പോപ്പിന്‍റെ അനുഗ്രഹം, കന്യാസ്ത്രീകളുടെ മൂത്രം, ആ വന്ധ്യതാ മരുന്ന് കണ്ടെത്തിയ കഥ!

By Web TeamFirst Published Mar 8, 2019, 5:26 PM IST
Highlights

ഈ ഹോർമോണുകളെ വേർതിരിച്ചെടുത്ത് ഡോണിനി ഒരു മരുന്നുണ്ടാക്കി, അതിന് പെർഗോണൽ എന്ന് പേരിട്ടു വിളിച്ചു.  ഗൊണാഡുകളിൽ നിന്നും എന്നർത്ഥം. ഗൊണാഡ് എന്നുവെച്ചാൽ അണ്ഡഗ്രന്ഥി. സെറീനോ ഈ വിഷയത്തെ അധികരിച്ച് 1996 -ൽ പ്രസിദ്ധീകരിച്ച 'ടി ടെയിൽ ഓഫ് ടു ഹോർമോൺസ് ' എന്ന തലക്കെട്ടിലുള്ള ടെക്നിക്കൽ പേപ്പറിൽ ഈ രണ്ടു ഹോർമോണുകളുടെ ഫലസിദ്ധിയെപ്പറ്റി വിശദമായ പരാമർശങ്ങളുണ്ടായി.  എന്നിട്ടും, ഈ വസ്തു വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കാനുള്ള ഒരു മാർഗ്ഗം കണ്ടുപിടിക്കാൻ ഡോണിനിയ്ക്കായിരുന്നില്ല. 

ആധുനിക വൈദ്യശാസ്ത്രത്തിലെ അടിസ്ഥാനപരമായ പല മരുന്നുകളും കണ്ടുപിടിക്കപ്പെട്ടത് തികച്ചും ആകസ്മികമായ ചില സംഭവങ്ങളിലൂടെയാണ്. പലപ്പോഴും വളരെ വിചിത്രമായ ചില യാദൃച്ഛിക സംഭവ വികാസങ്ങളിലൂടെ. ഉദാഹരണത്തിന് അലക്സാണ്ടർ ഫ്ലെമിങ്ങ് പെൻസിലിൻ കണ്ടുപിടിക്കുന്നത് അദ്ദേഹത്തിന്റെ ലാബിലെ ഒരു ട്രേയിൽ അപ്രതീക്ഷിതമായൊരു വളർച്ച കണ്ണിൽപ്പെടുമ്പോഴാണ്. വയാഗ്ര എന്ന മരുന്ന് യഥാർത്ഥത്തിൽ നിർമ്മിക്കാനുദ്ദേശിച്ചിരുന്നത് രക്താതിസമ്മർദ്ദത്തിനുള്ള ചികിത്സയ്ക്കായാണ്.

ബോർഡ് അതിനുവേണ്ടി ലോബിയിങ്ങ് നടത്തണം

അതിന്റെ ക്ലിനിക്കൽ ട്രയലുകൾക്കിടയിലാണ്, യാദൃച്ഛികമായി അതിന്റെ ചില രസകരമായ പാർശ്വഫലങ്ങൾ ഗവേഷകരുടെ കണ്ണിൽ പെടുന്നതും, കളി മാറുന്നതും. ഇക്കൂട്ടത്തിൽ ഏറ്റവും നിഗൂഢമായ ഉത്ഭവകഥയുള്ളത് 'പെർഗോണൽ' എന്നുപേരായ വന്ധ്യതാ ചികിത്സയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന, എത്രയോ ലക്ഷം കുഞ്ഞുങ്ങളുടെ ജനനത്തിനു പിന്നിൽ പ്രവർത്തിച്ച, പ്രസിദ്ധമായൊരു  ഹോർമോണൽ മരുന്നിന്റേതാണ്. 

പുരാതന ഇറ്റലിയിൽ, ഫാർമക്കോളജിയുടെ ഉത്ഭവകാലത്ത് പിയറോ  ഡോണിനി എന്നുപേരായ ഒരു ശാസ്ത്രജ്ഞനുണ്ടായിരുന്നു. മരുന്ന് ഗവേഷകൻ. പിൽക്കാലത്ത് സെറോനോ എന്ന പേരിൽ അതിപ്രശസ്തമായിത്തീർന്നോരു മരുന്നുത്പാദന സ്ഥാപനത്തിലെ റിസർച്ച് സയന്റിസ്റ്റ്  ആയിരുന്നു അദ്ദേഹം. FSH, LH എന്നിങ്ങനെ ഓവുലേഷൻ പ്രക്രിയയെ ത്വരിതപ്പെടുത്തുന്ന രണ്ടു ഹോർമോണുകളെ ആദ്യമായി വേർതിരിച്ചെടുക്കുന്നത് ഇദ്ദേഹമാണ്. ഈ ഹോർമോണുകൾ സ്ത്രീകളുടെ മൂത്രത്തിൽ കാണപ്പെടുന്നവയാണ്. ഗർഭം തിരിച്ചറിയാനുള്ള ടെസ്റ്റുകളുടെ അടിസ്ഥാനവും ഈ ഹോർമോണുകളുടെ തിരിച്ചറിയൽ തന്നെ. സ്ത്രീകളുടെ മൂത്ര സാമ്പിളുകളിൽ നടത്തിയ വളരെ സമഗ്രമായ തന്റെ പഠനങ്ങളിലൂടെ ഡോണിനി തിരിച്ചറിഞ്ഞു, ഈ ഹോർമോണുകൾ ഏറ്റവും ശക്തമായ സാന്നിധ്യമുറപ്പിച്ചിരിക്കുന്നത് 'ആർത്തവ വിരാമം' കഴിഞ്ഞ സ്ത്രീകളുടെ മൂത്രത്തിലാണ്. ആർത്തവിരാമത്തിനപ്പുറം അണ്ഡോത്പാദനം നിലയ്ക്കുമ്പോൾ ശരീരത്തിൽ ഈ ഹോർമോണുകളുടെ ഉത്പാദനം വർധിക്കുകയും തത്‌ഫലമായി അവ മൂത്രത്തിൽ കൂടിയ അളവിൽ അടിഞ്ഞുകൂടുകയും ചെയ്യുന്നു. 

ഈ ഹോർമോണുകളെ വേർതിരിച്ചെടുത്ത് ഡോണിനി ഒരു മരുന്നുണ്ടാക്കി, അതിന് പെർഗോണൽ എന്ന് പേരിട്ടു വിളിച്ചു.  ഗൊണാഡുകളിൽ നിന്നും എന്നർത്ഥം. ഗൊണാഡ് എന്നുവെച്ചാൽ അണ്ഡഗ്രന്ഥി. സെറീനോ ഈ വിഷയത്തെ അധികരിച്ച് 1996 -ൽ പ്രസിദ്ധീകരിച്ച 'ടി ടെയിൽ ഓഫ് ടു ഹോർമോൺസ് ' എന്ന തലക്കെട്ടിലുള്ള ടെക്നിക്കൽ പേപ്പറിൽ ഈ രണ്ടു ഹോർമോണുകളുടെ ഫലസിദ്ധിയെപ്പറ്റി വിശദമായ പരാമർശങ്ങളുണ്ടായി.  എന്നിട്ടും, ഈ വസ്തു വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കാനുള്ള ഒരു മാർഗ്ഗം കണ്ടുപിടിക്കാൻ ഡോണിനിയ്ക്കായിരുന്നില്ല. 

ആ പ്രസ്താവനയിൽ ബോർഡ് വീണു

അങ്ങനെ ഈ മരുന്നുനിർമ്മാണം ഒരു പ്രതിസന്ധിയിലായിരിക്കെയാണ് അടുത്ത താരത്തിന്റെ രംഗപ്രവേശം. വിയന്നയിൽ ജനിച്ച് ഇസ്രായേലിൽ ഉപരിപഠനം സിദ്ധിച്ച കെമിസ്റ്റ്, ബ്രൂണോ ലൂണെൻഫീൽഡ്. ജനീവ കേന്ദ്രീകരിച്ചുകൊണ്ട്, ഗർഭധാരണത്തെ ഉത്തേജിപ്പിക്കുന്ന മനുഷ്യജന്യഹോർമോണുകൾ അടിസ്ഥാനപ്പെടുത്തിയുള്ള മരുന്നുകൾക്കായി ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്ന ബ്രൂണോ സെറോനോയുടെ ബോർഡ് ഓഫ് ഡയറക്ടർമാരുടെ മുന്നിൽ തന്റെ പ്ലാൻ അവതരിപ്പിച്ചു. ആദ്യം ഈ ഡ്രഗ് ക്ലിനിക്കൽ ട്രയലിനു പോവാൻ വേണ്ടത്ര ഉത്പാദിപ്പിക്കണം. അന്നത്തെക്കാലത്ത് ഒരൊറ്റതടസ്സം മാത്രം.. ആയിരക്കണക്കിന് ആർത്തവവിരാമം സംഭവിച്ച സ്ത്രീകളുടെ മൂത്രം ശേഖരിക്കണം. ബോർഡ് അതിനുവേണ്ടി ലോബിയിങ്ങ് നടത്തണം.  അന്ന് തീരെ ചെറുപ്പമായിരുന്നു ബ്രൂണോയ്ക്ക്. എന്തും സാധ്യമെന്നു തോന്നുന്ന  ചോരത്തിളപ്പുള്ള പ്രായം. കമ്പനി വിചാരിച്ചാൽ ആർത്തവം നിലച്ചുപോയ 400  സ്ത്രീകളെ അനായാസം കണ്ടെത്താമെന്നും അവരെ കൃത്യമായ ഇടവേളകളിൽ തങ്ങളുടെ മൂത്രം കമ്പനിയ്ക്ക് ദാനം ചെയാൻ പ്രേരിപ്പിക്കാമെന്നും ഒക്കെ സങ്കല്പിയ്ക്കാൻ കഴിയുന്നവനായിരുന്നു അവൻ. എന്തായാലും, ഈ  ആവശ്യമറിയിച്ചപ്പോൾ, ബോർഡിന്റെ സ്വരം മാറി.. അവർ അവനെ കളിയാക്കുന്ന ഒരു ടോണിൽ പറഞ്ഞു, "ഹലോ.. ഇത് ഒരു ഔഷധ ഗവേഷണ നിർമ്മാണ ശാലയാണ്, കോർപ്പറേഷൻ വക മൂത്രപ്പുരയല്ല..!" ആകെ ഹതാശനായി അയാൾ മടങ്ങിപ്പോയി. 

ബ്രൂണോയുടെ ഹോർമോൺ ഗവേഷണങ്ങൾക്ക് പിന്നിൽ മറ്റൊരു ഗൂഢോദ്ദേശ്യം കൂടി  ഉണ്ടായിരുന്നു. വളരെ ധനാഢ്യരായ ഒരു ജൂതകുടുംബത്തിൽ നിന്നുമായിരുന്നു ബ്രൂണോയുടെ വരവ്. രണ്ടാം ലോക മഹായുദ്ധത്തിൽ നടന്ന ജൂതന്മാരുടെ ഹോളോകോസ്റ്റിനു ശേഷം അവരുടെ സമൂഹം വീണ്ടും കെട്ടിപ്പടിക്കുന്നതിന് വന്ധ്യത ഒരു തടസ്സം നിൽക്കരുത് എന്ന വിശ്വാസക്കാരനായിരുന്നു അദ്ദേഹം. അദ്ദേഹം തന്റെ സമൂഹത്തിലുള്ള സർവസ്വാധീനങ്ങളും ലക്‌ഷ്യം നേടുന്നതിനായി ഉപയോഗിച്ചു. അക്കൂട്ടത്തിൽ ഒരാളാണ് പോപ്പ് പയസ് പന്ത്രണ്ടാമന്റെ ഒരു വളരെ അടുത്ത ബന്ധുവുമായി അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്. ഗൂളിയോ പാസെല്ലി എന്ന, സെറോണോ ബോർഡ് മെമ്പർ കൂടിയായ അദ്ദേഹമാണ് വത്തിക്കാനുമായി ബ്രൂണോയെ അടുപ്പിക്കുന്നത്. ഇരുവരും തമ്മിലുള്ള കൂലങ്കഷമായി ചർച്ചകൾക്കൊടുവിൽ പാസെല്ലിയും എടുത്തു ഒരു അപ്പോയിന്റ്മെന്റ്, സെറോണോയുടെ ബോർഡ് ഓഫ് ഡയറക്ടർമാരുമായി സംവദിക്കാനായി.

ആ കൂടിക്കാഴ്ചയിൽ ഒരാഴ്ചമുന്നേ ബ്രൂണോ നടത്തിയ അതേ പ്രസംഗം തന്നെ ഗൂളിയോയും അവർക്കുമുന്നിൽ നടത്തി. എന്നാൽ പരിഹാസശരങ്ങളുതിർക്കാൻ അവർ മുരടനക്കുന്നതിനിടെ ഒരു കാര്യം കൂടി ഗൂളിയോ പറഞ്ഞുവെച്ചു. " എന്റെ അമ്മാവൻ.. പോപ്പ് പയസ്സ് പന്ത്രണ്ടാമൻ ഈ മരുന്നുത്പാദിപ്പിക്കാൻ വേണ്ട ആർത്തവവിരാമം പിന്നിട്ട സ്ത്രീകളുടെ മൂത്രത്തിനുവേണ്ട സഹായങ്ങൾ ചെയ്യാം എന്നറിയിച്ചിട്ടുണ്ട്. വത്തിക്കാന്റെ കീഴിലുള്ള സകല സഭകളിലെയും വൃദ്ധസദനങ്ങളിലേക്ക് അദ്ദേഹത്തിന്റെ അഭ്യർത്ഥന പൊയ്ക്കഴിഞ്ഞിട്ടുണ്ട്. സഭയുടെ പരമപവിത്രമായ ഒരാവശ്യത്തിലേക്കായി സഭയിലെ  ആർത്തവവിരാമം പിന്നിട്ട ആയിരക്കണക്കിന് കന്യാസ്ത്രീകൾ തങ്ങളുടെ മൂത്രം ശേഖരിച്ച്  നൽകാൻ തയ്യാറായിട്ടുണ്ട്.. " ആ പ്രസ്താവനയിൽ ബോർഡ് വീണു. തുടർഗവേഷണങ്ങൾക്കു വേണ്ടുന്ന ഫണ്ടുകൾ അനുവദിക്കപ്പെട്ടു. സെറോണോയുടെ ഇരുപത്തഞ്ചു ശതമാനം ഓഹരികളും കൈവശം വച്ചിരുന്നത് വത്തിക്കാൻ ആയിരുന്നു എന്നത് പിൽക്കാല ചരിത്രം. 

പിന്നീടങ്ങോട്ട് കന്യാസ്ത്രീകളുടെ മൂത്രവും വഹിച്ചുകൊണ്ട്, റോമിൽ അങ്ങോളമിങ്ങോളമുള്ള വൃദ്ധസദനങ്ങളിൽ നിന്നും ടാങ്കറുകൾ റോമിലെ സെറോണോ ആസ്ഥാനത്തേക്ക് പാഞ്ഞു. പത്തു കന്യാസ്ത്രീകൾ, പത്തു ദിവസം കൊണ്ട് ദാനം ചെയ്യുന്ന മൂത്രം വേണമായിരുന്നു ഒരു തവണത്തെ ചികിത്സയ്ക്ക് എന്ന് പറയുമ്പോൾ മനസ്സിലാവും എത്ര പണിപ്പെടണമായിരുന്നു ആ മരുന്നിനായി എന്ന്. സത്യത്തിൽ കന്യാസ്ത്രീകളുടെ തന്നെ മൂത്രം വേണമെന്നില്ലായിരുന്നു ഈ മരുന്നുത്പാദിപ്പിക്കാൻ. ഒരൊറ്റ നിർബന്ധമേ ഉണ്ടായിരുന്നുള്ളൂ.. ഗർഭിണികളായ യുവതികളുടേതാവരുത് മൂത്രം. വൃദ്ധസദനങ്ങളിൽ നിന്നുമുള്ള ആർത്തവ വിരാമം കഴിഞ്ഞ കന്യാസ്ത്രീകളിൽ നിന്നുമുള്ള സാമ്പിളുകളാവുമ്പോൾ ആ സാധ്യത പൂർണമായും സീൽ ചെയ്യപ്പെട്ടിരുന്നു. 

എൺപതുകളുടെ മധ്യത്തോടെ മരുന്നിന്റെ ഡിമാൻഡ് ഇരട്ടിച്ചു

1962 -ൽ ബ്രൂണോയുടെ കീഴിൽ ചികിത്സയിലിരുന്ന ഒരു യുവതി ചികിത്സാഫലമായി ഗർഭം ധരിക്കുകയും പൂർണാരോഗ്യവതിയായൊരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. അടുത്ത രണ്ടുവർഷങ്ങൾക്കുള്ളിൽ പെർഗോണൽ ഉപയോഗിച്ച് നടത്തിയ വന്ധ്യതാ ചികിത്സകളുടെ ഫലമായി 20  ഗർഭങ്ങൾ കൂടി സാധ്യമായി. എൺപതുകളുടെ മധ്യത്തോടെ മരുന്നിന്റെ ഡിമാൻഡ് ഇരട്ടിച്ചു. ഒരു ദിവസം 30,000  ലിറ്റർ മൂത്രം സെറോണോയ്ക്ക് ആവശ്യമായി വന്നു. പ്രാകൃതികമായ രീതിയിലുള്ള, മൂത്രത്തിൽ നിന്നുള്ള, ഹോർമോണുകളുടെ വേർതിരിക്കൽ, ദിനം പ്രതി വർദ്ധിച്ചുകൊണ്ടുവന്ന മരുന്നിന്റെ ആവശ്യത്തെ നേരിടാൻ തികയാതെ വന്നപ്പോൾ കമ്പനി, തൊണ്ണൂറുകളോടെ ആ ഹോർമോണുകൾ  സിന്തസൈസ്‌ ചെയ്യാൻ - രാസപ്രക്രിയയിലൂടെ നിർമ്മിച്ചെടുക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തു - തത്‌ഫലമായി  കന്യാസ്ത്രീകളെ ആശ്രയിക്കേണ്ട അവസ്ഥ മാറി. മരുന്ന് നിർമ്മാണത്തിനുള്ള പെടാപ്പാടും ചെലവും കുറഞ്ഞു. മരുന്ന് വളരെ കുറഞ്ഞ നിരക്കിൽ സാധാരണക്കാർക്ക് ലഭ്യമായിത്തുടങ്ങി. 

പെർഗോണൽ എന്ന ഈ മരുന്ന്, വന്ധ്യതാ ചികിത്സയ്ക്ക് ഇന്ന് വൈദ്യശാസ്ത്രത്തിൽ ഏറ്റവും അധികം പ്രിസ്‌ക്രൈബ് ചെയ്യപ്പെടുന്ന ഒന്നാണ്. സാങ്കേതികവിദ്യ ഇത്രയ്‌ക്കൊന്നും പുരോഗമിച്ചിട്ടില്ലാതിരുന്ന കാലത്ത്, പരശ്ശതം കന്യാസ്ത്രീകൾ,  അറിഞ്ഞോ അറിയാതെയോ, പ്രതിഫലേച്ഛ കൂടാതെ നടത്തിയ നിസ്വാർത്ഥമായ ചില ത്യാഗങ്ങളും  ഈ മരുന്നിന്റെ ഇന്നത്തെ സുലഭ ലഭ്യതയ്ക്ക് ഉപോൽബലകമായിട്ടുണ്ട് എന്നത് അങ്ങനെ എളുപ്പത്തിൽ മറക്കാൻ പാടില്ലാത്ത ഒരു ചരിത്ര വസ്തുതയാണ്. 
 

click me!