'സാരേ ജഹാം സേ അച്ഛാ' എഴുതിയ മുഹമ്മദ് ഇക്ബാൽ ആധുനികതയിൽ നിന്ന് മുസ്ലീങ്ങളെ പിൻനടത്തിയ വ്യക്തിയെന്ന് ആക്ഷേപം

By Web TeamFirst Published Nov 9, 2021, 2:49 PM IST
Highlights

ഇസ്ലാമിന്റെ സർവ്വാധിപത്യത്തിനു വേണ്ടി വാദിച്ചിരുന്ന ഒരാളായിരുന്നു മുഹമ്മദ് ഇക്ബാൽ എന്നാണ് ലേഖകൻ പറയുന്നത്.

'സാരേ ജഹാം സേ  അച്ഛാ' എന്നത് നമ്മുടെ നാട്ടിലെ ഏറ്റവും കൂടുതൽ പ്രചാരം സിദ്ധിച്ച ദേശഭക്തി ഗാനങ്ങളിൽ ഒന്നാണ്. പട്ടാള ബാൻഡുകൾ പോലും ഈ പാട്ടു പല വിശേഷാവസരങ്ങളിലും സ്ഥിരമായി വായിക്കാറുള്ളതുമാണ്. സ്വാതന്ത്ര്യസമരാനന്തരം ഇന്ത്യ വിഭജിക്കപ്പെട്ട് പാകിസ്ഥാൻ എന്ന രാജ്യമുണ്ടായപ്പോൾ അവർ തങ്ങളുടെ ആധ്യാത്മിക നേതൃസ്ഥാനത്ത് പ്രതിഷ്ഠിച്ചത് മുഹമ്മദ് ഇക്ബാലിനെ ആയിരുന്നു. സർ സയ്യിദ്, മുഹമ്മദ് അലി ജിന്ന എന്നിവർക്കൊപ്പം പാകിസ്താന്റെ മൂന്നു സ്ഥാപക നേതാക്കളിൽ ഒരാളാണ് മുഹമ്മദ് ഇക്ബാൽ. 

അവിഭക്ത ഇന്ത്യ എന്ന സങ്കല്പത്തിൽ അടിയുറച്ചു നിന്നുകൊണ്ട് എഴുതപ്പെട്ട 'സാരേ ജഹാം സേ  അച്ഛാ' പുറത്തുവന്ന ശേഷം, ഇക്ബാലിൽ ഉണ്ടായത് കാര്യമായ സമൂലമായൊരു ആശയ പരിവർത്തനമാണ് എന്ന് നജ്മുൽ ഹോഡ ഐപിഎസ് 'ദ പ്രിന്റി'ൽ എഴുതിയ ലേഖനത്തിൽ പറയുന്നു. ഇസ്ലാമിന്റെ സർവ്വാധിപത്യത്തിനു വേണ്ടി വാദിച്ചിരുന്ന ഒരാളാണ് എന്നാണ് ഹോഡയുടെ പക്ഷം. പിൽക്കാലത്ത് അദ്ദേഹമെഴുതിയ കവിതകൾ മുസ്ലിംകളുടെ 'പുരോഗമനവിരുദ്ധ-പാശ്ചാത്യ വിരുദ്ധ' നിലപാടുകൾക്ക് ഊർജം പകർന്നു എന്നാണ്  ഹോഡ പറയുന്നത്. 'ആധുനികത' എന്നത് പാകിസ്താനിലെ ഇസ്ലാമിക സമൂഹത്തിൽ ഒരു അസഭ്യപദമാക്കി മാറ്റിയത് ഇക്ബാൽ ആയിരുന്നത്രേ. അത് സർ സയ്യിദിന്റെ ശാസ്ത്രത്തിലും യുക്തിബോധത്തിലും അധിഷ്ഠിതമായ നിലപാടുകളിൽ നിന്നുള്ള പ്രകടമായ ഒരു പിന്മടക്കം ആയിരുന്നു എന്നും ഹോഡ പറയുന്നു. മതത്തോട് യുക്തിബോധത്തിൽ ഊന്നിയ ചിന്ത(അക്ൽ)യ്ക്ക് പകരം വന്യവും ചിന്താഹീനവുമായ പ്രണയം(ഇഷ്‌ക്) വേണം എന്നുള്ള ഇക്ബാലിന്റെ ആഹ്വാനമാണ് പിന്നീടങ്ങോട്ട് പാകിസ്താനിലെ മുസ്ലിം സമൂഹം തികഞ്ഞ യുക്തിരാഹിത്യത്തിലേക്ക് വഴുതി വീഴാനിടയാക്കിയത് എന്നും ലേഖകൻ പറയുന്നു. 

തികഞ്ഞ സ്ത്രീവിരുദ്ധമായ നിലപാടുകൾ സ്വീകരിച്ചിരുന്ന ഇക്ബാൽ കരുതിയിരുന്നത് ഉന്നതവിദ്യാഭ്യാസം സ്ത്രീകളെ നാശത്തിലേക്ക് നയിക്കും എന്നായിരുന്നു എന്നാണ് ഹോഡ എഴുതുന്നത്. പിന്നീടങ്ങോട്ടുള്ള കാലത്തും, കവിയുടെ ദേശീയത സംബന്ധിച്ച നിലപാടുകൾ, രാജ്യത്ത് ഇസ്ലാമിന് മേൽക്കോയ്മ ഉണ്ടാകും എന്ന ഉറപ്പിന്മേൽ മാത്രമാണ് നിലകൊണ്ടിരുന്നത് എന്നും ലേഖകൻ എഴുതുന്നുണ്ട്. തുടക്കത്തിൽ,"പരസ്പരം വൈരം വെക്കാൻ ഒരു മതവും പഠിപ്പിക്കുന്നില്ല, ലോകത്തിലെ എല്ലാ രാജ്യങ്ങളെക്കാളും മികച്ചത് ഇന്ത്യ എന്ന എന്റെ മാതൃരാജ്യമാണ്" എന്നെഴുതിയ ഇഖ്ബാൽ പിന്നീട് പിൽക്കാലത്ത് എഴുതുന്നത് "ഇസ്ലാം നിന്റെ രാജ്യമാണ്, നീയൊരു മുഹമ്മദൻ ആണ്" എന്നാണ്. "മനുഷ്യരെ എണ്ണുന്നതിനു പകരം തൂക്കി നോക്കുന്ന കച്ചവടമാണ്" എന്ന് ജനാധിപത്യത്തെ വിമർശിച്ചും അദ്ദേഹം പിന്നീട് എഴുതിയിട്ടുണ്ട് എന്നും ഹോഡ പറയുന്നു.

click me!