Latest Videos

India@75 : പറങ്കിക്ക് മുന്നിൽ കീഴടങ്ങാത്ത കോഴിക്കോട്

By Web TeamFirst Published Aug 4, 2022, 11:15 AM IST
Highlights

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ആരംഭിച്ച ഇന്ത്യ@75 കാമ്പെയിനിന്റെ ഭാഗമായി തയ്യാറാക്കുന്ന 'സ്വാതന്ത്ര്യസ്പര്‍ശം' പരിപാടിയില്‍ ഇന്ന് പറങ്കിക്ക് മുന്നിൽ കീഴടങ്ങാത്ത കോഴിക്കോട്.

ഇന്നേയ്ക്ക്  കൃത്യം 523 വർഷം മുമ്പ്. ഒരു മെയ് 20. കോഴിക്കോട്ടെ കാപ്പാട് തീരം. ഒരു പറ്റം പോർച്ചുഗീസ് പായ്ക്കപ്പലുകൾ നംകൂരമിടുന്നു. കപ്പലിറങ്ങി തീരത്ത് ഒരു പരദേശി അണയുന്നു. ആദ്യം കണ്ടുമുട്ടിയവരോട് അയാൾ പറഞ്ഞു: "ക്രിസ്ത്യാനികളെയും കുരുമുളകും തേടി വന്നവരാണ് ഞങ്ങൾ!".

ഏഷ്യാ ഭൂഖണ്ഡത്തിൽ അഞ്ച് നൂറ്റാണ്ട് നീണ്ട യൂറോപ്യൻ ആധിപത്യത്തിന്റെ തുടക്കം. അതിന് വിധിയുണ്ടായത് കോഴിക്കോടിനും കേരളത്തിനും. ഇന്ത്യയെന്ന സുഗന്ധദ്രവ്യതീരത്തേക്ക് കടൽമാർഗം കണ്ടെത്തിയ ആദ്യ യൂറോപ്യനായി പോർച്ചുഗീസുകാരൻ വാസ്കോ ഡാ ഗാമ. കോഴിക്കോട് ആഗോളവിപണികളിൽ അന്ന് സ്വർണ്ണത്തെക്കാൾ വിലയുള്ള കുരുമുളകിന്റെ മഹാതീരം. ആർത്തി മൂത്ത പോർച്ചുഗീസുകാർ പിന്നെ അഴിച്ചുവിട്ടത്  കടന്നാക്രമണവും കൊള്ളയും. 

ഇന്ത്യയിലേക്ക് കടല്‍മാര്‍ഗം കണ്ടെത്തിയ ആദ്യ യൂറോപ്യന്‍- വാസ്‌കോ ഡാ ഗാമ, സ്വാതന്ത്ര്യസ്പര്‍ശം

#VascodaGama#PreIndependence pic.twitter.com/KyTWddPZCX

— Asianet News (@AsianetNewsML)

പക്ഷെ കോഴിക്കോട് കീഴടങ്ങിയില്ല. പലമടങ്ങ് ആധുനിക ആയുധശേഷിയും പരിശീലനവും  ഒക്കെ ഉള്ള പോർച്ചുഗീസുകാർ കാലങ്ങളായി പരിശ്രമിച്ചിട്ടും കോഴിക്കോട് പിടിച്ചടക്കാൻ കഴിഞ്ഞില്ല. സാമൂതിരി രാജാവിന്റെ  നായകത്വത്തിൽ മതജാതിവ്യത്യാസമില്ലാതെ അണിനിരന്ന നാട്ടുകാരുടെ പ്രതിരോധപ്പട യൂറോപ്യൻ ആക്രമണകാരികൾക്ക് മുന്നിൽ തലകുനിച്ചില്ല. 

ക്രമേണ കണ്ണൂരും കൊച്ചിയും പറങ്കിപ്പടയുടെ പിടിയിലമർന്നു. കോഴിക്കോട്ടും പരസ്പരം നടന്ന രക്തരൂക്ഷിതമായ സംഘർഷങ്ങളിൽ ഇരുപക്ഷത്തും ജീവൻ ഏറെ പൊലിഞ്ഞു.  പക്ഷെ, അറബി അറിവുകൾ സ്വായത്തമായ  കുഞ്ഞാലിമരയ്ക്കാർമാരെന്ന നാവികമേധാവികളുടെ ആസൂത്രണവും  ഇച്ഛാശക്തിയും സാമൂതിരിക്ക് കരുത്തായി. ഒരിക്കലും പറങ്കിക്ക് മുന്നിൽ കോഴിക്കോട്  കീഴടങ്ങിയില്ല.  മലയാളിയുടെ സ്വാതന്ത്ര്യസമരചരിത്രത്തിലെ ധീരോദാത്തമായ ആദ്യ അദ്ധ്യായം. മാപ്പിളയും നായരും തീയനും മുക്കുവനും ഒക്കെ ഒന്നിച്ചുയർത്തിയ  ജനകീയക്കരുത്തിന്റെ വിജയം.  

click me!