ചെർണോബിൽ ദുരന്തഭൂവില്‍ നിന്ന് ആദ്യ കണ്‍സ്യൂമര്‍ ഉത്പന്നം: അറ്റോമിക് വോ‍ഡ്‍ക

By Web TeamFirst Published Aug 8, 2019, 3:47 PM IST
Highlights

ഒരു സംഘം ശാസ്ത്രജ്ഞരാണ് ഈ നേട്ടത്തിനുപിന്നിൽ. ദുരന്തം സംഭവിച്ച ഇതേ ഭൂമിയില്‍  ഭാവിയില്‍ വിവിധ ഉത്പന്നങ്ങളുണ്ടാക്കാന്‍ കഴിയുമെന്ന് തെളിയിക്കുക എന്നതു കൂടിയായിരുന്നു ഇവരുടെ ലക്ഷ്യം. 

1986 ഏപ്രിൽ 26 -ന് രാത്രിയിലാണത് നടന്നത്... ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആണവോര്‍ജ്ജ ദുരന്തം. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നതും ഇപ്പോൾ യുക്രൈനിന്റെ ഭാഗമായി നിലനിൽക്കുന്നതുമായ പ്രിപ്യാറ്റ് എന്ന പ്രദേശത്ത്... ചെർണോബിൽ ആണവോർജ്ജ പ്ലാന്റിലെ നാലാം നമ്പർ റിയാക്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടമായിരുന്നു അത്. ഒരു പ്രദേശത്തെയാകെ റേഡിയോ ആക്റ്റീവ് വികിരണത്താൽ മലിനപ്പെടുത്തുകയും അവിടെയുള്ള മനുഷ്യരെ പലതരത്തിലും ഇല്ലാതാക്കുകയും ചെയ്തു ചെര്‍ണോബില്‍ ദുരന്തം. എഴുന്നേറ്റ് നില്‍ക്കാനുള്ള ശ്രമത്തിലായിരുന്നു പിന്നീട് ഒരു പ്രദേശവും അവിടെയുള്ള മനുഷ്യരും. 

ഇപ്പോഴിതാ, ചെര്‍ണോബിലില്‍ നിന്ന് ആദ്യത്തെ കണ്‍സ്യൂമബിള്‍ പ്രൊഡക്ട് വന്നിരിക്കുന്നു.  അത് റഷ്യയുടെ ബ്രാൻഡ് ഉത്പന്നങ്ങളിൽ ഒന്നായ വോഡ്ക തന്നെയാണ് . 1986 -ൽ നടന്ന ദുരന്തത്തിനു ശേഷം ആദ്യമായാണ് ചെര്‍ണോബിലില്‍ നിന്ന് ഇങ്ങനെ ഒരു ഉത്പന്നം പിറവി കൊള്ളുന്നത്. എക്സ്ക്ലൂഷൻ സോണിന് അകത്തുവരുന്ന 4000 സ്ക്വയര്‍ കിലോമീറ്റര്‍ ഭൂമിയിലുണ്ടാക്കിയ ഒരു ഫാമില്‍ നിന്നാണ് വോഡ്‍ക ഉണ്ടാക്കിയെടുത്തിരിക്കുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 'അറ്റോമിക് ' എന്നാണ് ഈ വോഡ്കയുടെ ബ്രാൻഡ് നെയിം.

ശാസ്ത്രജ്ഞരുടെ ഒരു കൂട്ടമാണ് ഇതിന് പിന്നില്‍. ദുരന്തം സംഭവിച്ച ഇതേ ഭൂമിയില്‍  ഭാവിയില്‍ വിവിധ ഉത്പന്നങ്ങളുണ്ടാക്കാന്‍ കഴിയുമെന്ന് തെളിയിക്കുക എന്നതു കൂടിയായിരുന്നു ഇവരുടെ ലക്ഷ്യം. ഞങ്ങൾ വിശ്വസിക്കുന്നത്, ഇത്തരത്തിൽ ഒരു ദുരന്തം ഒരിക്കൽ നടന്നുപോയി എന്നതിന്റെ പേരിൽ നമ്മൾ ഒരു വലിയ ഭൂപ്രദേശത്തെ അപ്പാടെ ഉപേക്ഷിക്കേണ്ട കാര്യമൊന്നുമില്ല. നമുക്ക് ആ പ്രദേശത്തെത്തന്നെ പലവിധേന പ്രയോജനപ്പെടുത്തി അതിൽ നിന്നും ഒട്ടും തന്നെ റേഡിയോ ആക്ടിവിറ്റി കലരാത്ത ഉത്പന്നങ്ങൾ നിർമ്മിച്ചെടുക്കാം. അതുതന്നെയായിരുന്നു ഞങ്ങൾ ഏറ്റെടുത്ത വെല്ലുവിളിയും. 

യൂണിവേഴ്സിറ്റി ഓഫ് പോര്‍ട്‍സ്മൗത്ത് പ്രൊഫസര്‍ ജിം സ്മിത്തിന്‍റെ ആശയമായിരുന്നു ഇങ്ങനെയൊരു വോഡ്‍കയുണ്ടാക്കുക എന്നത്. 'മറ്റേത് വോഡ്‍കയില്‍ നിന്നും ഒരിത്തിരി പോലും കൂടുതലായി റേഡിയോ ആക്ടീവ്  അല്ലാത്ത വോഡ്‍ക തന്നെയാണ് ചെര്‍ണോബിലില്‍ നിന്നും ഉത്പാദിപ്പിക്കപ്പെട്ടിരിക്കുന്നതും. ലോകത്തിലെ തന്നെ ഏറ്റവും മികച്ച രണ്ട് ലബോറട്ടറികള്‍ നമുക്കുണ്ട്. അവിടെയാണ് ഇത് പരിശോധിച്ചത്. അതിലൊന്നും തന്നെ റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയിട്ടില്ലെ'ന്നും ജിം സ്മിത്ത് പറയുന്നു. 

തൊണ്ണൂറുകള്‍ മുതല്‍ ചെര്‍ണോബില്‍ ദുരന്തം ബാധിച്ച പ്രദേശത്തെ പഠിക്കുന്ന ഒരാളെന്ന നിലയില്‍ ഉക്രെയിനിലെ ജനങ്ങള്‍ നേരിടേണ്ടി വന്ന സാമ്പത്തിക തകര്‍ച്ചകള്‍ തന്നെ അസ്വസ്ഥനാക്കിയിരുന്നു. പ്രദേശത്തെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തേണ്ടതുണ്ടായിരുന്നു. സ്ഥലത്തെ പലര്‍ക്കും നല്ല ജോലിയോ, നല്ല ആരോഗ്യമോ, ഭക്ഷണമോ ഉണ്ടായിരുന്നില്ല. അതിന് മാറ്റം വരേണ്ടതുണ്ടായിരുന്നു. 30 വര്‍ഷത്തിന് ശേഷം ഈ പ്രദേശത്തെ നോക്കുമ്പോള്‍ അത് സാമ്പത്തികമായി ഉയര്‍ന്ന നിലയിലായിരിക്കണം -ജിം സ്മിത്ത് പറയുന്നു. 

വോഡ്‍കയില്‍ നിന്ന് കിട്ടുന്ന വരുമാനം ഉപയോഗിക്കുക ചെര്‍ണോബില്‍ ദുരന്ത പ്രദേശത്തെ വീണ്ടെടുക്കുന്നതിനും അതിന്‍റെ വികസനത്തിനുമായിരിക്കും. അതില്‍ നിന്നുള്ള പണം ദുരന്തത്തെ അതിജീവിച്ച ജനങ്ങള്‍ക്ക് കൂടിയുള്ളതായിരിക്കുമെന്നും ഇവര്‍ പറയുന്നു. ഈ വര്‍ഷം 500 കുപ്പികളെങ്കിലും നിര്‍മ്മിച്ചെടുക്കണമെന്നാണ് കരുതുന്നത്.
 

click me!