അഞ്ഞൂറിൽപരം മത്സ്യയിനങ്ങളിൽ വളർച്ചയെത്തുമ്പോഴേക്കും ലിംഗമാറ്റം നടക്കുന്നു എന്ന് ഗവേഷകർ

By Web TeamFirst Published Jul 15, 2019, 1:11 PM IST
Highlights

ഇത്തരത്തിൽ ഒരു ലിംഗഭേദം നടക്കാൻ, ചില പ്രത്യേക ജീനുകൾ ആ മത്സ്യങ്ങളിൽ ഈ സാഹചര്യത്തിൽ നിഷ്ക്രിയമാക്കപ്പെടുന്നുണ്ട്. ഈ പ്രക്രിയ എങ്ങനെ നടക്കുന്നു, അതിന്റെ സമയക്രമം എന്താണ് എന്നതൊക്കെ സംബന്ധിച്ച   ജനിതകശാസ്ത്രത്തിന്റെ പരീക്ഷങ്ങളിൽ ഏർപ്പെട്ടിരിക്കയാണ് ഈ ഗവേഷകർ. 

വാഷിംഗ്‌ടൺ: മത്സ്യങ്ങളുമായി ബന്ധപ്പെട്ട്  നടക്കുന്ന ഏറ്റവും പുതിയ ഗവേഷണങ്ങളുടെ ഫലങ്ങൾ സൂചിപ്പിക്കുന്നത്  അഞ്ഞൂറില്പരം മത്സ്യപ്രജാതികൾ അവയുടെ ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ, പാരിസ്ഥിതികമായ സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് ലിംഗഭേദത്തിനു വിധേയമാവുന്നു എന്നാണ്. 

നീലത്തലയൻ റാസ്സ് എന്ന ഒരിനം മത്സ്യങ്ങളുടെ ജീവിതരീതികളെപ്പറ്റി വർഷങ്ങളോളം പഠനം നടത്തിയിട്ടുള്ള പ്രൊഫ. ജെന്നി ഗ്രേവ്‌സ് ആണ് ഈ ഫലം പുറത്തുവിട്ടിരിക്കുന്നത്. ഈ മത്സ്യങ്ങളിൽ നടക്കുന്ന ഈ ത്വരിതമായ ലിംഗമാറ്റങ്ങൾ, അവയുടെ ജീനുകളുമായി ബന്ധപ്പെട്ടതല്ലെന്നും, അതുകൊണ്ടുതന്നെ അത് ബാഹ്യമായ സാഹചര്യങ്ങളോടുള്ള മത്സ്യങ്ങളുടെ പ്രതികരണമാവാനാണ് വഴി എന്നും അവർ പറഞ്ഞു.

കരീബിയൻ ഉൾക്കടലിന്റെ ആഴങ്ങളില് പവിഴപ്പുറ്റുകൾക്കിടയിലാണ് ഈ നീലത്തലയന്മാരുടെ വാസം. കൂട്ടത്തിലെ ഏറ്റവും ആജ്ഞാശക്തിയുള്ള ആൺമത്സ്യമാണ് സ്വതവേ പെൺമത്സ്യങ്ങളുടെ ഒരു പറ്റത്തെത്തന്നെ നയിക്കുന്നത്. ആ ആൺ മത്സ്യത്തെ  കൂട്ടത്തിൽ നിന്നും പിടിച്ചുമാറ്റിയാൽ പത്തുദിവസത്തിനുള്ളിൽ തന്നെ കൂട്ടത്തിലെ ഏറ്റവും ശക്തയായ പെൺമത്സ്യത്തിന് ലിംഗഭേദം വന്ന് അത് ആൺ മത്സ്യമായി മാറുമത്രേ..! മിനിറ്റുകൾ കൊണ്ടാണ് ആ പെണ്മത്സ്യത്തിന്റെ നിറം മാറിമാറി ആൺ മത്സ്യത്തിന്റേതു പോലെയാവുന്നത്. അതിന്റെ ഗർഭാശയം ബീജഗ്രന്ഥിയായി മാറും. ഈ പത്തുദിവസത്തിനുള്ളിൽ അതിൽ നിന്നും പുംബീജങ്ങൾ പുറപ്പെടാനും തുടങ്ങും. 

ഇത്തരത്തിൽ ഒരു ലിംഗഭേദം നടക്കാൻ, ചില പ്രത്യേക ജീനുകൾ ആ മത്സ്യങ്ങളിൽ ഈ സാഹചര്യത്തിൽ നിഷ്ക്രിയമാക്കപ്പെടുന്നുണ്ട്. ഈ പ്രക്രിയ എങ്ങനെ നടക്കുന്നു, അതിന്റെ സമയക്രമം എന്താണ് എന്നതൊക്കെ സംബന്ധിച്ച   ജനിതകശാസ്ത്രത്തിന്റെ പരീക്ഷങ്ങളിൽ ഏർപ്പെട്ടിരിക്കയാണ് ഈ ഗവേഷകർ. ഈ മത്സ്യങ്ങളിൽ നടക്കുന്ന ഇത്തരത്തിലുള്ള ജനിതക നിഷ്ക്രമണത്തെ സംബന്ധിച്ച പരീക്ഷണങ്ങളും നിരീക്ഷണങ്ങളും, അതിനു സമാനമായ രീതിയിൽ മനുഷ്യരിലും മറ്റു ജന്തുക്കളിലും നടക്കുന്ന ജനിതകമായ മാറ്റങ്ങളെപ്പറ്റി അറിയാൻ സഹായകരമായേക്കും. 

"ഇത്തരത്തിൽ ഒരു ലിംഗഭേദം നടക്കുമ്പോൾ, ബീജഗ്രന്ഥിയുടെ സമ്പൂർണ്ണമായ ജനിതക റീ-വയറിങ്ങ് തന്നെ നടക്കുന്നുണ്ട് എന്ന് ഞങ്ങൾ കണ്ടെത്തി. ഗർഭാശയങ്ങളെ പ്രവർത്തിപ്പിക്കാനുള്ള ജീനുകളെ ആദ്യം നിഷ്ക്രിയമാക്കും. എന്നിട്ട്, ബീജഗ്രന്ഥിയുടെ രൂപീകരണത്തിനുവേണ്ട ഒരു സവിശേഷ ജനിതകപ്രക്രിയയ്ക്ക് തുടക്കമിടുന്നു." ഈ പഠനത്തിന്റെ ഭാഗമായ ഡോ. എറിക്ക ടോഡ് പറഞ്ഞു. 

'കോശങ്ങളുടെ ഓർമ്മശക്തി' ( Cellular Memory ) യുമായി ബന്ധപ്പെട്ടും ഇത്തരത്തിലുള്ള ജനിതക മാറ്റങ്ങൾ ഉണ്ടാവാനുള്ള സാധ്യതയുള്ളതായി ഗവേഷകർ പറഞ്ഞു. കോശങ്ങളുടെ DNA -കളിലെ ചില രാസ സൂചകങ്ങളിൽ ഉണ്ടാവുന്ന കാതലായ മാറ്റമാണ് കോശങ്ങളുടെ ഓർമ്മയെ സ്വാധീനിക്കുന്നത്. തങ്ങൾ ചെയ്യാൻ നിയുക്തമായ ധര്‍മത്തെപ്പറ്റിയുള്ള കോശങ്ങളുടെ ഓർമ്മയെ സ്വാധീനിച്ചാൽ, അതിൽ മാറ്റം വരുത്തിയാൽ, സ്വാഭാവികമായി അത് വേണമെങ്കിൽ ലിംഗഭേദത്തിനും നിമിത്തമാകാമല്ലോ. 

"ഭീമൻ പല്ലികളുടെ കാര്യത്തിൽ, ഇത്തരത്തിലുള്ള ലിംഗഭേദങ്ങളുണ്ടാവുന്നത് ചൂട് കൂടുമ്പോഴാണ്. അമിതമായ ചൂട് പുരുഷ ലൈംഗിക ക്രോമസോമുകളുടെ ജീനുകളെ തിരുത്തിയെഴുതുന്നു. അത് ഭ്രൂണങ്ങളെ സ്ത്രീരൂപത്തിലാക്കുന്നു. ഭീമൻ പല്ലികളിലെ ഇത്തരത്തിലെ ലിംഗ മാറ്റവും, നീലത്തലയൻ റാസുകളിലെ കുറേക്കൂടി പ്രകടമായ രീതിയിലുള്ള അതേ പ്രക്രിയയും ഒരേ ജീനുകളിൽ ഉണ്ടാവുന്ന മാറ്റങ്ങൾ കാരണമാണ്.  ഞങ്ങളുടെ പഠനങ്ങളിലൂടെ വെളിപ്പെടുന്നത്, ജനിതക പ്രക്രിയയുടെ പാരിസ്ഥിതിക നിയന്ത്രണത്തിനായിട്ടുള്ള ഒരു പൗരാണിക സംവിധാനത്തിന്റെ വിശദാംശങ്ങളാണ്. "  പ്രൊഫ. ഗ്രേവ്‌സ് പറഞ്ഞു. 

(ചിത്രം പ്രതീകാത്മകം)

click me!