
മക്കളെ വിമാനത്തിൽ ബിസിനസ് ക്ലാസിൽ കൊണ്ടുപോയതിൽ ഖേദിക്കുന്നു എന്ന് ഇന്ത്യക്കാരനായ സിഇഒ. യെസ്മാഡ(YesMadam)ത്തിന്റെ സ്ഥാപകനും സിഇഒയുമായ മായങ്ക് ആര്യയാണ് ലിങ്ക്ഡ്ഇന്നിൽ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ഇത്തവണ താൻ മക്കളെ ബിസിനസ് ക്ലാസിലാണ് കൊണ്ടുപോയത് എന്നും എന്നാൽ അതിൽ ഖേദിക്കുന്നു എന്നുമാണ് മായങ്ക് ആര്യ പറയുന്നത്.
അവർക്ക് അത് നല്ലൊരു അനുഭവമായിരിക്കുമെന്ന് കരുതിയാണ് അദ്ദേഹം കുട്ടികൾക്ക് ബിസിനസ് ക്ലാസ് തിരഞ്ഞെടുത്തത്. പക്ഷേ അത് ശരിയായ തിരഞ്ഞെടുപ്പല്ലെന്ന് പെട്ടെന്ന് മനസിലായി എന്നാണ് അദ്ദേഹം പറയുന്നത്. ലിങ്ക്ഡ്ഇനിലെ തന്റെ പോസ്റ്റിൽ, മായങ്ക് ആര്യ പറയുന്നത്, ബിസിനസ് ക്ലാസിലെ സീറ്റുകൾ വിശാലമാണ്, ഭക്ഷണം മികച്ചതാണ്, എല്ലാം ലക്ഷൂറിയസ് ആയി തോന്നി എന്നാണ്. എന്നാൽ എന്തോ ഒന്ന് നഷ്ടപ്പെട്ടു, അത് ഊഷ്മളതയും ഒരുമയും ആയിരുന്നു എന്നാണ് എന്നും അദ്ദേഹം കുറിക്കുന്നു.
കുട്ടികളുടെ അടുത്തിരിക്കാൻ സാധിക്കാത്തതിനെ കുറിച്ചും അതിലൂടെയുള്ള സംഭാഷണങ്ങളും മറ്റും മിസ് ചെയ്തതിനെ കുറിച്ചുമാണ് അദ്ദേഹം പറയുന്നത്. ഒരു പിതാവെന്ന നിലയിൽ, നിങ്ങളുടെ കുട്ടികളെ കംഫർട്ടാക്കുക എന്നത് മാത്രമല്ല പ്രധാനം, അവർക്ക് ശരിയായ മൂല്യങ്ങൾ നൽകുക എന്നതാണ് പ്രധാനമെന്നും പോസ്റ്റിൽ കാണാം. ബിസിനസ് ക്ലാസിലാണ് യഥാർത്ഥ ഓർമ്മകൾ ഉണ്ടാകുന്നത് എന്നും അദ്ദേഹം സൂചിപ്പിച്ചു.
സീറ്റുകൾ വളരെ അകലെയായിരുന്നു, ഞങ്ങൾക്ക് ഒരുമിച്ച് ഇരിക്കാൻ കഴിഞ്ഞില്ല. ഗെയിമുകളില്ല, കുസൃതികളില്ല, ഓരോ 5 മിനിറ്റിലും അച്ഛാ, ഇനിയും എത്ര നേരമുണ്ട് എന്ന ചോദ്യമില്ല. ഒരു കുടുംബമായി ഇരിക്കാൻ അവസരമില്ല എന്നാണ് ബിസിനസ് ക്ലാസിനെ കുറിച്ച് അദ്ദേഹം പറയുന്നത്.
എന്നാൽ, ഇക്കോണമി ക്ലാസിൽ ഇതെല്ലാം ഉണ്ടെന്നും ഇനി മക്കളുമായി ഇക്കോണമി ക്ലാസിലെ യാത്ര ചെയ്യൂ എന്നും അദ്ദേഹം പറയുന്നു.