മൂന്നുവയസ് മാത്രമുള്ള മകനെ കൊല്ലും മുമ്പ് അച്ഛൻ അവന്റെ അമ്മയോട് പറഞ്ഞത്...

By Web TeamFirst Published Nov 9, 2021, 3:47 PM IST
Highlights

നിരന്തരം തന്നെ മർദ്ദിക്കുമായിരുന്ന വൈസറുമൊത്ത് വിവാഹജീവിതം നയിക്കാൻ തനിക്കു താത്പര്യമില്ല എന്ന്‌  ഫീബെ തുറന്നു പറഞ്ഞതോടെ, തന്റെ ഭാവിസ്വപ്‌നങ്ങൾ തകർന്നതായി അയാൾക്ക് തോന്നി. 

'ക്ലെമൻസ് വൈസർ' എന്നത് പോർച്ചുഗലിലെ ലിസ്ബണിലുള്ള ഒരു അച്ഛന്റെ പേരാണ്. കഴിഞ്ഞ ദിവസം പോർച്ചുഗൽ പൊലീസ് നിരവധി ഡ്രോണുകളും സ്‌നിഫർ നായ്ക്കളും സ്വാറ്റ് യൂണിറ്റുകളും ഒക്കെ അണിനിരന്ന ഒരു വൻ തിരച്ചിലിന് ഇറങ്ങിപ്പുറപ്പെട്ടത് ഇയാൾ കാരണമാണ്. കഴിഞ്ഞ അഞ്ചു വർഷക്കാലമായി ഫീബെ അർണോൾഡ്  എന്ന യുവതിയുമായി ഒന്നിച്ചു ജീവിക്കുന്ന ഇയാൾക്ക് അവളിൽ ടാസോ എന്നൊരു മൂന്നുവയസ്സുകാരൻ കുരുന്നുമുണ്ട്. മാസങ്ങൾക്കു മുമ്പ് ഇവർക്കിടയിലെ സ്വരച്ചേർച്ചകൾ വല്ലാതെ വഷളാകുന്നു. നിരന്തരം തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുകൊണ്ടിരുന്ന കാമുകൻ ക്ലെമൻസുമായി ഇനി ഒരുമിച്ചു ജീവിക്കുക സാധ്യമല്ല എന്ന്  ലണ്ടൻ സ്വദേശിയായ ഫീബെ തീരുമാനിക്കുന്നു. ബന്ധം വേർപെടുത്തണം എന്ന തന്റെ ആവശ്യം അവർ പങ്കാളി ക്ലെമൻസിനെ അറിയിക്കുന്നു. അത് പക്ഷേ, ആ നാല്പത്തിനാലുകാരനെ  തള്ളിവിടുന്നത് മനോനില തെറ്റിയ ഒരാവസ്ഥയിലേക്കാണ്. വേർപിരിയണം എന്ന നിലപാടിൽ നിന്ന് പിന്മാറിയില്ലെങ്കിൽ അവരുടെ മൂന്നുവയസ്സുകാരനായ മകനെ കൊന്നുകളയും എന്ന് പലകുറി അയാൾ ഭീഷണി മുഴക്കുന്നു. 

ഇതിനിടെ എന്നോ ഒരു ദിവസം ഇയാൾ മകനെയും കൊണ്ട് സ്ഥലം വിടുന്നു. കുഞ്ഞിനെ തിരികെ കിട്ടാൻ വേണ്ടി ഫീബെ പലവട്ടം ക്ലെമൻസിനെ ഫോണിൽ ബന്ധപ്പെട്ടു എങ്കിലും അയാൾ ഇന്ന്, നാളെ എന്ന്‌ നീട്ടിക്കൊണ്ടിരുന്നു. ഒടുവിൽ നാല് ദിവസം കഴിഞ്ഞും കുഞ്ഞിനെ കാണുകയോ അവന്റെ സ്വരമെങ്കിലും ഒന്ന് കേൾക്കുകയോ ചെയ്യാൻ പറ്റാതെ ആയതോടെ ആ അമ്മ പോലീസിൽ ബന്ധപ്പെട്ടു. പലകുറി ഭീഷണിപെടുത്തിയ പോലെ ഭർത്താവെങ്ങാൻ തന്റെ മകനെ ഉപദ്രവിച്ചോ എന്നായിരുന്നു അവരുടെ പ്രധാന ഭീതി.  

ഒടുവിൽ ദിവസങ്ങളോളം തുടർന്ന അന്വേഷണങ്ങൾക്കൊടുവിൽ, കഴിഞ്ഞ ഞായറാഴ്ച, ലിസ്ബണിൽ നിന്ന് ഒന്നര മണിക്കൂർ ദൂരെയുള്ള ഗ്രാൻഡോള എന്ന പ്രദേശത്തെ കാട്ടിൽ വേട്ടയ്ക്ക് പോയ ചിലരാണ്, വനത്തിനുള്ളിൽ നിർത്തിയിട്ട കാറിനുള്ളിൽ കത്തിയെരിഞ്ഞ ഒരു ജഡം കണ്ടെത്തുന്നത്. തലയിൽ വെടിയുണ്ട തുളച്ചു കയറിയ നിലയിൽ, കത്തിയെരിഞ്ഞു കിടന്നിരുന്ന ആ മൃതദേഹം ഫീബെയുടെ പങ്കാളി വൈസറിന്റേതായിരുന്നു എന്ന്‌ പൊലീസ് സ്ഥിരീകരിച്ചു. കത്തിയമർന്ന കാറിനുള്ളിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ മകൻ ടോസൊയെയും കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.  

ഒരു ഫാഷൻ മാസികയുടെ എഡിറ്റർ ആയിരുന്ന  ഫീബെ ലണ്ടനിൽ വെച്ചാണ് ജർമൻ പൗരനായ വൈസർ കണ്ടുമുട്ടുന്നത്. ലണ്ടനിൽ പഠനം പൂർത്തിയാക്കിയ ശേഷം ഒരു ഡിസൈനിങ് സ്ഥാപനം നടത്തുകയായിരുന്നു വൈസർ അന്ന്. വിവാഹാനന്തരം കഴിയാൻ വേണ്ടി ഒരു വീടുവാങ്ങി അയാൾ  ഫീബെയോടൊപ്പം പുതിയൊരു വൈവാഹിക ജീവിതം ആരംഭിക്കാൻ കണക്കാക്കിയാണ് അയാൾ ലിസ്ബണിലേക്ക് തന്റെ പ്രൊഫഷണൽ ജീവിതം പറിച്ചു നടുന്നത്. എന്നാൽ, നിരന്തരം തന്നെ മർദ്ദിക്കുമായിരുന്ന വൈസറുമൊത്ത് വിവാഹജീവിതം നയിക്കാൻ തനിക്കു താത്പര്യമില്ല എന്ന്‌  ഫീബെ തുറന്നു പറഞ്ഞതോടെ, തന്റെ ഭാവിസ്വപ്‌നങ്ങൾ തകർന്നതായി അയാൾക്ക് തോന്നി. പുതുതായി നിർമിക്കുന്ന വീടിനു ചുറ്റും, മകന് അവന്റെ ടോയ് കാർ ഓടിക്കാൻ വേണ്ടി ഒരു മോട്ടോ സർക്യൂട്ട് പോലും വൈസർ പണി കഴിപ്പിക്കുന്നുണ്ടായിരുന്നു. ഈ വീടിന്റെ പണി അതിന്റെ അവസാന ഘട്ടത്തിൽ എത്തിയപ്പോഴാണ്  ഫീബെ തന്റെ തീരുമാനം അയാളെ അറിയിക്കുന്നത്. 

പിരിയാനുള്ള തീരുമാനം അറിയിച്ചപ്പോൾ, അവസാനമായി ഒരിക്കൽ കൂടി മകനെ കാണണം എന്ന്‌ വൈസർ  ഫീബെയോട് ആവശ്യപ്പെടുന്നു. അതിനു അവർ സമ്മതിച്ചപ്പോഴാണ് അയാൾ അവരുടെ കൂടെ കഴിയുകയായിരുന്ന മകനെ കാണാൻ എത്തുകയും, അമ്മ അറിയാതെ ആ മൂന്നുവയസ്സുകാരനെയും കൊണ്ട് സ്ഥലം വിടുകയും ചെയ്തത്. നവംബർ ഒന്നാം തീയതി മുതൽക്കു തന്നെ അച്ഛനും മകനും മിസ്സിംഗ് ആയതായി  ഫീബെ പൊലീസിൽ പരാതി നൽകുന്നുണ്ട്.

അതിനു ശേഷമാണ് സ്‌നിഫർ നായ്ക്കളുടെയും ഡ്രോണുകളുടേയുമൊക്കെ സഹായത്തോടുള്ള തിരച്ചിലുകൾ ലിസ്ബൺ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്. മൃതദേഹങ്ങളുടെ ഓട്ടോപ്സി നടന്നിട്ടില്ല എന്നതുകൊണ്ട്, ആത്മഹത്യ ചെയ്യും മുമ്പ് മൂന്നുവയസ്സുകാരനായ സ്വന്തം മകനെ അച്ഛൻ എങ്ങനെയാണ് വധിച്ചത് എന്ന കാര്യം പൊലീസിന് വ്യക്തമല്ല. ഇത്തരത്തിൽ ആത്മാഹുതി ചെയ്യും മുമ്പ്, തന്റെ ഭാര്യക്കെഴുതിയ ഇമെയിലിൽ വൈസർ എഴുതിയത്, "നിന്റെ നരകം തുടങ്ങിയിട്ടേ ഉള്ളൂ..." എന്നായിരുന്നു എന്ന്‌  Correio da Manha എന്ന പോർച്ചുഗീസ് പത്രത്തെ ഉദ്ധരിച്ചുകൊണ്ട് സൺ യുകെ ന്യൂസ് പോർട്ടൽ റിപ്പോർട്ട് ചെയ്തു. ഈ ഈമെയിലിനു പിന്നാലെ ഇതേ കാര്യം വിശദീകരിച്ചുകൊണ്ടുള്ള നിരവധി ക്രൂരമായ വാട്സാപ്പ് സന്ദേശങ്ങളും വൈസർ  ഫീബെയ്ക്ക് അയച്ചിരുന്നു എന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 

click me!