ബെംഗളൂരുവിൽ താമസിക്കുന്ന അഭിഷേക് സിംഗ് എന്ന യുവാവ് പങ്കുവച്ചൊരു പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. ബെംഗളൂരുവിലുള്ള തൻ്റെ ഒരു മാസത്തെ ചെലവുകളെ കുറിച്ചാണ് യുവാവിന്‍റെ പോസ്റ്റ്. എല്ലാം കൂടി 70,000 രൂപയാണ് യുവാവിന് ചെലവ്.
ബെംഗളൂരുവിലെ ജീവിതച്ചെലവിനെക്കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കയാണ് അഭിഷേക് സിംഗ് എന്ന യുവാവ് ഷെയർ ചെയ്തൊരു പോസ്റ്റ്. എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ യുവാവ് പങ്കുവെച്ച തന്റെ ഒരു മാസത്തെ ചെലവുകളുടെ കണക്കാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ശരിക്കും ബെംഗളൂരുവിൽ ഒരു മാസം കഴിയണമെങ്കിൽ എത്ര രൂപ വരെ ചെലവ് വരും എന്നതിനെ ചൊല്ലിയാണ് ചർച്ച.
അഭിഷേക് പങ്കുവെച്ച കണക്കുകൾ പ്രകാരം ഒരു മാസത്തെ പ്രധാന ചെലവുകൾ താഴെ പറയുന്നവയാണ്:
വാടകയും മെയിന്റനൻസും: 25,000
ഭക്ഷണം (മത്സ്യം, മാംസം ഉൾപ്പെടെ): 12,000
റെസ്റ്റോറന്റുകൾ, കോഫി: 5,500
യാത്രകൾ: 12,500
ബംബിൾ ഡേറ്റുകൾ: 4,000
നിക്ഷേപം: 3,000
ജിം, സ്പോർട്സ്: 1,500
മറ്റ് ചെലവുകൾ (ഓൺലൈൻ ഓർഡറുകൾ): 4,000
ഇന്റർനെറ്റ്, ഫോൺ, സബ്സ്ക്രിപ്ഷനുകൾ: 2,500
ആകെ തുക: മാസം 70,000
അഭിഷേകിന്റെ പോസ്റ്റ് 74,000 -ത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. ഇതിനെ വിമർശിച്ചുകൊണ്ടാണ് ഏറെ കമന്റുകളും വന്നിരിക്കുന്നത്. മാസം 70,000 രൂപ ചെലവാക്കുമ്പോൾ വെറും 3,000 രൂപ മാത്രം നിക്ഷേപിക്കുന്നത് പലരെയും അത്ഭുതപ്പെടുത്തി. 'ഈ 3,000 രൂപ കൊണ്ട് നിങ്ങൾ എന്ത് മാറ്റമാണ് ജീവിതത്തിൽ വരുത്താൻ പോകുന്നത്? ലോകം മുഴുവൻ വാങ്ങാനാണോ പരിപാടി?' എന്നാണ് ഒരാൾ പരിഹസിച്ചുകൊണ്ട് കമന്റ് നൽകിയിരിക്കുന്നത്. 'ഞാൻ വെറും 25,000 രൂപയിൽ ബെംഗളൂരുവിൽ രാജകീയമായി ജീവിക്കുന്നുണ്ട്. കമ്പനിയിലെ ജിമ്മും ഭക്ഷണശാലയും ഉപയോഗിച്ചാൽ ചിലവ് പകുതിയായി കുറയ്ക്കാം' എന്നായിരുന്നു മറ്റൊരു യൂസറിന്റെ കമന്റ്.
ഇത്രയധികം തുക മാസം ചെലവാക്കാൻ ശമ്പളം എത്രയാണെന്ന ചോദ്യത്തിന്, 'സുഖകരമായ ജീവിതം നയിക്കാൻ ആവശ്യമായത് ലഭിക്കുന്നുണ്ട്' എന്നായിരുന്നു അഭിഷേകിന്റെ മറുപടി.
