റോഡുവക്കില്‍ ഓണ്‍ലൈന്‍ ക്ലാസിനിരിക്കുന്ന പെണ്‍കുട്ടിക്ക് കുടചൂടി പിതാവ്, ഹൃദയസ്പര്‍ശിയായ ചിത്രം!

By Web TeamFirst Published Jun 19, 2021, 5:58 PM IST
Highlights

നെറ്റ് വര്‍ക്ക് ഇല്ലാത്തതിനാല്‍ പാതയോരത്ത് ഓണ്‍ലൈന്‍ ക്ലാസിന് ഇരിക്കുന്ന കുട്ടിയ്ക്ക് പെരുമഴയത്ത് കുടചൂടിക്കൊടുക്കുന്ന പിതാവ്.
 

ബംഗളുരു: നെറ്റ് വര്‍ക്ക് ഇല്ലാത്തതിനാല്‍ പാതയോരത്ത് ഓണ്‍ലൈന്‍ ക്ലാസിന് ഇരിക്കുന്ന കുട്ടിയ്ക്ക് പെരുമഴയത്ത് കുടചൂടിക്കൊടുക്കുന്ന പിതാവ്. ഹൃദയസ്പര്‍ശിയായ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ അതിവേഗമാണ് വൈറലായത്. 

കര്‍ണാടകത്തിലെ ദക്ഷിണ കന്നഡ ജില്ലയില്‍നിന്നുള്ളതാണ് ഈ ചിത്രം. റോഡരികിലെ ഫൂട്ട് പാത്തില്‍ ഇരുന്ന് മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ക്ലാസ് കാണുകയാണ് ഈ പെണ്‍കുട്ടി. നല്ല മഴയാണ്. അവള്‍ക്കരികെ കുടയും ചൂടി നില്‍ക്കുകയാണ് പിതാവ്. ഗ്രാമപ്രദേശങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കുട്ടികള്‍ അനുഭവിക്കുന്ന വിഷമതകളാണ് ഈ ചിത്രം പുറത്തുകൊണ്ടുവന്നത്. 

 

 

സുള്ളിയ താലൂക്കിലെ ബാലക്ക ഗ്രാമത്തില്‍നിന്നുള്ളതാണ് ഈ ചിത്രമെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടെ ഇന്റര്‍നെറ്റ് കിട്ടാക്കനിയാണ്. അതിനാല്‍, റോഡരികിലും മറ്റുമിരുന്നാണ് പല കുട്ടികളും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നത്. ചിത്രത്തിലെ പെണ്‍കുട്ടിയും ഇതേ കാരണത്താലാണ് റോഡിലേക്ക് ഇറങ്ങിയത്. 

ഇവിടെയുള്ള മിക്ക കുട്ടികളും സമാനമായ അവസ്ഥയിലാണെന്ന് ബി എ വിദ്യാര്‍ത്ഥിയായ ഉദിത് ശ്യാമും പറയുന്നു. ''ബി എസ് എന്‍ എല്‍ ആണിവിടെ ഉള്ളത്. ഉണ്ട് എന്നേ പറയാനുള്ളൂ ഒരു കാര്യവുമില്ല.  കൊവിഡ് രോഗം കാരണം എല്ലാ പഠനവും ഓണ്‍ലൈന്‍ ആയതിനാല്‍, ഇന്റര്‍നെറ്റ് ഇല്ലാതെ ഒരു നിവൃത്തിയുമില്ല. അതിനാല്‍, ഞങ്ങള്‍ ഇതുപോലെ റോഡരികില്‍ വന്നാണ് ക്ലാസില്‍ പങ്കെടുക്കാറ്. രാവിലെ ഒമ്പതു മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചയ്ക്ക് ശേഷം രണ്ടു മുതല്‍ വൈകിട്ട് നാലു വരെയും ഇതുപോലെ റോഡരികില്‍ നിന്നാണ് ഞാന്‍ ക്ലാസില്‍ പങ്കെടുക്കാറുള്ളത്.''-അവന്‍ പറഞ്ഞു. 

 

click me!