
ജീവിതത്തിലായാലും ജോലിസ്ഥലത്തായാലും എല്ലാ കാര്യങ്ങളും വെട്ടിത്തുറന്ന് പറയുന്ന, തിരിച്ചും അതാഗ്രഹിക്കുന്ന തലമുറയാണ് ജെൻ സി. അത്തരത്തിലുള്ള ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വാടക ഒരു ദിവസം വൈകിയതിന് പിഴ ഈടാക്കിയ വീടുടമയ്ക്ക്, താൻ നേരിട്ട അവഗണനകൾ കൃത്യമായി രേഖപ്പെടുത്തിയ എക്സൽ ഷീറ്റിലൂടെ കിടിലൻ മറുപടി നൽകിയിരിക്കുകയാണ് യുവാവ്.
എക്സ് (ട്വിറ്റർ)ലാണ് അനുഭവം ഷെയർ ചെയ്തിരിക്കുന്നത്. എല്ലാ മാസവും അഞ്ചാം തീയതിയാണ് വാടക നൽകേണ്ടിയിരുന്നത്. എന്നാൽ, യുവാവ് വാടക നൽകാൻ ഒരു ദിവസം വൈകി, ആറാം തീയതിയായി. ഇതറിഞ്ഞ വീട്ടുടമ ഉടൻ തന്നെ യുവാവിന് പിഴ ചുമത്തുകയും ചെയ്തു. യാതൊരു തർക്കവുമില്ലാതെ യുവാവ് പിഴ അടച്ചുവെങ്കിലും, തൊട്ടുപിന്നാലെ വീട്ടുടമ വർഷങ്ങളായി അവഗണിച്ച എല്ലാ അറ്റകുറ്റപ്പണികളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി ഒരു എക്സൽ ഷീറ്റ് തയ്യാറാക്കുകയായിരുന്നു. തീയതികളും അതിൻ്റെ സ്ക്രീൻഷോട്ടുകളും ഉൾപ്പെടെയാണ് യുവാവ് ഈ രേഖ തയ്യാറാക്കിയത്.
വീട്ടുടമ ഭീഷണിപ്പെടുത്താൻ തുനിഞ്ഞപ്പോൾ, ആ യുവാവ് ഈ എക്സൽ ഷീറ്റ് കെട്ടിടത്തിലെ മറ്റ് വാടകക്കാർക്കെല്ലാം അയച്ചുകൊടുത്തു. അന്നേ ദിവസം തന്നെ മറ്റ് താമസക്കാരും തങ്ങളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച പരാതികളും ഈ ഡോക്യുമെന്റിൽ ഉൾപ്പെടുത്തി. അടുത്ത മാസം വീണ്ടും വാടക ഓർമ്മപ്പെടുത്തിക്കൊണ്ട് ഉടമ സന്ദേശം അയച്ചപ്പോൾ, ആ യുവാവ് നൽകിയ മറുപടി ഇങ്ങനെയായിരുന്നു: 'നിങ്ങളുടെ പണം അഞ്ചാം തീയതിക്കുള്ളിൽ തരണം, എന്നാൽ ഞങ്ങളുടെ അറ്റകുറ്റപ്പണിക്ക് വേണ്ടിയുള്ള അപേക്ഷകളെല്ലാം ഇപ്പോൾ 63 ദിവസമായി വൈകിയിരിക്കുകയാണ്.'
My landlord fined tenants for paying rent after the 5th. My Gen Z neighbour paid on the 6th & got fined. He paid without arguing, then created a spreadsheet documenting every repair request the landlord had ignored, including dates and screenshots.When the landlord threatened....
— 𝐌𝐫.𝐊𝐀𝐋™ (@dekim_Kalvino) October 16, 2026
തുടർന്ന് വീട്ടുടമ യുവാവിനെ ഫോണിൽ വിളിച്ച് ആ എക്സൽ ഷീറ്റ് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ യുവാവ് അത് നിരസിക്കുകയാണുണ്ടായത്. 'എന്റെ വാടക വൈകിയതിന് പിഴ ഈടാക്കാമെങ്കിൽ, നിങ്ങളുടെ അറ്റകുറ്റപ്പണി വൈകിയതിന് ഞങ്ങൾക്കും ഇൻവോയ്സ് തരാം' എന്ന് പറഞ്ഞുകൊണ്ട് യുവാവ് ഫോൺ കട്ട് ചെയ്തു.
നിരവധിപ്പേരാണ് യുവാവ് ചെയ്തത് പൊളിച്ചു എന്ന് പറഞ്ഞുകൊണ്ട് പോസ്റ്റിന് കമന്റുകൾ നൽകിയത്.