
'ലോകത്തിലെ ഏറ്റവും തടിച്ച പൂച്ച' എന്നറിയപ്പെടുന്ന പൂച്ചയാണ് ക്രംബ്സ്. ക്രോഷിക് എന്നാണ് പൂച്ചയ്ക്ക് റഷ്യൻ ഭാഷയിലുള്ള പേര്. ക്രോഷിക്കിന്റെ വിയോഗമാണ് ഇപ്പോൾ ലോകത്താകെയുള്ള പൂച്ചസ്നേഹികളെ വിഷമിപ്പിക്കുന്നത്. ഒരു ഫാറ്റ് ക്യാമ്പിൽ ചേർന്ന് ആഴ്ചകൾക്ക് ശേഷമാണ് പൂച്ചയുടെ മരണം.
തടി കാരണം നടക്കാൻ പോലും വയ്യാതായതോടെ ഒരു റഷ്യൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു 13 വയസുള്ള ക്രോഷിക്. 38 പൗണ്ട് (17 കിലോ) ആയിരുന്നത്രെ ക്രോഷികിന്റെ ഭാരം. ചികിത്സയ്ക്ക് പ്രവേശിപ്പിച്ചതിന് പിന്നാലെ ഏഴ് പൗണ്ട് കുറഞ്ഞതായും ഡോക്ടർമാർ പറയുന്നുണ്ട്. ഇവിടുത്തെ ഡോക്ടർമാർ ക്രോഷിക്കിനുള്ള ഡയറ്റ് നിർദ്ദേശിച്ചതോടെയാണ് പൂച്ച വൈറലായി മാറിയത്.
ഇപ്പോൾ പൂച്ചയുടെ മരണകാരണമായി പറയുന്നത് ശ്വാസതടസമാണ്. കൂടാതെ പൂച്ചകളുടെ ശരീരത്തിൽ കാണപ്പെട്ട മുഴകളും ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചതായി പറയപ്പെടുന്നു. ഡോക്ടർമാർ അൾട്രാസൗണ്ടിന് നിർദ്ദേശിച്ചിരുന്നുവെങ്കിലും ക്രോഷിക്കിന്റെ ശരീരഭാരം അതിന് തടസമായി മാറി എന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ മുഴകൾ പൂച്ചയുടെ ഒന്നിലേറെ അവയവങ്ങൾ തകരാറിലാവാൻ കാരണമായിരിക്കാമെന്നും പൂച്ചയെ ചികിത്സിച്ച കാറ്റ് ഷെൽട്ടറിൻ്റെ ഉടമ ഗലിയാന മോർ പറഞ്ഞു.
'പൂച്ചകൾ അസുഖം വരുമ്പോൾ അവ മറച്ചുവയ്ക്കാനാണ് ശ്രമിക്കാറ്. വളരെ വൈകി മാത്രമേ അവ ഈ പ്രശ്നങ്ങൾ വെളിപ്പെടുത്തൂ. അൾട്രാസൗണ്ട് ചെയ്യാൻ സാധിച്ചിരുന്നില്ലെങ്കിലും കൃത്യമായ പരിചരണം പൂച്ചയ്ക്ക് ലഭ്യമാക്കിയിരുന്നു. ഞങ്ങളെ സംബന്ധിച്ച് ഇത് വലിയ നഷ്ടമാണ്, കാരണം ക്രോഷിക് എല്ലാവരുടെയും പ്രതീക്ഷയുടെ പ്രതീകമായിരുന്നു. മാത്രമല്ല, അവനെ കുറിച്ചുള്ള നല്ല വാർത്തകൾ മാത്രം പ്രസിദ്ധീകരിക്കാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ആ നഷ്ടത്തെ കുറിച്ച് സംസാരിക്കുന്നത് ശരിക്കും വേദനാജനകമാണ്' എന്നും ഗലിയാന മോർ പറയുന്നു.
ഹോട്ടൽ വെയിട്രസായ യുവതിയുടെ വിചിത്രമായ ഫോബിയ, ഇങ്ങനെയാണെങ്കിൽ ഈ ജോലി എങ്ങനെ ചെയ്യുമെന്ന് സോഷ്യൽമീഡിയ