പാലത്തിന്‍റെ കൈവരിയിൽ ക്യാമറ മുറുക്കിപ്പിടിച്ച് നിന്നു, അതാ വെള്ളിടി വെട്ടിയ പോലെ...

By Web TeamFirst Published Jan 11, 2020, 11:01 PM IST
Highlights

''ഒന്നാമത്തെ സൈറൺ മുഴങ്ങിയതും ഉള്ളിൽ  വല്ലാത്ത ഒരു ഭയം തോന്നി. എന്‍റെ ഫ്രെയിമിൽ ഒരിക്കലേ അത്  സംഭവിക്കൂ. അതും രണ്ടോ നാലോ സെക്കന്‍റ് കൊണ്ട് എല്ലാം കഴിയും. എന്തെങ്കിലും അബദ്ധം പറ്റിയാൽ ഒരിക്കലും അത് തിരുത്താൻ കഴിയില്ല. ആളുകൾ രണ്ട് വശത്തു നിന്നും തള്ളുകയാണ്..''

തീരദേശപരിപാലനച്ചട്ടം ലംഘിച്ച് പണിതുയർത്തിയ ബഹുനില ആഢംബരഫ്ലാറ്റ് സമുച്ചയങ്ങൾ, നമ്മുടെ കേരളത്തിലെ ആദ്യത്തെ നിയന്ത്രിതസ്ഫോടനത്തിലൂടെ, നിലം പൊത്തി. ചരിത്രനിമിഷം. കയ്യൂക്കുള്ളവരുടെ കുടിയൊഴിക്കൽ കണ്ട് ശീലിച്ചിട്ടില്ലാത്ത ഈ നാട്ടിലെ ഭരണസംവിധാനത്തിന് ഇത് ഒരു പുതിയ കാഴ്ചയുടെ നിമിഷമാണ്. കണ്ണുള്ളവർക്ക് തിരിച്ചറിവ് വരേണ്ട നിമിഷം. അത് ഇമ ചിമ്മാതെ പകർത്തിയത് ഞങ്ങളുടെ വിദഗ്‍ധരായ ക്യാമറാ ടീമാണ്. 

മൊത്തം 8 ക്യാമറകളും അവയിൽ പലതിലും ഘടിപ്പിച്ച ടെലിഫോട്ടോ ലെൻസുകളും ഡ്രോണുകളും അടങ്ങിയ ആകാശദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് വേണ്ടി ഞങ്ങളുടെ ക്യാമറാസംഘം സമഗ്രമായി പകർത്തി. കേരളം ആ ക്യാമറാക്കണ്ണുകളിലൂടെ ചരിത്രനിമിഷത്തിന് സാക്ഷ്യം വഹിച്ചു. അവരിലൊരാളായ, തൊടുപുഴ ബ്യൂറോയിലെ ഞങ്ങളുടെ ക്യാമറാമാൻ പി അശ്വൻ തന്‍റെ അനുഭവമെഴുതുകയാണ്, ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് വേണ്ടി..

വായിക്കാം...

തൊടുപുഴ ബ്യൂറോയിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടുമ്പോൾ മുമ്പ് ഫേസ്ബുക്ക് വീഡിയോകളിൽ മാത്രം കണ്ടിട്ടുള്ള ആ വിസ്മയക്കാഴ്ച നേരിൽ കാണാൻ പോകുന്നതിന്‍റെ ആകാംക്ഷയായിരുന്നു മനസ്സിൽ. വെളുപ്പിന് നാലരയ്ക്ക് ഓഫീസിൽ എത്തി റിപ്പോർട്ടർ നവീനുമൊത്ത് മരടിലേക്ക് തിരിച്ചു.

അതിരാവിലെ തന്നെ ഫ്ലാറ്റുകൾ കാണാനും ഫോട്ടോ എടുക്കാനുമായി ഒരുപാട് ആളുകൾ കൂടിയിട്ടുണ്ടായിരുന്നു. എന്നാൽ ആ ആവേശമൊന്നും, വെറും മീറ്ററുകളുടെ ദൂരത്തിലടക്കം ഫ്ലാറ്റ് സമുച്ചയങ്ങളുടെ അടുത്ത് താമസിക്കുന്നവരുടെ മുഖത്ത് കണ്ടില്ല. അവർ ഭീതിയിലാണ്. വീടുകൾക്ക് വിള്ളൽ ഉണ്ടാകുമോ, കോൺക്രീറ്റ് പാളികൾ തെറിച്ചുവീണ് ഒരായുസ് കൊണ്ട് സമ്പാദിച്ചതെല്ലാം നഷ്ടമാകുമോ എന്നെല്ലാം ഓർത്തുള്ള ആശങ്ക. അവരെയും കുറ്റം പറയാനാകില്ല. ഉള്ളതെല്ലാം മൂടിക്കെട്ടി, ഒരു പ്ലാസ്റ്റിക് പായയ്ക്കുള്ളിൽ ഒളിപ്പിച്ച് വന്ന് നിൽക്കുകയാണവർ. ദൂരെ. ഇന്നലെ വരെ കണ്ട ആ ബഹുനിലക്കെട്ടിടങ്ങൾ നിലം പൊത്തുന്നത് കാണാൻ. സെൽഫിയെടുക്കാനും ആർപ്പ് വിളിക്കാനും സന്തോഷിക്കാനും വന്നവരുടെ ആഹ്ളാദം അവരുടെ മുഖത്ത് കാണില്ലല്ലോ!

കൃത്യം 8 മണിക്ക് ഒഴിപ്പിക്കൽ തുടങ്ങും. പിന്നെ എല്ലാം പൊട്ടിത്തീർന്ന് പൊടി അടങ്ങിയാലെ അവർക്ക് തിരിച്ചെത്താൻ കഴിയൂ. രാവിലത്തെ ലൈവ് കഴിഞ്ഞപ്പോഴേക്കും സ്ഫോടനത്തിനു മുൻപായുള്ള പൂജ തുടങ്ങിയിരുന്നു. ഉടനെ തന്നെ തേവര - കുണ്ടന്നൂർ  പാലത്തിൽ എത്തി സ്റ്റാൻഡ് വെക്കാനുള്ള സ്ഥാനം കണ്ട് പിടിച്ചു.

മരടിൽ കായലിന്‍റെ തീരത്തായി തലയുയർത്തി നിൽക്കുയാണ് ആൽഫാ സെറീൻ എന്ന ഇരട്ടഫ്ലാറ്റ് സമുച്ചയങ്ങൾ. അവ നിലംപൊത്തുന്നതാണ് എന്‍റെ ഫ്രെയിംമിൽ പതിയേണ്ടത്. മൊത്തം 8 ക്യാമറകളുണ്ട്. കൂടാതെ ഡ്രോണുകളും തയ്യാറാണ്. 11 മണിക്കാണ് ആദ്യ സ്ഫോടനം നിശ്ചയിച്ചിരിക്കുന്നത്. അതിന് മുൻപായി മൂന്ന് തവണ സയറൻ മുഴക്കും.

വീഡിയോ: ഞങ്ങളുടെ മുതിർന്ന ക്യാമറാമാൻ കെ പി വിനോദിന്‍റെ നേതൃത്വത്തിൽ ക്യാമറകൾ സെറ്റ് ചെയ്യുന്നു. ടെലി ലെൻസടക്കമുള്ളവ ഉപയോഗിച്ചാണ് അത്ര ദൂരെയുള്ള ദൃശ്യങ്ങൾ വ്യക്തമായി ഞങ്ങൾ പകർത്തിയത്. ഒപ്പം ആകാശദൃശ്യങ്ങളും ചരിത്രസംഭവത്തിന്‍റെ സമഗ്രമായ പകർത്തിവയ്പ്പായി.

ആ സൈറൺ, നെഞ്ചിടിപ്പ് കൂട്ടിയ ആ ശബ്‍ദം!

എല്ലാവരും അതിനായി കാത്തിരിക്കുകയാണ്. സമയം  പതിനൊന്നിനോട് അടുക്കുന്നു. ആദ്യം തകർക്കുന്നത് എച്ച്ടുഒ ഹോളി ഫെയ്ത്ത് ആണ്. അത്  ഞങ്ങൾ നിൽക്കുന്നിടത്ത് നിന്ന് കാണാൻ കഴിയില്ല. പാലം നിറയെ ആളുകൾ നിറഞ്ഞിരിക്കുകയാണ്. ആകാംക്ഷ നിറഞ്ഞ മുഖങ്ങൾ ഷൂട്ട് ചെയ്യണമെന്നുണ്ട്. പക്ഷേ നിൽക്കുന്ന സ്ഥലത്ത് നിന്ന് അനങ്ങാൻ സാധിക്കില്ല. അത്രയ്ക്ക് തിരക്കായിരിക്കുന്നു.

അങ്ങനെ ആദ്യത്തെ സൈറൺ മുഴങ്ങി. റോഡിൽ ഗതാഗതം നിർത്തിവച്ചു. മൂന്നാം സൈറൺ കഴിഞ്ഞതോടെ ഒരു ഇടി മുഴക്കത്തോടെ, പൊടി പടലം അന്തരീക്ഷത്തിൽ ഉയർന്നു പൊങ്ങി. അതൊരു വലിയ മേഘ പാളി പോലെ ആകാശത്തേക്ക് ഉയർന്നു. ആഡംബര ഹോട്ടലായ ലെ മെറിഡിയന്‍റെ നീല മേൽക്കൂര പൊടിപടലം കൊണ്ട് ചാര നിറത്തിലായി.

ആർപ്പുവിളികൾക്കു ശേഷം ജനക്കൂട്ടം തൊട്ട് മുന്നിൽ നടക്കാൻ പോകുന്ന സ്ഫോടനത്തിനായി കാത്തു നിന്നു. രണ്ട് കെട്ടിടങ്ങളിൽ ചെറുതാണ് ആദ്യം പൊട്ടിക്കുന്നത്. പൊട്ടിത്തെറിക്കാനും പൊടി പടരാനും ഉള്ള സ്ഥലം കണക്കാക്കി ഫ്രെയിം സെറ്റ് ചെയ്ത് വച്ചു.  

ഒന്നാമത്തെ സൈറൺ മുഴങ്ങിയതും ഉള്ളിൽ  വല്ലാത്ത ഒരു ഭയം തോന്നി. എന്‍റെ ഫ്രെയിമിൽ ഒരിക്കലേ അത്  സംഭവിക്കൂ. അതും രണ്ടോ നാലോ സെക്കന്‍റ് കൊണ്ട് എല്ലാം കഴിയും. എന്തെങ്കിലും അബദ്ധം പറ്റിയാൽ ഒരിക്കലും അത് തിരുത്താൻ കഴിയില്ല. ആളുകൾ രണ്ട് വശത്തു നിന്നും തള്ളുകയാണ്. ആ സമയത്ത് ക്യാമറ കുലുങ്ങുകയോ ചരിയുകയോ ചെയ്താൽ അത്രയും നേരം ചെയ്തത് എല്ലാം വെറുതെ ആകും.

അവസാനം മൂന്നാം സൈറനും മുഴങ്ങി. രണ്ട് കൈകളും പാലത്തിന്‍റെ കൈവരിയിൽ താങ്ങി സർവ്വ ശക്തിയും എടുത്ത് ക്യാമറയിൽ ആരും തട്ടാതെ പിടിച്ച് ആ നിമിഷത്തിനായി വ്യൂ ഫൈൻഡറിലൂടെ നോക്കി നിന്നു.  

സയറൺ നിന്നതും  നൂറ് തലകളുള്ള വ്യാളിയെപ്പോലെ തീ തുപ്പി ആ കെട്ടിടം നിലം പൊത്തി. പക്ഷികൾ കാര്യമറിയാതെ തലങ്ങും വിലങ്ങും പറന്നു. നിർത്തിയിട്ടിരുന്ന ഫയർ ഫോഴ്‌സ് സ്പീഡ് ബോട്ടുകൾ പൊടിപടലത്തെ കീറിമുറിച്ചു സ്ഫോടനം നടന്ന സ്ഥലത്തേക്ക്  പാഞ്ഞു.

വെള്ളിടിപോലെ ആ ശബ്ദം ചെവിയിൽ മൂളിക്കൊണ്ടിരുന്നു. കുറച്ച് സമയത്തിന് ശേഷം പൊങ്ങിപ്പറന്ന  പൊടിപടലം മാഞ്ഞു തുടങ്ങി. കേരളത്തിലെ ആദ്യത്തെ നിയന്ത്രിത സ്ഫോടനത്തിനു സാക്ഷ്യം വഹിച്ച കാണികൾ പിന്നീട്  ഒരു തിരിഞ്ഞു നോക്കലിന് സാധ്യത ഇല്ലാത്ത  കാഴ്ച കണ്ട് മടങ്ങി.

അപ്പോഴും ഒരു വശത്ത് ഭയം നിറഞ്ഞ കണ്ണുകൾ സ്വന്തം കൂര ഒരു നോക്ക് കാണാനായി ഊഴം കാത്ത് നിൽക്കുകയായിരുന്നു. പക്ഷേ  അധികൃതർ വാക്ക് നൽകിയിരുന്നപോലെ അവരുടെ ഭിത്തികൾ  അടർന്നില്ല. ഒരു ജീവൻ പോലും പൊലിഞ്ഞില്ല.  

നിയമത്തെയും ഭരണ സംവിധാനങ്ങളെയും നോക്കുകുത്തിയാക്കി പണിതുയർത്തിയ കെട്ടിടസമുച്ചയങ്ങൾ പപ്പടം പൊടിയുന്നപോലെ പൊടിഞ്ഞമർന്നു. ഇത് ഒരു പാഠമായിരിക്കട്ടെ - എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് അവയുടെ  അവശിഷ്ടങ്ങൾ കായൽ തീരത്ത് ചിതറിക്കിടന്നു.

click me!