദേശപ്രകാരം അവൾ ഒരു മോപ്പുമായി തിരികെ വരുന്നതും പയ്യെപ്പയ്യെ പാമ്പിനെ വേദനിപ്പിക്കാതെ അതിനെ തള്ളി വീടിന്റെ പുറത്തേക്ക് ഇറക്കുന്നതും വീഡിയോയിൽ കാണാം.
അതിനിടയിൽ അവളുടെ അമ്മയും അതുവഴി പോകുന്നുണ്ടെങ്കിലും അവർ ഇതൊരു സാധാരണ കാര്യം പോലെ നോക്കാതെ പോവുകയാണ്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. ഇത് ഓസ്ട്രേലിയയിൽ ഒരു സാധാരണ കാഴ്ചയാണ് എന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. അതുപോലെ, അച്ഛൻ എത്ര നന്നായിട്ടാണ് കുട്ടിക്ക് കാര്യം മനസിലാക്കി കൊടുത്തത് എന്നും പലരും അഭിപ്രായപ്പെട്ടു.