അയോധ്യ കേസ് വിധിയെ സ്വാധീനിച്ച, മലയാളി ആർക്കിയോളജിസ്റ്റായ കെ കെ മുഹമ്മദ് ഉൾപ്പെട്ട, എഎസ്ഐ ഖനനത്തിലെ കണ്ടെത്തലുകൾ

Published : Nov 09, 2019, 01:02 PM ISTUpdated : Nov 09, 2019, 03:51 PM IST
അയോധ്യ കേസ് വിധിയെ സ്വാധീനിച്ച,  മലയാളി ആർക്കിയോളജിസ്റ്റായ കെ കെ മുഹമ്മദ് ഉൾപ്പെട്ട, എഎസ്ഐ ഖനനത്തിലെ കണ്ടെത്തലുകൾ

Synopsis

ഒരു മുസ്ലിമായ, അതും അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ നിന്ന് ഹിസ്റ്ററിയിൽ എംഎ കഴിഞ്ഞ, കെ കെ മുഹമ്മദ് അന്നു നടത്തിയ  വെളിപ്പെടുത്തൽ ഏറെ കോലാഹലങ്ങൾക്ക് വഴിയൊരുക്കി.

അയോധ്യ കേസിൽ സുപ്രീം കോടതിയുടെ ചരിത്ര പ്രധാനമായ വിധി പുറത്തുവന്നു കഴിഞ്ഞു. വിധിയെപ്പറ്റി വിഭിന്നാഭിപ്രായങ്ങൾ ജനങ്ങൾക്കുണ്ടാകാം എങ്കിലും സമാധാനത്തിന് മുൻഗണന കൊടുത്തുകൊണ്ട് അതിനെ അംഗീകരിച്ച് മുന്നോട്ടുപോകുമെന്നുതന്നെയാണ് എല്ലാവരും പറയുന്നത്. 2.77 ഏക്കർ വരുന്ന തർക്കഭൂമിയിൽ ഇങ്ങനെ ഒരു വിധിയുണ്ടാകാൻ ഒരു കാരണം  അലഹബാദ് ഹൈക്കോടതിയുടെ  നിർദ്ദേശപ്രകാരം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ആ സ്ഥലത്ത് നടത്തിയ ഖനനങ്ങളും ഗവേഷണങ്ങളുമാണ്. 

1976-77 കാലഘട്ടത്തിൽ എഎസ്ഐ സർവേ നടത്തിയപ്പോൾ, അന്നത്തെ ഡയറക്ടർ ബി ബി ലാൽ ആയിരുന്നു. കെ കെ മുഹമ്മദ് എന്ന മലയാളിയും ആ ടീമിലെ ഒരംഗമായിരുന്നു. അന്നദ്ദേഹം അലിഗഢ് മുസ്ലിം സർവകലാശാലയിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ആർക്കിയോളജിക്കൽ സർവേയുടെ, ദില്ലി സ്‌കൂൾ ഓഫ് ആർക്കിയോളജിയിൽ ഡിപ്ലോമയ്ക്ക് പഠിക്കുന്ന കാലത്ത്  വിദ്യാർത്ഥി എന്ന നിലയിലാണ് മുഹമ്മദ് ദൗത്യസംഘത്തിന്റെ ഭാഗമായത്. 

സർവേ ഒക്കെ പൂർത്തിയാക്കി ബി ബി ലാൽ റിപ്പോർട്ടും സമർപ്പിച്ചു കഴിഞ്ഞ്, പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ് ഈ വിഷയത്തിൽ കെ കെ മുഹമ്മദ്  വിവാദപരമായ തന്റെ വെളിപ്പെടുത്തൽ നടത്തുന്നത്.  'വിവാദഭൂമിയിൽ ഖനനവും പര്യവേക്ഷണവും നടത്തുന്നതിനിടെ അവിടെ നിന്ന് പൗരാണിക ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെടുക്കപ്പെട്ടിരുന്നു' എന്നതായിരുന്നു ആ വെളിപ്പെടുത്തൽ. ഈ അവശിഷ്ടങ്ങൾ പരിശോധിച്ച ആർക്കിയോളജിക്കൽ സർവ്വേയിലെ മറ്റു ചില വിദഗ്ധർ പറഞ്ഞത്, കണ്ടെടുക്കപ്പെട്ട സാമ്പിളുകൾ ഹൈന്ദവക്ഷേത്രാവശിഷ്ടങ്ങളാണോ എന്നുറപ്പിച്ചു പറയാനാകില്ല എങ്കിലും, അത് നിഷേധിക്കാനുമാവില്ല എന്നാണ്. 

ബി ബി ലാലിന്റെ റിപ്പോർട്ടിലും കെ കെ മുഹമ്മദ് പറഞ്ഞ അതേ അവശിഷ്ടങ്ങളെപ്പറ്റിയുള്ള പരാമർശങ്ങളുണ്ടായിരുന്നു എങ്കിലും, അത് അന്നാരും തന്നെ ശ്രദ്ധിച്ചിരുന്നില്ല. ഒരു മുസ്ലിം ആയ കെ കെ മുഹമ്മദ്, അതും അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ നിന്ന് ഹിസ്റ്ററിയിൽ ബിരുദാനന്തരബിരുദമുള്ള ഒരാൾ  അതുതന്നെ ആവർത്തിച്ചപ്പോൾ, ആ വെളിപ്പെടുത്തൽ ഏറെ കോലാഹലങ്ങൾക്ക് വഴിയൊരുക്കി. അന്നത്തെ തന്റെ കണ്ടെത്തലുകളെപ്പറ്റി ഇന്നും കെ കെ മുഹമ്മദ് തികഞ്ഞ ആത്മവിശ്വാസത്തോടെ മാത്രമാണ് സംസാരിക്കാറുള്ളത്. 

ആദ്യത്തെ ഖനനം നടന്നത് എഴുപതുകളിലാണ്. എന്നാൽ, രണ്ടാം ഘട്ട ഖനനം 2003-ൽ നടന്നപ്പോൾ അതിൽ ആദ്യ ഖനനത്തിൽ പങ്കെടുത്തതിന്റെ മൂന്നിരട്ടി മുസ്ലിം ആർക്കിയോളജിസ്റ്റുകൾ, എഎസ്ഐയിൽ ജോലി ചെയ്തിരുന്നവർ പങ്കെടുത്തിരുന്നു. അതുകൊണ്ട്, ഖനനഫലങ്ങളിൽ ഒരു സംശയത്തിന് ഇടയില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ നിന്ന് ഏതാനും വർഷങ്ങൾക്ക് മുമ്പ്  വിരമിച്ച കെ കെ മുഹമ്മദ് വിശ്രമജീവിതം നയിക്കുകയാണ്. 

തർക്കസ്ഥലത്ത് നടത്തിയ ഖനന ഗവേഷണങ്ങളിൽ കണ്ടെടുക്കപ്പെട്ട നീളൻ ചുവരുകളും, മകുടങ്ങളുടെ രൂപത്തിലുള്ള അവശിഷ്ടങ്ങളും ഇസ്ലാമിക സംസ്കാരങ്ങളുടേതല്ല  എന്നാണ് മുഹമ്മദ് പറയുന്നത്. കാരണം അവയിൽ ചില വിഗ്രഹരൂപങ്ങൾ കൊത്തിവെച്ചിട്ടുണ്ടായിരുന്നു. ഇസ്ലാമിക പ്രാർത്ഥനാലയങ്ങളുടെ ചുവരുകളിൽ ഒരു കാരണവശാലും വിഗ്രഹങ്ങൾ കാണപ്പെടില്ല. പ്രസ്തുത അവശിഷ്ടങ്ങൾ പത്താം നൂറ്റാണ്ടിലേതാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു. 

സുന്നി വഖഫ് ബോർഡ് ഈ വിഷയത്തിൽ ആർക്കിയോളജിയെ പൂർണമായ അർത്ഥത്തിൽ ഒരു ശാസ്ത്രമായി കണക്കാക്കാൻ പോലും  വിസമ്മതിച്ചു. "ആർക്കിയോളജി എന്നത് ഒരിക്കലും ഫിസിക്സോ കെമിസ്ട്രിയോ പോലൊരു ശാസ്ത്രമല്ല. അതിനെ വേണമെങ്കിൽ സാമൂഹ്യശാസ്ത്രം എന്ന പോലെയൊക്കെ കാണാം എന്ന് മാത്രം ." എന്നാണ് സീനിയർ അഡ്വക്കേറ്റ് ആയ മീനാക്ഷി അറോറ വഖഫ് ബോർഡിനുവേണ്ടി വാദിച്ചപ്പോൾ കോടതിയെ ബോധിപ്പിച്ചത്. 

PREV
click me!

Recommended Stories

പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ
സതീഷും സാജിദും ബാല്ല്യകാലസുഹൃത്തുക്കൾ, ഒരുമിച്ച് പാട്ടത്തിനെടുത്ത സ്ഥലത്ത് തിരഞ്ഞു, കിട്ടിയത് ലക്ഷങ്ങളുടെ വജ്രം!