ആണുങ്ങൾ നയിച്ചത് മതി ഇനി ഞാൻ ഭരിക്കും, കുരങ്ങുകൾക്കിടയിലും ലിം​ഗസമത്വം? 677 പേരുടെ സംഘത്തെ നയിക്കാൻ പെൺകുരങ്ങ്

By Web TeamFirst Published Aug 10, 2021, 10:58 AM IST
Highlights

തുടർന്ന് വെള്ളിയാഴ്ച, തകാസക്കിയാമ മൃഗശാല ആദ്യമായി 'പെൺ ജാപ്പനീസ് മങ്കി ബോസ്സായി' യാക്കീയെ കിരീടമണിയിച്ചു. അവളുടെ തന്റേടമാണ് അവൾക്ക് "ബോസ്" എന്ന ഔദ്യോഗിക പദവി നേടിക്കൊടുത്തത് എന്ന് റിസർവിലെ ഉദ്യോഗസ്ഥർ പറയുന്നു. 

സാധാരണയായി കുരങ്ങുകളുടെ സേനകളെ നയിക്കുന്നത് പുരുഷ നേതാക്കളായിരിക്കും. എന്നാൽ, മനുഷ്യരുടെ ഇടയിൽ എന്നപോലെ അവയുടെ ഇടയിലും ഇപ്പോൾ ലിംഗസമത്വ ആശയങ്ങൾ വേരൂന്നി തുടങ്ങിയോ എന്നൊരു സംശയം. പുരുഷനേതാക്കളെ മറികടന്ന് സ്ത്രീകൾ ഇപ്പോൾ സംഘങ്ങളെ നിയന്ത്രിക്കാനും, നയിക്കാനും തുടങ്ങിയിരിക്കുന്നു. ചരിത്രത്തിൽ ആദ്യമായി ഒൻപത് വയസ്സുള്ള യാക്കീ എന്ന പെൺകുരങ്ങ് ഇപ്പോൾ ജപ്പാനിലെ ക്യുഷു ദ്വീപിലെ ഒരു പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ 677 കുരങ്ങുകളുള്ള ഒരു സംഘത്തിന്റെ നേതാവായി മാറിയിരിക്കയാണ്. ജപ്പാൻ മക്കാക്ക് കുരങ്ങുകളുടെ ബോസ്സാണ് അവൾ ഇന്ന്.  

തകാസക്കിയാമ നാച്ചുറൽ സുവോളജിക്കൽ ഗാർഡനിൽ 1950 മുതലെ മക്കാക്ക് കുരങ്ങുകൾ താമസമുണ്ട്. നിലവിൽ റിസർവിൽ 1500 ഓളം കുരങ്ങുകളുണ്ട്. അവയെ "എ", "ബി" എന്നിങ്ങനെ രണ്ട് സേനകളായി തിരിച്ചിരിക്കുന്നു. റിസർവിന്റെ 70 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സേനയ്ക്ക് ഒരു പെൺകുരങ്ങ് നേതാവായി തീരുന്നത്. നേതൃത്വത്തിന്റെ കാര്യത്തിൽ യാക്കീ ചരിത്രം തിരുത്തി കുറിച്ചിരിക്കുന്നു. എന്നാൽ അതിന് കാരണമായ സംഭവമാണ് അതിലും രസകരം. അവളുടെ മകളെ ഒരാൾ ശാസിക്കുന്നത് കണ്ടപ്പോഴാണ് അവൾ അവളുടെ ശൗര്യം പുറത്തെടുത്തത്.

ഏകദേശം ഒരു മാസം മുമ്പ്, അവളുടെ രണ്ട് വയസ്സുള്ള കുഞ്ഞ് കളിക്കുന്നതിനിടെ കൂട്ടുകാരോട് വഴക്കിട്ടു. അന്നത്തെ നേതാവ് 31-കാരനായ നഞ്ചു അതിൽ ഇടപെട്ട് പ്രശ്‌നം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ മറ്റൊരിടത്ത് ഇതെല്ലാം ശ്രദ്ധിച്ചുകൊണ്ടിരുന്ന യാക്കീ ആരെങ്കിലും മകൾക്ക് നേരെ കൈയുയർത്തുന്നതിന് മുൻപേ തന്നെ അതിനിടയിലേയ്ക്ക് ചാടി വീണു. മകളെ ശാസിക്കുന്നത് കണ്ട് പ്രകോപിതയായ അവൾ പിന്നീട് നഞ്ചുവിനോട് യുദ്ധം ചെയ്തു, അവനെ കീഴടക്കി. അതോടെ അവൾ അവരുടെ പരമോന്നത നേതാവായി തീർന്നു. സേനയിലെ അവളുടെ സ്ഥാനം സ്ഥിരീകരിക്കുന്നതിന്, റിസർവിലെ വാർഡന്മാർ കപ്പലണ്ടി കൊണ്ട് ഒരു പരീക്ഷണം നടത്തി. അവർ സേനയ്ക്ക് മുന്നിൽ ഒരു പിടി കപ്പലണ്ടി വയ്ക്കുകയും, ഏത് അംഗമാണ് അത് ആദ്യം കഴിക്കുന്നതെന്ന് നിരീക്ഷിക്കുകയും ചെയ്തു. ആദ്യം എത്തിയത് യാക്കീയായിരുന്നു. അവൾക്ക് മുന്നിൽ മുൻ നേതാവ് നഞ്ചു പിൻവാങ്ങുന്നതും അവർ കണ്ടു.

തുടർന്ന് വെള്ളിയാഴ്ച, തകാസക്കിയാമ മൃഗശാല ആദ്യമായി 'പെൺ ജാപ്പനീസ് മങ്കി ബോസ്സായി' യാക്കീയെ കിരീടമണിയിച്ചു. അവളുടെ തന്റേടമാണ് അവൾക്ക് "ബോസ്" എന്ന ഔദ്യോഗിക പദവി നേടിക്കൊടുത്തത് എന്ന് റിസർവിലെ ഉദ്യോഗസ്ഥർ പറയുന്നു. മറ്റ് കുരങ്ങുകൾ ഇപ്പോൾ ഭയത്തോടെയാണ് അവളെ കാണുന്നത്. കുട്ടികൾ അവൾ വരുന്നത് കാണുമ്പോൾ വഴിമാറി കൊടുക്കുന്നു. പുരുഷന്മാർ അവൾ അടുത്തെത്തുമ്പോൾ ഓടിയൊളിക്കുന്നു. "അന്നുമുതൽ, ശക്തിയുടെ പ്രകടനമായി യാക്കീ മരങ്ങളിൽ കയറുകയും അവ പിടിച്ചു കുലുക്കുകയും ചെയ്യുന്നു. സ്ത്രീകളിൽ വളരെ അപൂർവമായ പെരുമാറ്റവുമാണിത്‌. അവൾ നടക്കുന്നതും വാൽ ഉയർത്തിയാണ്. ഇതും സാധാരണ സ്ത്രീകൾ ചെയ്യാത്തതാണ്” തകാസക്കിയാമയിലെ ഗൈഡ് സതോഷി കിമോട്ടോ ഗാർഡിയനോട് പറഞ്ഞു.

ജപ്പാനിലെ മൂന്ന് ദ്വീപുകളായ ക്യുഷു, ഹോൻഷു, ഷിക്കോകു എന്നിവിടങ്ങളിൽ ഏകദേശം 100,000 ജാപ്പനീസ് മക്കാക്കുകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. കൗതുകകരമെന്നു പറയട്ടെ, എല്ലാ മക്കാക്ക് സാമൂഹിക ഗ്രൂപ്പുകളിലും സ്ത്രീകൾ അധികാര സ്ഥാനങ്ങൾ വഹിക്കുന്നു. എന്നാൽ അവരെ നയിക്കുന്നത് "ആൽഫ" എന്ന് വിളിക്കപ്പെടുന്ന ഒരു ശക്തനായ ആൺകുരങ്ങായിരിക്കും. ആ സ്ഥാനമാണ് ഇപ്പോൾ ഒരു പെണ്ണ് കൈയ്യടക്കിയത്. അധികാരക്രമമനുസരിച്ച് അവൾക്ക് കീഴെ പുരുഷ ഉപനേതാക്കളും, തുടർന്ന് ഗ്രൂപ്പിലെ സ്ത്രീ നേതാക്കളും, അവസാനമായി മറ്റ് കുരങ്ങുകളും വരുന്നു.  

click me!