പേടിപ്പെടുത്തുന്ന ശബ്ദവും പ്രകമ്പനവും, ഉറക്കം നഷ്ടപ്പെട്ട് താമസക്കാർ, കാരണം കണ്ടെത്തി, മീനുകളുടെ ഇണചേരല്‍

Published : Feb 09, 2024, 01:42 PM IST
പേടിപ്പെടുത്തുന്ന ശബ്ദവും പ്രകമ്പനവും, ഉറക്കം നഷ്ടപ്പെട്ട് താമസക്കാർ, കാരണം കണ്ടെത്തി, മീനുകളുടെ ഇണചേരല്‍

Synopsis

പ്രദേശത്തെ പൊലീസിലും ഈ ശബ്ദത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും ഇത് കാരണം ഉറങ്ങാൻ കഴിയുന്നില്ല എന്നും കാണിച്ച് അനേകം പരാതികളും ചെന്നു.

ഫ്ലോറിഡയിലെ താമ്പ പ്രദേശത്തുള്ള താമസക്കാർക്ക് വർഷങ്ങളായി രാത്രി ഉറക്കം വലിയ ബുദ്ധിമുട്ടായിരുന്നു.  മാതാപിതാക്കൾക്ക് കുട്ടികളെയൊക്കെ ഉറക്കുക എന്നത് കഠിനമായ ജോലിയായിത്തീർന്നു. തികച്ചും അപരിചിതമായ ചില ശബ്ദങ്ങളായിരുന്നു അതിന് കാരണം. അതും ചെറിയ ഒച്ചയൊന്നുമല്ല, വലിയ ഒച്ചയാണ് രാത്രികളിൽ വീടുകളിലേക്ക് കയറി വന്നിരുന്നത്. പോരാത്തതിന് കെട്ടിടങ്ങൾക്ക് ചെറിയ വിറയലും അനുഭവപ്പെട്ടിരുന്നു. ഇതോടെ പ്രദേശവാസികളുടെ ഉറക്കം ആകെ താറുമാറായി. 

2021 മുതൽ ഈ വിചിത്രമായ ശബ്ദം ആളുകളെ ബുദ്ധിമുട്ടിച്ചിരുന്നു. എന്നാൽ, ഇതെന്താണ് എന്ന് കണ്ടെത്താൻ ആർക്കും കഴി‍ഞ്ഞില്ല. പിന്നാലെ, പ്രദേശത്തെ പൊലീസിലും ഈ ശബ്ദത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും ഇത് കാരണം ഉറങ്ങാൻ കഴിയുന്നില്ല എന്നും കാണിച്ച് അനേകം പരാതികളും ചെന്നു. എന്നാൽ, നാട്ടുകാർക്കും പൊലീസിനും ഈ ശബ്ദം എവിടെ നിന്നും വരുന്നു എന്ന് കണ്ടെത്താനായില്ല. അതോടെ നാട്ടുകാർ തന്നെ പല ഊഹാപോഹങ്ങളും പ്രചരിപ്പിക്കാൻ തുടങ്ങി. 

അതിലൊന്ന്, അത് രഹസ്യമായി പ്രവർത്തിക്കുന്ന മിലിറ്ററി ക്യാംപിൽ നിന്നുള്ളതാവാം എന്നതായിരുന്നു. മറ്റൊന്ന്, ഏതെങ്കിലും പാർട്ടി ബോട്ടുകളിൽ നിന്നും ഉയരുന്ന ശബ്ദമാകാം എന്നതായിരുന്നു. എന്നാൽ, ഇതിൽ നിന്നെല്ലാം ഒരുപടി കൂടി കടന്ന് മറ്റ് ചിലർ പറഞ്ഞു നടന്നത് ഇത് അന്യ​ഗ്രഹജീവികളുടെ ശബ്ദമാണ് എന്നായിരുന്നു. എന്നാൽ, ഇതിനെയെല്ലാം നിരാകരിച്ചുകൊണ്ടാണ് പ്രദേശത്തുള്ള ഒരു ​ഗവേഷകൻ ഇത് എന്തിന്റെ ശബ്ദമാണ് എന്ന് കണ്ടെത്തിയത്. 

അറ്റ്ലാന്റിക് സമുദ്രത്തിലെ ബ്ലാക്ക് ഡ്രം മത്സ്യങ്ങൾ ഇണ ചേരുന്ന ശബ്ദമാണിത് എന്നാണ് ശാസ്ത്രജ്ഞൻ ജെയിംസ് ലോക്കാസ്യോ പറയുന്നത്. ഇവയുടെ പ്രജനനകാലത്ത് ഇവ കൂട്ടത്തോടെ ഇണചേരുന്നുവെന്നും ആ ശബ്ദമാണ് നാട്ടുകാർ കേൾക്കുന്നത് എന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. പ്രദേശവാസികൾ തന്നെയാണ് ശബ്ദത്തിന്റെ ഉറവിടം കണ്ടെത്താൻ അദ്ദേഹത്തിന്റെ സഹായം അഭ്യർത്ഥിച്ചത്. രണ്ട് ലക്ഷം രൂപ നാട്ടുകാരെല്ലാം ചേർന്ന് സംഘടിപ്പിച്ചാണ് ശബ്ദം കണ്ടെത്താനുള്ള ഉപകരണങ്ങൾ ശാസ്ത്രജ്ഞന് വാങ്ങി നൽകിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

നാലാം എഡിഷനില്‍ വിജയ് വയനാട്ടുകാരൻ; വയനാടൻ കുന്നുകൾ കീഴടക്കിയ ബൈസിക്കിൾ ചാലഞ്ച്
അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!