രാജ്യത്ത് ആദ്യമായി ഒരു ഇലക്ട്രിക് ഹൈവേ വരുമോ? മന്ത്രി നിതിൻ ഗഡ്​കരി നൽകുന്ന സൂചന

By Web TeamFirst Published Sep 20, 2021, 1:05 PM IST
Highlights

ഈ ഹൈവേയിലൂടെ പോകുന്ന എല്ലാ വാഹനങ്ങളും വൈദ്യുതിയിലായിരിക്കും പ്രവർത്തിക്കുക. വൈദ്യുതിയിൽ ഓടുന്ന ട്രെയിനുകൾ പോലെ ബസുകളും ട്രക്കുകളും കാറുകളും വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കും. 

കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാൻ ഭാവിയിൽ ഇലക്ട്രിക് വാഹനങ്ങൾ കൂടുതലായി ഇറക്കുമെന്ന് ലോകരാജ്യങ്ങൾ പറയുന്നു. നമ്മുടെ രാജ്യത്തും ഇന്ധന വില കുത്തനെ ഉയരുന്ന സാഹചര്യമാണുള്ളത്. പെട്രോൾ, ഡീസൽ വില വർദ്ധനയോടെ മിക്കവരും ഇലക്ട്രിക് വാഹനങ്ങളോട് താൽപര്യം കാണിക്കുന്നു. ഇലക്ട്രിക് വാഹനങ്ങൾ ഇതിനകം തന്നെ വിപണിയിലെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു ഇലക്ട്രിക് ഹൈവേ എന്ന ആശയവും സമീപ വർഷങ്ങളിൽ പ്രാധാന്യമർഹിക്കുന്നു. അത്തരമൊരു സാഹചര്യത്തിൽ, രാജ്യത്ത് ആദ്യമായി ഒരു ഇലക്ട്രിക് (വൈദ്യുത) ദേശീയപാത നിർമിക്കുന്നതിനെ കുറിച്ച് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി സൂചന നൽകുന്നു. അത് ഡൽഹിക്കും ജയ്പൂരിനുമിടയിലാവുമെന്നും അദ്ദേഹം പറയുന്നു.    

ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്ക് ഒരു ഇലക്ട്രിക് ഹൈവേ നിർമ്മിക്കാൻ തന്റെ മന്ത്രാലയം ഒരു വിദേശ കമ്പനിയുമായി ചർച്ച നടത്തുകയാണെന്ന് രണ്ട് ദിവസം മുമ്പാണ് അദ്ദേഹം പറഞ്ഞത്. ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്ക് ഒരു ഇലക്ട്രിക് ഹൈവേ നിർമ്മിക്കുക എന്നത് തന്റെ സ്വപ്നമാണെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ഡൽഹി-മുംബൈ നഗരങ്ങൾക്കിടയിലും ഇലക്ട്രിക് ഹൈവേ വരുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ഗതാഗത മന്ത്രിയെന്ന നിലയിൽ രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗം ഇല്ലാതാക്കാനാണ് താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഈ ഹൈവേയിലൂടെ പോകുന്ന എല്ലാ വാഹനങ്ങളും വൈദ്യുതിയിലായിരിക്കും പ്രവർത്തിക്കുക. വൈദ്യുതിയിൽ ഓടുന്ന ട്രെയിനുകൾ പോലെ ബസുകളും ട്രക്കുകളും കാറുകളും വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കും. രണ്ട് വർഷം മുമ്പ്, ഈ ഇലക്ട്രിക് ഹൈവേ സാങ്കേതികവിദ്യ ആദ്യമായി നിർമ്മിച്ചത് ജർമ്മനിയിലാണ്. ഹൈവേയിൽ പോകുന്ന വാഹനങ്ങൾ തൽക്ഷണം തന്നെ റീചാർജ് ചെയ്യുപ്പെടുമെന്നതാണ് ഈ ഹൈവേയുടെ ഒരു പ്രധാന സവിശേഷത. ഇത് ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കാൻ സഹായിക്കും. വൈദ്യുതീകരിച്ച റോഡിൽ ഇലക്ട്രിക് വാഹനങ്ങളായും മറ്റ് സമയങ്ങളിൽ സാധാരണ ഹൈബ്രിഡ് വാഹനങ്ങളായും ട്രക്കുകൾ അനുവദിക്കുന്ന ഒരു ഇലക്ട്രിക് ഹൈവേ സാങ്കേതികവിദ്യ സ്വീഡൻ നിർമ്മിച്ചിട്ടുണ്ട്. സ്വീഡനിൽ നിന്നുള്ള കമ്പനിയുമായി ഇതിനെക്കുറിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്.  

റോഡിലെ വാഹനങ്ങൾ  മാത്രമല്ല, റെയിൽവേ, വിമാനം, ബഹിരാകാശ പേടകം എന്നിവപോലും വൈദ്യുതിയിൽ പ്രവർത്തിപ്പിക്കാൻ കഴിയും. കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യുന്ന 100 മികച്ച സമകാലിക പരിഹാരങ്ങളിലൊന്നായി ഇത് വിശേഷിപ്പിക്കപ്പെടുന്നു. ഇത് ആഗോള താപനത്തിലും പരിസ്ഥിതിയിലും പരമ്പരാഗത ഗതാഗത സംവിധാനം ഉണ്ടാകുന്ന ആഘാതം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.

(Image, e-highway, Schleswig-Holstein, Reinfeld)


 

click me!