നാർക്കോട്ടിക്‌സിൽ ഗവേഷണം നടത്തി, ഒടുവിൽ ഇന്ത്യയിൽ വന്ന് സന്യാസിയായ അമേരിക്കൻ പ്രൊഫസർ, ബാബാ രാംദാസ്

By Web TeamFirst Published Dec 24, 2019, 12:02 PM IST
Highlights

റിച്ചാർഡ്  നീം കരോളി ബാബയ്ക്ക് 900 മില്ലിഗ്രാം LSD നൽകി. അതൊരു ഹൈഡോസ് ആയിരുന്നു. അത്രയും മരുന്ന് ഉള്ളിൽ ചെന്നാൽ സാധാരണഗതിക്ക് ആരും വീണുപോകേണ്ടതാണ്. ബാബയാണെങ്കിൽ മുമ്പൊരിക്കലും LSD ഉള്ളിലെടുത്തിട്ടുമില്ല. എന്നിട്ടും ആ മരുന്ന് ബാബയെ ഏശിയതേയില്ല. 

ഒരുകാലത്ത് സൈക്കഡലിക് ഡ്രഗ്ഗുകളുടെ ഉപാസകനും ഗവേഷകനുമായിരുന്നു,  ഹാർവാർഡ് സർവകലാശാലയിലെ പ്രൊഫസർ റിച്ചാർഡ് ആൽപേർട്ട്. പിന്നീട് ഇന്ത്യയിൽ വന്നു സന്യാസം സ്വീകരിച്ച അദ്ദേഹം ബാബാ രാംദാസ് എന്നപേരിൽ അറിയപ്പെടുന്ന് ആധ്യാത്മിക ഗുരുവായി മാറി. കഴിഞ്ഞ ദിവസം അദ്ദേഹം തന്റെ എൺപത്തെട്ടാം വയസ്സിൽ അന്തരിച്ചിരിക്കുന്നു. ഇന്ത്യയിൽ ഇദ്ദേഹത്തെ അറിയുന്നവർ വളരെ ചുരുക്കമാണ്. ഈ പേര് പലരും ആദ്യമായിട്ടായിരിക്കും കേൾക്കുന്നതുപോലും. എന്നാൽ, അമേരിക്കയിൽ 'ബാബാ രാംദാസ്'  ഏറെ പ്രസിദ്ധമായിരുന്നു. 

വിശ്രുതമായ ഹാർവാർഡ് സർവകലാശാലയുടെ സൈക്കോളജി വിഭാഗത്തിൽ, റിച്ചാർഡ് ആൽപേർട്ട് എന്ന പേരിൽ ഒരു പ്രൊഫസർ ഉണ്ടായിരുന്നു.  അദ്ദേഹം സൈക്കഡലിക് ഡ്രഗ്ഗുകളെ പരസ്യമായി അനുകൂലിച്ചുപോന്നിരുന്നു. ഈ നിലപാട് ഒടുവിൽ അദ്ദേഹത്തെ തന്റെ ജോലിയിൽ  നിന്ന് പിരിച്ചു വിടുന്നതിലാണ് കൊണ്ടുചെന്നെത്തിച്ചത്. അതോടെ പ്രൊഫ. റിച്ചാർഡ് സുദീർഘമായ ഒരു യാത്ര പുറപ്പെട്ടു. ആ യാത്ര അദ്ദേഹത്തെ കൊണ്ടുചെന്നെത്തിച്ചത് ഇന്ത്യയിലാണ്. ഹിമാലയസാനുക്കളിൽ ചെന്ന്, ഒരു സന്യാസിയുടെ ശിഷ്യത്വം സ്വീകരിച്ച്, കുറേക്കാലം അവിടെ കഴിഞ്ഞുകൂടി. അവിടെവെച്ചുണ്ടായ ഒരു നിഗൂഢാനുഭവം മയക്കുമരുന്നുകളെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ നിലപാടുകൾ പാടെ മാറ്റി. ഒടുവിൽ അദ്ദേഹത്തിൽ നിന്ന് ദീക്ഷയും സ്വീകരിച്ഛ് സ്വയം ഒരു സന്യാസിയായി മാറി. ബാബാ രാംദാസ് എന്ന ലോകമറിയുന്ന സന്യാസി. 

1931  ഏപ്രിൽ 6. അമേരിക്കയിലെ മസ്സാച്ചുസെറ്റ്സ് പട്ടണത്തിലെ ന്യൂട്ടൻ എന്ന ടൗണിൽ ഒരു യഹൂദവക്കീലുണ്ടായിരുന്നു. പേര് ജോർജ് ആൽപേർട്ട്. അദ്ദേഹത്തിന് ഒരു പുത്രൻ ജനിച്ചു. അദ്ദേഹം അവനെ റിച്ചാർഡ് എന്ന് പേരിട്ടുവിളിച്ചു. റിച്ചാർഡ് ആൽപേർട്ട്. റിച്ചാർഡിന്റെ അച്ഛൻ ബോസ്റ്റണിലെ പരശ്ശതം വക്കീലന്മാരിൽ ഒരാൾ മാത്രമായിരുന്നു. അങ്ങനെ അധികം പേർ അറിയുകയൊന്നും ചെയ്യാത്ത ഒരു സാധാരണ ജന്മം. എന്നാൽ, റിച്ചാർഡ് അങ്ങനെയല്ലായിരുന്നു. അദ്ദേഹം അമേരിക്കമൊത്തം അറിയപ്പെടാൻ പോകുന്ന ഒരാളായിരുന്നു. പക്ഷേ, റിച്ചാർഡ് എന്ന പേരിലല്ല എന്ന് മാത്രം. ആ പേരായിരുന്നു 'ബാബാ രാംദാസ് 'എന്നത്. 

അതിസമർത്ഥനായ ഒരു മനഃശാസ്ത്ര വിദ്യാർത്ഥി 

പഠനത്തിൽ മിടുമിടുക്കനായിരുന്നു റിച്ചാർഡ്. 1952 -ൽ തന്റെ ഇരുപത്തൊന്നാം വയസ്സിൽ ടഫ്റ്റ്‌സ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദപഠനം ഒന്നാം ക്‌ളാസിൽ പൂർത്തിയാക്കി. വിഷയം സൈക്കോളജി. തുടർന്ന് മാസ്റ്റേഴ്സും, 1957 -ൽ സ്റ്റാൻഫഡ് സർവകലാശാലയിൽ നിന്ന് സൈക്കോളജിയിൽ തന്നെ ഗവേഷണബിരുദവും കരസ്ഥമാക്കിയ റിച്ചാർഡ് അധികം താമസിയാതെ അതേ സർവകലാശാലയിൽ പ്രൊഫസറായി തന്റെ കരിയർ ആരംഭിച്ചു. എന്നാൽ പിഎച്ച്ഡി എടുത്തിട്ടും അദ്ദേഹത്തിന് പഠനം മടുത്തിട്ടുണ്ടായിരുന്നില്ല. അന്നത്തെ തന്റെ പഠനപ്രയാണങ്ങളെപ്പറ്റി പിന്നീട് റിച്ചാർഡ് ഇങ്ങനെ പറഞ്ഞിരുന്നു, " ഞാനന്ന് പരിഭ്രാന്തനായ ഒരു ഉന്മാദിയായിരുന്നു. തലയ്ക്കുള്ളിൽ അറിവ് എമ്പാടുമുണ്ടായിരുന്നു, എന്നാൽ വെളിവ് മരുന്നിനുപോലും ഉണ്ടായിരുന്നില്ല"
 
വിജ്ഞാനദാഹിയായ റിച്ചാർഡ് പിന്നീടെത്തിപ്പെട്ടത് ഹാർവാർഡ് സർവ്വകലാശാലയിലാണ്. അവിടെ ഒരേസമയം സോഷ്യൽ റിലേഷൻസ്, സൈക്കോളജി, ഗ്രാജുവേറ്റ് സ്‌കൂൾ ഓഫ് എജുക്കേഷൻ, ഹെൽത്ത് സർവീസ് എന്നിങ്ങനെ നാലു ഡിപ്പാർട്ടുമെന്റുകളിൽ പ്രൊഫ. റിച്ചാർഡ് പഠിപ്പിച്ചു. ഹെൽത്ത് സർവീസസ് ഡിപ്പാർട്ടുമെന്റിൽ അദ്ദേഹം തെറാപ്പിസ്റ്റിന്റെ ജോലി കൂടി ചെയ്തിരുന്നു. അവിടെ വെച്ച് ചികിത്സിക്കേണ്ടി വന്ന ആദ്യരോഗിയിൽ നിന്നു കണ്ടെടുത്ത മരിജുവാന എന്ന മയക്കുമരുന്ന് റിച്ചാർഡ് പിന്നീട് ശീലമാക്കി.  

പ്രൊഫ. ലിയറിയുമൊത്തുള്ള 'മരുന്ന്' പരീക്ഷണങ്ങൾ  

പിന്നീടാണ് സൈക്കഡലിക് ഡ്രഗുകളുടെ ലോകത്തേക്ക് അദ്ദേഹം കടക്കുന്നത്.  അതിൽ വിദഗ്ധനായിരുന്ന പ്രൊഫ. തിമോത്തി ലിയറിയുമായി പരിചയം സ്ഥാപിക്കുന്നത്. ആരും ഇഷ്ടപ്പെട്ടുപോകുന്ന ഒരു സൗമ്യപ്രകൃതനായിരുന്നു പ്രൊഫ. ലിയറി. അവിടെ ക്ലിനിക്കൽ സൈക്കോളജിയായിരുന്നു അദ്ദേഹം പഠിപ്പിച്ചു പോന്നിരുന്നത്. അവിടെ പ്രൊഫസറാകും മുമ്പ് അദ്ദേഹം കാലിഫോർണിയാ സർവകലാശാലയിൽ സൈക്കഡലിക് ഡ്രഗ്ഗുകളിൽന്മേൽ ഗവേഷണം നടത്തിയിട്ടുണ്ടായിരുന്നു.  മെക്സിക്കോയിലേക്ക് നടത്തിയ ഒരു യാത്രക്കിടെയാണ് സവിശേഷസ്വഭാവമുള്ള ഒരു ഫംഗസ് അദ്ദേഹത്തിന്റെ ശ്രദ്ധയാകര്ഷിച്ചത്. മാജിക് മഷ്‌റൂംസ് എന്നറിയപ്പെട്ടിരുന്ന കൂണുകളിൽ സ്വാഭാവികമായി കണ്ടുവരുന്ന ഒരു സൈക്കഡലിക് ഡ്രഗ്ഗ് ആയ സൈലോസൈബിനെ(Psilocybin)പ്പറ്റിയുള്ള ഹാർവാർഡിലെ ഒരു ഗവേഷണപദ്ധതിക്ക് തന്നെ പ്രൊഫ. ലിയറി തുടക്കമിട്ടു. ഈ ലിയറിയാണ് പ്രൊഫ. റിച്ചാർഡിനെ തന്റെ ആദ്യത്തെ സൈക്കഡലിക് അനുഭവത്തിലേക്ക് നയിക്കുന്നത്. അതേപ്പറ്റി അദ്ദേഹം പിന്നീട് തന്റെ  പുസ്തകത്തിൽ വിശദമായിത്തന്നെ എഴുതിയിട്ടുണ്ട്. 

സൈലോസൈബിൻ അന്ന് പരക്കെ ഉപയോഗത്തിലുണ്ടായിരുന്ന, നിയമം മൂലം വിലക്കപ്പെട്ടിട്ടില്ലായിരുന്ന, ഒരു വിനോദ മയക്കുമരുന്നാ(Recreational  Drug)യിരുന്നു അമേരിക്കയിൽ.  അവരിരുവരും ചേർന്ന് അത് വാരാന്ത്യങ്ങളിൽ ഉപയോഗിച്ചു തുടങ്ങി. ഒപ്പം ആ മരുന്നുകൾ നൽകുന്ന സൈക്കഡലിക് അനുഭവത്തെപ്പറ്റി ഗവേഷണങ്ങൾ നടത്താനും തുടങ്ങി.  പ്രസ്തുത സൈക്കഡലിക് ഏജന്റിനെ ചികിത്സാസംബന്ധിയായ ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താനാകുമോ എന്നതായിരുന്നു ഇരുവരുടെയും പരീക്ഷണം. സൈലോസൈബിൻ കുറ്റവാസനയ്ക്ക് കുറവുണ്ടാക്കുമോ എന്നറിയാൻ വേണ്ടി അവർ ഇതിനെ തടവുപുള്ളികളിൽ കുത്തിവെച്ച് പരീക്ഷിച്ചു.  ജാസ് സംഗീതജ്ഞർ, ശാസ്ത്രജ്ഞർ, തത്വചിന്തകൻ, മന്ത്രിമാർ, ഹിപ്പികൾ എന്നിങ്ങനെ പല മേഖലകളിൽ ഉള്ളവർക്ക് അവർ സൈക്കഡലിക് ഡ്രഗുകൾ നൽകി, അതിന്റെ സ്വാധീനത്തെപ്പറ്റി വിവരിക്കാൻ ചോദ്യാവലികൾ നൽകി. അവരിൽ നിന്ന് സൈക്കഡലിക് അനുഭവത്തെപ്പറ്റിയുള്ള പരമാവധി ഫീഡ് ബാക്ക് സ്വീകരിച്ചു.

ഒടുവിൽ 1963 മെയിൽ  ഇരുവരെയും ഹാർവാർഡ് സർവകലാശാലയിൽ നിന്ന് പുറത്താക്കി. എന്തിനെന്നോ? കാരണമായത് എൽഎസ്ഡി അഥവാ ലിസർജിക് ആസിഡ് ഡൈഎഥിലാമൈഡ്(LSD) എന്ന മറ്റൊരു സൈക്കഡലിക് മരുന്നാണ്.  സൈലോസൈബിൻ വിലക്കപ്പെട്ടിരുന്നില്ല എങ്കിലും LSD അങ്ങനെ അല്ലായിരുന്നു. പുറത്തറിഞ്ഞാൽ പൊലീസ് കയ്യോടെ അറസ്റ്റുചെയ്യുന്ന ആ മരുന്നും അവർ സ്ഥിരം ഉപയോഗിച്ചുകൊണ്ടിരുന്നു. പ്രൊഫ. ലിയറിയെ പുറത്താക്കാനുണ്ടായ കാരണം ലളിതമായിരുന്നു. മുഴുവൻ സമയവും മരുന്നടിച്ച് ക്വാർട്ടേഴ്സിൽ തന്നെ ഇരിക്കും. ക്ലസ്സെടുക്കാൻ കോളേജിലേക്ക് തിരിഞ്ഞു പോലും നോക്കില്ല. റിച്ചാർഡിനെ പുറത്താക്കിയതോ, വിദ്യാർത്ഥികൾക്ക് LSD സപ്ലൈ  ചെയ്തതിനും. ഒടുവിൽ ഉള്ളിലേക്ക് ചെലുത്തുന്ന തോത് കൂടിക്കൂടി മയക്കുമരുന്ന് പണ്ടേപ്പോലെ ഏശാത്ത അവസ്ഥ വരെ റിച്ചാർഡിനുണ്ടായി. 

ഹാർവാർഡിലെ നിന്ന് പുറത്താക്കപ്പെട്ടപ്പോൾ ഇരുവരും മിൽബ്രൂക്കിലെ ഒരു കെട്ടിടത്തിലേക്ക് താമസം മാറ്റി അവിടെ തങ്ങളുടെ പരീക്ഷണങ്ങൾ തുടരുന്നു. വ്യവസായി ആൻഡ്രൂ മെലൺ, എഴുത്തുകാരൻ അലൻ ജിൻസ്ബർഗ് തുടങ്ങിയ പലരും അവരുടെ പിന്തുടർച്ചക്കാരായി അവിടെ പറ്റിക്കൂടി. മയക്കുമരുന്നുകളിന്മേൽ കടുത്ത പരീക്ഷണങ്ങളാണ് മിൽബ്രൂക്കിൽ പിന്നീട് നടന്നത്. അമേരിക്കയിൽ ഹിപ്പി സംസ്കാരം പരമകാഷ്ഠയിൽ എത്തിയപ്പോൾ അതിന്റെ പതാകാവാഹകരായിരുന്നു റിച്ചാർഡും ലിയറിയും. "turn on, tune in, drop out" എന്ന അവരുടെ മുദ്രാവാക്യം എൺപതുകളിലെ യുവത ഏറ്റുപാടി. എന്നാൽ നിരവധി അക്രമസംഭവങ്ങൾക്കും, ആത്മഹത്യകൾക്കും ഒടുവിൽ അമേരിക്കയിൽ LSD നിരോധിക്കപ്പെട്ടു.  

ഇന്ത്യയിലേക്കുള്ള പലായനം 

ആ നിരോധനം പകർന്ന നിരാശയിൽ നിന്ന് കരകയറാനായാണ്, 1967 -ൽ  റിച്ചാർഡ് ഇന്ത്യയിലേക്ക് സന്ദർശനത്തിന് എത്തിച്ചേരുന്നത്. ഇങ്ങോട്ടു വന്നത് ഒരു വിനോദ സഞ്ചാരിയായിട്ടായിരുന്നു എങ്കിലും. മടങ്ങിപ്പോയത് തീർത്ഥയാത്രികനെപ്പോലെയാണ്. അതിനു കാരണമോ, ആ യാത്രയിൽ ഇന്ത്യയിൽ വെച്ച് സന്ധിക്കാനിടയായ, മഹാരാജ് എന്നറിയപ്പെട്ടിരുന്ന 'നീം കരോളി വാലെ ബാബാ' എന്ന സന്യാസിയും. ദേഹത്ത് ഒരു ഷാളും പുതച്ച് സദാ ഒരു നിലപാടുതറയിൽ ധ്യാനത്തിലിരിക്കും ബാബ. ആ സന്യാസി ഒരു ദിവസം തന്റെ മനസ്സ് വായിച്ചെടുത്തു എന്നാണ് റിച്ചാർഡ് പറയുന്നത്. പ്ലീഹാ ഗ്രന്ഥിക്ക് വീക്കം വന്നു മരിച്ചുപോയ റിച്ചാർഡിന്റെ അമ്മയെപ്പറ്റി സ്വാമി  ചോദിച്ചു. താൻ ഇക്കാര്യം ഇന്ത്യയിൽ ആരോടും പറഞ്ഞിരുന്നില്ലല്ലോ എന്ന് റിച്ചാർഡ് അത്ഭുതം കൂറി.

തൊട്ടുപിന്നാലെ,"അമേരിക്കയിൽ നിന്ന് നീ കൊണ്ടുവന്നിട്ടുള്ള ആ മരുന്നിങ്ങോട്ടെടുക്ക്" എന്ന് സ്വാമി പറഞ്ഞപ്പോൾ റിച്ചാർഡിന്റെ കണ്ണുതള്ളി. തന്റെ കയ്യിൽ LSD ഉള്ളകാര്യം എങ്ങനെ ബാബയ്ക്ക് മനസ്സിലായി എന്നതായി റിച്ചാർഡിന്റെ ആശ്ചര്യം.  അങ്ങനെ ബാബയുടെ അവശ്യപ്രകാരം, റിച്ചാർഡ്  നീംഅദ്ദേഹത്തിന് 900 മില്ലിഗ്രാം LSD നൽകി. അതൊരു ഹൈഡോസ് ആയിരുന്നു. അത്രയും മരുന്ന് ഉള്ളിൽ ചെന്നാൽ സാധാരണഗതിക്ക് ആരും വീണുപോകേണ്ടതാണ്. ബാബയാണെങ്കിൽ മുമ്പൊരിക്കലും LSD ഉള്ളിലെടുത്തിട്ടുമില്ല. എന്നിട്ടും ആ മരുന്ന് ബാബയെ ഏശിയതേയില്ല. 


 

യോഗസാധന കൊണ്ട് ബാബാ നേടിയെടുത്തിരുന്ന മനോനിലയെ ഉലയ്ക്കാൻ സൈക്കഡലിക് മരുന്നുകൾ നൽകുന്ന നൈമിഷികഭ്രമം മതിയാകില്ല എന്ന്  ആ നിമിഷത്തിലാണ്  റിച്ചാർഡ് തിരിച്ചറിയുന്നത്. അതോടെയാണ് മനുഷ്യ ചേതനയും മയക്കുമരുന്നും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള റിച്ചാർഡിന്റെ ധാരണകൾ മാറുന്നത്. 'സ്നേഹം' എന്ന ഏറ്റവും ശക്തിയുള്ള മയക്കുമരുന്നിന്റെ അന്ന് ബാബ റിച്ചാർഡിന് പരിചയപ്പെടുത്തി. അതോളം ഒരു മയക്കുമരുന്നിനും മനുഷ്യമനസ്സിനെ സ്വാധീനിക്കാനാകില്ലെന്ന് ബാബ അയാളോട് പറഞ്ഞു. അന്നാണ് റിച്ചാർഡിന് ആദ്യമായി ഒരു ഗുരുവിന്റെ സാമീപ്യം അനുഭവപ്പെട്ടത്. ബാബയിൽ നിന്ന് സന്യാസം സ്വീകരിക്കാൻ തന്നെ റിച്ചാർഡ് തീരുമാനിച്ചു. അദ്ദേഹമാണ് റിച്ചാർഡിന് 'രാംദാസ്' എന്ന പേരുനൽകിയത്, ഒപ്പം ഹൈന്ദവ മത സങ്കല്പങ്ങളും, യോഗാഭ്യാസവും, ധ്യാനമുറകളും മറ്റും അദ്ദേഹത്തെ അഭ്യസിപ്പിക്കുന്നതും. അതെല്ലാം പാശ്ചാത്യ ലോകത്തിനുകൂടി പകർന്നു നൽകാൻ, മഹാരാജിന്റെ അനുഗ്രഹത്തോടു കൂടി ബാബാ രാംദാസ് തൂവെള്ളത്താടിയും, വെള്ളക്കുപ്പായവുമായി നഗ്നപാദനായി അമേരിക്കയ്ക്ക് വിമാനം കയറുന്നത്. 


 
1971  'Be Here Now' എന്ന  ശീർഷകത്തിലുള്ള പുസ്തകം പുറത്തിറങ്ങുന്നതോടെയാണ് ലോകം 'ബാബാ രാംദാസ്' എന്ന പേര് ആദ്യമായി കേൾക്കുന്നത്. മധുരനാരങ്ങ പോലെ വിറ്റുതീർന്ന ആ പുസ്തകം ചുരുങ്ങിയ കാലയളവുകൊണ്ട് വിറ്റു തീർത്തത് ഇരുപത് ലക്ഷത്തോളം പ്രതികളായിരുന്നു. എഴുപതുകളിലും എണ്പതുകളിലുമുള്ള അമേരിക്കൻ യുവാക്കളെ വല്ലാതെ സ്വാധീനിച്ച ഒരു പുസ്തകമാണിത്. അപ്പോഴേക്കും രാംദാസ് അമേരിക്കയിൽ സ്ഥിരതാമസമാക്കിക്കഴിഞ്ഞിരുന്നു. തൂവെള്ളത്താടി അദ്ദേഹത്തിന്റെ സന്യാസി രൂപത്തിന് മാറ്റുകൂട്ടുന്നുണ്ടായിരുന്നു. ബാബാ രാംദാസ് പിന്നെയും നിരവധി പുസ്തകങ്ങൾ എഴുതി. നാടുമുഴുവൻ നടന്നു പ്രഭാഷണങ്ങൾ നടത്തി. മതങ്ങളുടെ താരതമ്യപഠനമായിരുന്നു പ്രധാന വിഷയം. ഹിന്ദുമതതത്വങ്ങളിൽ നിന്ന് എന്തൊക്കെ ബിസിനസിലേക്ക് സ്വാംശീകരിക്കാം എന്നത്  സംബന്ധിച്ച അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾക്ക് അമേരിക്കയിൽ ഏറെ സ്വീകാര്യതയുണ്ടായി. അധികം താമസിയാതെ അമേരിക്ക മുഴുവൻ അദ്ദേഹത്തിന്റെ യശസ്സുയർന്നു. 'പ്രായോഗിക ആധ്യാത്മികത'(Applied Spirituality)യുടെ പ്രതീകമായി ബാബാ രാംദാസ് വാഴ്ത്തപ്പെട്ടു.  


 
എൺപതുകളിൽ അദ്ദേഹം ഒരു ഇമേജ് മേക്കോവർ നടത്തി. താടി വടിച്ചുകളയുകയുണ്ടായി. ചെറിയൊരു മീശവെച്ചു. അദ്ദേഹത്തിന് കൾട്ട് ഫിഗർ ആകാൻ ഒട്ടും താത്പര്യമില്ലായിരുന്നു . "എനിക്ക് സ്വാമിയോ ആൾദൈവമോ ഒന്നുമാകേണ്ട. എന്നെ പുറത്താക്കിയ ഹാർവാർഡുകാരുടെ തീരുമാനം വളരെ ശരിയായിരുന്നു" അദ്ദേഹം തന്റെ പ്രസാധകനോട് ഒരിക്കൽ പറഞ്ഞു. രാംദാസിന് അമേരിക്കയിൽ ഇത്രകണ്ട് സ്വാധീനമുണ്ടാകാനുള്ള ഒരു കാരണം താനൊരു സാധാരണക്കാരൻ മാത്രമാണ് എന്ന അദ്ദേഹത്തിന്റെ തുറന്നുപറച്ചിലാണ്. മറ്റാരെയും പോലെ എല്ലാവിധ 'കാമനകളും ഭീതികളും' ഒക്കെയുള്ള ഒരു സാധാരണക്കാരൻ മാത്രമാണ് താനെന്ന് അദ്ദേഹം തന്റെ ശിഷ്യരോട് പറഞ്ഞു. ഒരിക്കൽ തന്റെ ഒരു അനുയായി, അക്കാലത്ത് റിലീസായ 'ഡീപ്പ് ത്രോട്ട്' എന്ന ഒരു അശ്‌ളീല ചിത്രം കാണാനുള്ള തിയേറ്ററിലെ ക്യൂവിൽ വെച്ച് തന്നെ കണ്ട കാര്യം ഇടക്ക് ഏതോ പ്രഭാഷണത്തിൽ അദ്ദേഹം പരാമർശിക്കുകയുണ്ടായി. 


 
താൻ ഒരു സ്വവർഗാനുരാഗിയാണ് എന്ന്  അഭിമുഖങ്ങളിൽ തുറന്നു പറഞ്ഞിരുന്നു രാംദാസ്. നിരവധി യുവാക്കളുമായി തനിക്ക് ബന്ധമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. എന്നാൽ 2010 -ൽ അദ്ദേഹത്തിന് ഒരു കത്ത് കിട്ടുന്നു. അതിൽ ഇത്രമാത്രം എഴുതിയിരുന്നു, " എന്റെ അച്ഛൻ നിങ്ങളാണെന്നാണ് എനിക്ക് തോന്നുന്നത്..." തുടർന്ന് ഡിഎൻഎ ടെസ്റ്റ് നടത്തപ്പെടുന്നു, പീറ്റർ റിച്ചാർഡ് എന്ന് പേരായ ഒരാളുടെ അച്ഛനാണ് ബാബാ രാംദാസ് എന്ന് തെളിയുന്നു. സ്റ്റാൻഡ്‌ഫോർഡ് പഠനകാലത്ത് തന്റെ സഹപാഠിയുമായുണ്ടായ ഹ്രസ്വബന്ധത്തിൽ ഉണ്ടായ കുഞ്ഞായിരുന്നു അത്. ഒടുവിൽ 1997 -ൽ ഒരു സ്ട്രോക്ക് വന്നു കിടപ്പിലുമാവുന്നുണ്ട് ബാബാ രാംദാസ്. അതിൽ നിന്ന് കരകയറി വരാൻ ഏറെക്കാലമെടുത്തെങ്കിലും പുതിയ പുസ്തകങ്ങളും ഇന്റർനെറ്റ് വഴിയുള്ള പ്രഭാഷങ്ങളും ഒക്കെയായി അദ്ദേഹം ഈയിടെ വീണ്ടും സജീവമായിരുന്നു. 

ആപ്പിൾ മേധാവി സ്റ്റീവ് ജോബ്സ്, ബീറ്റിൽസ് ഗായകൻ ജോർജ് ഹാരിസൺ, മാർക്ക് സക്കർബർഗ് തുടങ്ങി പാശ്ചാത്യലോകത്ത് വിജയം കൈവരിച്ചിട്ടുള്ള പലർക്കും ആധ്യാത്മിക നിലാവെളിച്ചം പകർന്നുപോന്നിരുന്നത് ബാബാ രാംദാസ് ആയിരുന്നു. അദ്ദേഹത്തെക്കുറിച്ചുള്ള ഡോക്യൂമെന്ററി 'Becoming Nobody' പുറത്തിറങ്ങിയത് ഇക്കൊല്ലമായിരുന്നു. അമേരിക്കയ്ക്ക് ഇന്ത്യൻ ആധ്യാത്മികതയുടെ അനുഭവപാഠങ്ങൾ ചൊല്ലിക്കൊടുത്ത് ധനികനായ ഈ 'സ്പിരിച്വൽ ഗുരു' തന്റെ എൺപത്തിയെട്ടാം വയസ്സിൽ മരണത്തെപ്പുൽകിയെങ്കിലും, അദ്ദേഹത്തിന്റെ 'കൗണ്ടർ കൾച്ചർ' ക്‌ളാസ്സിക് ആയ 'Be Here Now' ഇന്നും അമേരിക്കയിൽ ചൂടപ്പം പോലെ വിറ്റുപോകുന്നുണ്ട്. 

click me!