'അതിന്റെ വേദന അസഹ്യമാണ്'; നിയമവിലക്കിനെ മറികടന്നും പാകിസ്ഥാനിൽ തുടരുന്ന കന്യകാത്വ പരിശോധനക്കെതിരെ പ്രതിഷേധം

By Web TeamFirst Published Sep 20, 2021, 12:45 PM IST
Highlights

നടന്നത് ബലാത്സംഗമല്ല ഉഭയസമ്മതത്തോടെയുള്ള ശാരീരികബന്ധം മാത്രമാണ് എന്ന നിഗമനത്തിലെത്തുക എന്നതാണ് ഈ പരിശോധനയുടെ പ്രാഥമിക ലക്‌ഷ്യം. 

കറാച്ചി: 'ഗുൽ' എന്നത് പാകിസ്താനിലെ കറാച്ചി പട്ടണത്തിൽ ജീവിക്കുന്ന ഒരു യുവതിയുടെ പേരാണ്. കഴിഞ്ഞ നവംബറിലെ ഒരു പാതിരാക്ക്, വീടിന്റെ ഡോർബെൽ മുഴങ്ങിയപ്പോൾ, അത് രാത്രി ഷിഫ്റ്റ് കഴിഞ്ഞ് പതിവായി ആ നേരത്ത് വീട്ടിലേക്ക് തിരിച്ചെത്തുന്ന തന്റെ അച്ഛനാണ് എന്ന് കരുതി ഗുൽ ചെന്ന് വാതിൽ തുറക്കുന്നു. എന്നാൽ, വന്നത് അച്ഛനായിരുന്നില്ല, അവർ വാടകയ്ക്ക് കഴിഞ്ഞിരുന്ന വീടിന്റെ ഉടമസ്ഥന്റെ മകനായിരുന്നു. കയ്യിൽ കരുതിയിരുന്ന എന്തോ ഒരു പൊടി ഗുലിന്റെ കണ്ണിലെറിഞ്ഞ്, അയാൾ അവളെ ക്രൂരമായി ബലാത്സംഗം ചെയ്തു. 

ഗുലിനു വെറും പതിനാലു വയസ്സുമാത്രം പ്രായമുള്ളപ്പോഴാണ് ഈ സംഭവം നടക്കുന്നത്. എല്ലാം കഴിഞ്ഞ് അടുത്ത ദിവസം ഗുൽ കണ്ണുതുറന്നപ്പോൾ, ഏതോ വീട്ടിലെ ഒരു മുറിയിലിട്ട് പൂട്ടിയിരിക്കുകയാണ് എന്ന് അവൾ മനസിലാക്കുന്നു. അൽപനേരം കഴിഞ്ഞപ്പോൾ വീട്ടുടമയുടെ മറ്റൊരു ബന്ധു വന്ന് നടന്നതിനുള്ള നഷ്ടപരിഹാരമായി, മിണ്ടാതിരിക്കാൻ, പരാതി കൊടുക്കാതിരിക്കാൻ വേണ്ടി അവൾക്ക് ഒരു തുക വാഗ്ദാനം ചെയ്യുന്നു. അതിനു ശേഷം അവളെ  ആളൊഴിഞ്ഞ, കാടുപിടിച്ചു കിടക്കുന്ന ഒരു പ്രദേശത്ത് കൊണ്ട് ഇറക്കി വിടുന്നു. 

ഒരു വിധം അവൾ തിരികെ വീട്ടിലെത്തുന്നു. അച്ഛനോട് കാര്യങ്ങൾ വെളിപ്പെടുത്തുന്നു. അതേ ദിവസം തന്നെ ഗുലിന്റെ അച്ഛൻ പൊലീസ് സ്റ്റേഷനിലെത്തി പരാതിയും നൽകുന്നു. എന്നാൽ, സ്റ്റേഷനിൽ അവർക്ക് നേരിടേണ്ടി വന്നത് പരിഹാസവും ഉദാസീനമായ പെരുമാറ്റവുമായിരുന്നു. പറയുന്നത് ശ്രദ്ധയോടെ കേൾക്കാനോ രേഖപ്പെടുത്താനോ സ്റ്റേഷൻ ഇൻ ചാർജ് തയ്യാറാവുന്നില്ല. ഏറെ നിർബന്ധിച്ച ശേഷം, പ്രഥമവിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്ത ഇൻസ്‌പെക്ടർ അടുത്തതായി ഗുലിനെ വിധേയമാക്കിയത്, 'ഇരുവിരൽ പരിശോധന' എന്ന വിളിപ്പേരിൽ പാകിസ്ഥാനിൽ അറിയപ്പെട്ടിരുന്ന കന്യകാത്വ പരിശോധനയ്ക്കാണ്. ബലാത്സംഗം നടന്നു എന്ന ഗുലിന്റെ അവകാശ വാദത്തിൽ കഴമ്പുണ്ടോ എന്ന് പരിശോധിക്കാൻ അത് അത്യാവശ്യമാണ് എന്നതായിരുന്നു സ്റ്റേഷൻ ഇൻ ചാർജിന്റെ നിലപാട്. 

 

ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീക്ക് കന്യാചർമമില്ലെങ്കിൽ അവർക്ക് സജീവമായ ഒരു ലൈംഗിക ജീവിതമുണ്ടായിരുന്നു എന്നും, നടന്നത് ബലാത്സംഗമല്ല ഉഭയസമ്മതത്തോടെയുള്ള ശാരീരികബന്ധം മാത്രമാണ് എന്ന നിഗമനത്തിലെത്തുക എന്നതാണ് ഈ പരിശോധനയുടെ പ്രാഥമിക ലക്‌ഷ്യം. വർഷം തോറും പാകിസ്ഥാനിൽ രേഖപ്പെടുത്തപ്പെടുന്ന ആയിരക്കണക്കായ ബലാത്സംഗ പരാതികളിൽ സ്ഥിരമായി പൊലീസ് പിന്തുടരുന്ന ഒരു നടപടിക്രമം മാത്രമാണ് ഈ ക്രൂരമായ പരിശോധന എന്നാണ് വൈസ് മാസികയിൽ സദാഫ് ചൗധരി എഴുതിയ ലേഖനത്തിൽ പറയുന്നത്. 

കഴിഞ്ഞ ഡിസംബറിൽ പാകിസ്ഥാൻ പ്രസിഡന്റ് ഈ നിർദ്ദയമായ പരിശോധന രീതിക്ക് രാജ്യത്ത് നിരോധനമേർപ്പെടുത്തിയിട്ടുണ്ട് എങ്കിലും, സുപ്രീം കോടതി തന്നെ ഇത് വിലക്കിയിട്ടുണ്ട് എങ്കിലും, സ്റ്റേഷനുകളിൽ ഇത് ഇന്നും നടത്തപ്പെടുന്നു എന്നാണ് പരക്കെ പരാതി ഉയർന്നിട്ടുള്ളത്. വൈസ് മാഗസിന്റെ ഫുള്ളർ പ്രോജക്റ്റ് നടത്തിയ അന്വേഷണത്തിൽ ഈ ആക്ഷേപത്തിൽ കഴമ്പുണ്ട് എന്ന് തെളിയിക്കുന്ന നിരവധി മെഡിക്കൽ സർട്ടിഫിക്കറ്റുകൾ കണ്ടെടുക്കപ്പെടുകയുണ്ടായി. ഇങ്ങനെ ബലാത്സംഗത്തിന്റെ മാനസിക പീഡയിൽ നിന്ന് മോചിതരാകും മുമ്പുതന്നെ കന്യകാത്വ പരിശോധനയുടെ പേരിൽ വീണ്ടും അപമാനിക്കപ്പെട്ട ഡസൻ കണക്കിന് സ്ത്രീകളുമാണ്, ഈ പരിശോധനകൾ പൊലീസിനും കോടതിക്കുംവേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന മെഡിക്കോ ലീഗൽ ഓഫീസർമാരായ ഡോക്ടർമാരുമായും വൈസ് നടത്തിയ അഭിമുഖങ്ങളും ഇതിനു തെളിവുനൽകുന്നുണ്ട്. 

എന്നാൽ ഇത്രരത്തിലുള്ള കന്യകാത്വ പരിശോധനകൾക്ക് ബലാത്സംഗ കേസുകളുടെ കാര്യത്തിൽ യാതൊരു പ്രസക്തിയുമില്ല എന്നാണ് ലോകാരോഗ്യ സംഘടന പോലും പറയുന്നത്. സമാനമായ സാഹചര്യത്തിൽ ബലാത്സംഗത്തിന് ഇരയായ ഷാസിയ എന്ന മറ്റൊരു പതിനാലുകാരിയും മൊഴി നൽകിയത്, നിയമം മൂലം കന്യകാത്വ പരിശോധന നിരോധിക്കപ്പെട്ട ശേഷവും താൻ ക്രൂരമായ ഈ ടെസ്റ്റിന് വിധേയയാക്കപ്പെട്ടു എന്നാണ്. 'അതിന്റെ വേദന അസഹ്യമാണ്, അചിന്ത്യമാണ്; ബലാത്സംഗത്തെക്കാൾ വലിയ മാനസിക പീഡനമാണ് അതുകൊണ്ടുണ്ടായത്' എന്നാണ് ഷാസിയ വൈസിനോട് പറഞ്ഞത്. 


നിലവിൽ, പാകിസ്ഥാനിലെ നീതിന്യായ വ്യവസ്ഥ, അന്വേഷണത്തിന്റെയും വിചാരണയുടെയും ഓരോ ഘട്ടത്തിലും ബലാത്സംഗത്തിന് ഇരയായ സ്ത്രീയെ വീണ്ടും വീണ്ടും ട്രോമയിലൂടെ കൊണ്ടുപോകുന്ന തരത്തിലാണ് പ്രവർത്തിക്കുന്നത് എന്ന് കറാച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന War Against Rape എന്ന എൻജിഒയുടെ പ്രതിനിധിയായ ഷിറാസ് ഖാൻ പറഞ്ഞു. നഗരത്തിൽ ആകെ ഒരേയൊരു ഡിഎൻഎ പരിശോധനാ ലാബ് മാത്രമാണുള്ളത് എന്നതും ബലാത്സംഗ കേസുകളുടെ വിചാരണ നീളാൻ കാരണമാവുന്നു എന്നും അദ്ദേഹം പറഞ്ഞു. കേസിന്റെ അന്വേഷണവും വിചാരണയും വൈകിക്കുന്നതോടൊപ്പം ബലാത്സംഗത്തെ അതിജീവിച്ച സ്ത്രീകളെ നിരന്തരം മാനസികമായി പീഡിപ്പിക്കാനും പൊലീസ് ഉദ്യോഗസ്ഥർ മത്സരിക്കുന്നുണ്ട് എന്നും ഷിറാസ് പറയുന്നു

click me!