താലിബാന്‍ മൂന്ന് പ്രാവശ്യം തകര്‍ക്കാന്‍ ശ്രമിച്ച  ഈ അണക്കെട്ട് ഇന്ത്യ നിര്‍മിച്ചതാണ്!

By Web TeamFirst Published Aug 20, 2021, 5:06 PM IST
Highlights

ഇതിനെല്ലാം പുറമേ, ഇന്ത്യന്‍ മെഡിക്കല്‍ മിഷനുകള്‍ നിരവധി മേഖലകളില്‍ സൗജന്യ കണ്‍സള്‍ട്ടേഷന്‍ ക്യാമ്പുകള്‍ നടത്തുന്നു. ബദാക്ഷാന്‍, ബല്‍ഖ്, കാണ്ഡഹാര്‍, ഖോത്, കുനാര്‍ തുടങ്ങിയ നിരവധി അതിര്‍ത്തി പ്രവിശ്യകളില്‍ ഇന്ത്യ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്.  

അഫ്ഗാനിസ്താനില്‍ ജനാധിപത്യ സംവിധാനം സ്ഥാപിക്കുന്നതിനായി പതിറ്റാണ്ടുകളായി ഇന്ത്യ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ഇപ്പോള്‍ രാജ്യം താലിബാന്‍ ഏറ്റെടുത്തതോടെ, മേഖലയിലെ ഇന്ത്യന്‍ നിക്ഷേപങ്ങള്‍ക്ക് വലിയ തിരിച്ചടി നേരിട്ടേക്കാം. അഫ്ഗാനിസ്ഥാനിലെ പുനര്‍നിര്‍മ്മാണത്തിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും ഇന്ത്യ വഹിച്ച പങ്ക് ചെറുതല്ല. റോഡുകള്‍, അണക്കെട്ടുകള്‍, വൈദ്യുതി ട്രാന്‍സ്മിഷന്‍ നെറ്റ്വര്‍ക്കുകള്‍, സബ്‌സ്റ്റേഷനുകള്‍, സ്‌കൂളുകള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ഇന്ത്യ അവിടെ നിര്‍മ്മിച്ചിട്ടുണ്ട്. 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള വ്യാപാരം 1.5 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. അഫ്ഗാനിലെ 34 പ്രവിശ്യകളിലും ഇന്ത്യ 400 ലധികം പദ്ധതികള്‍ ഏറ്റെടുത്തിട്ടുമുണ്ടായിരുന്നു. എന്നാല്‍ ഈ പദ്ധതികളുടെയെല്ലാം വിധി ഇപ്പോള്‍ തുലാസിലാണ്. അഫ്ഗാനില്‍ ഇന്ത്യ ഏറ്റെടുത്ത ഏറ്റവും വലിയ അഞ്ച് പദ്ധതികളെ അറിയാം. 

 

 

അഫ്ഗാനിസ്ഥാന്‍ പാര്‍ലമെന്റ്

90 മില്യണ്‍ ഡോളര്‍ ചെലവിലാണ് അഫ്ഗാന്‍ പാര്‍ലമെന്റ് മന്ദിരം ഇന്ത്യ നിര്‍മ്മിച്ചത്. ഇന്ത്യയുടെ കേന്ദ്ര പൊതുമരാമത്ത് വകുപ്പായിരുന്നു (CPWD) പദ്ധതിയുടെ കണ്‍സള്‍റ്റന്റ്. 2008 ല്‍ ഒരു ഇന്ത്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിക്കായിരുന്നു അതിന്റെ കരാര്‍. 2015 ല്‍ കാബൂള്‍ സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി മോദി കെട്ടിടം ഉദ്ഘാടനം ചെയ്തു. യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തിന് ഇന്ത്യയുടെ സമ്മാനം.  

 

 

സല്‍മ ഡാം

താലിബാന്‍ മൂന്ന് പ്രാവശ്യം തകര്‍ക്കാന്‍ ശ്രമിച്ച സല്‍മ ഡാമാണ് അടുത്തത്. അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ അണക്കെട്ടുകളില്‍ ഒന്നാണ് സല്‍മ ഡാം. ഹെറാത്ത് പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ഇത് അഫ്ഗാന്‍-ഇന്ത്യ സൗഹൃദ അണക്കെട്ട് എന്നറിയപ്പെടുന്നു. 640 ദശലക്ഷം ഘനമീറ്റര്‍ ജല സംഭരണ ശേഷിയുള്ള ഡാം ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വെള്ളവും വൈദ്യുതിയും നല്‍കുന്നു. ഈ പദ്ധതിക്കായി ഇന്ത്യ ചെലവിട്ടത് 1700 കോടി രൂപയാണ്. ഇതിനാവശ്യമുള്ള എല്ലാ അസംസ്‌കൃത വസ്തുക്കളും ഇന്ത്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്തത്. 10 വര്‍ഷത്തെ നിര്‍മ്മാണം 2016 ല്‍ പൂര്‍ത്തിയായപ്പോള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയും ചേര്‍ന്ന് അണക്കെട്ട്  ഉദ്ഘാടനം ചെയ്തു.

 

 

സ്റ്റോര്‍ പാലസ്

100 വര്‍ഷം പഴക്കമുള്ള ഈ കൊട്ടാരം അഫ്ഗാന്‍ രാജാവ് അമാനുല്ലാ ഖാനാണ് നിര്‍മ്മിച്ചത്. 1965 വരെ ഇത് അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഓഫീസ് ആയിരുന്നു. 2009 ല്‍ ആഗാ ഖാന്‍ ട്രസ്റ്റ് ഫോര്‍ കള്‍ച്ചര്‍ ഇന്ത്യയിലെയും അഫ്ഗാനിസ്ഥാനിലെയും സര്‍ക്കാരുകളുമായി സഹകരിച്ച് കൊട്ടാരം പുനര്‍നിര്‍മ്മിക്കാനുള്ള ഒരു ഉടമ്പടി ഉണ്ടാക്കി. 2016 ല്‍ കാബൂളില്‍ ഇന്ത്യയുടെ സഹായത്തോടെ അത് പുനഃസ്ഥാപിക്കപ്പെട്ടു. 2016 ഓഗസ്റ്റ് 22 -ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റും ചേര്‍ന്ന് സ്റ്റോര്‍ പാലസ് ഉദ്ഘാടനം ചെയ്തു.  

 

 

സരഞ്ജ്-ദേലാരം ഹൈവേ

അഫ്ഗാനിസ്ഥാനിലെ ദേലാറാം ജില്ലയെ ഇറാന്റെ അതിര്‍ത്തിക്കടുത്തുള്ള സരഞ്ചുമായി ബന്ധിപ്പിക്കുന്ന 218 കിലോമീറ്റര്‍ നീളമുള്ള ഹൈവേ ഇന്ത്യ നിര്‍മ്മിച്ചു. അഫ്ഗാനിസ്ഥാനിലെ മറ്റ് നഗര റോഡുകള്‍ക്കൊപ്പം ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ നിര്‍മ്മിച്ച ഇത് 2009 ല്‍ അഫ്ഗാനിസ്ഥാന് കൈമാറി. ഏകദേശം 600 കോടി രൂപ ചെലവിട്ടാണ് ഈ ഹൈവേ ഇന്ത്യ നിര്‍മ്മിച്ചത്.  

 

 

ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ചൈല്‍ഡ് ഹെല്‍ത്ത്

അഫ്ഗാനിസ്ഥാനിലെ കുട്ടികള്‍ക്കുള്ള ഏറ്റവും വലിയ ആശുപത്രിയും ഇന്ത്യയാണ് പുനര്‍നിര്‍മ്മിച്ചത്. 1985 -ല്‍ ഇന്ത്യ ആദ്യം നിര്‍മിച്ച ഈ ആരോഗ്യ കേന്ദ്രം പിന്നീട് യുദ്ധം മൂലം തകര്‍ന്നിരുന്നു. 

ഇതിനെല്ലാം പുറമേ, ഇന്ത്യന്‍ മെഡിക്കല്‍ മിഷനുകള്‍ നിരവധി മേഖലകളില്‍ സൗജന്യ കണ്‍സള്‍ട്ടേഷന്‍ ക്യാമ്പുകള്‍ നടത്തുന്നു. ബദാക്ഷാന്‍, ബല്‍ഖ്, കാണ്ഡഹാര്‍, ഖോത്, കുനാര്‍ തുടങ്ങിയ നിരവധി അതിര്‍ത്തി പ്രവിശ്യകളില്‍ ഇന്ത്യ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്.  

കാബൂള്‍ ഉള്‍പ്പെടെ അഫ്ഗാനിസ്ഥാനിലെ പല നഗരങ്ങളിലും ഇന്ത്യ വൈദ്യുതി, ടെലികമ്മ്യൂണിക്കേഷന്‍ നിര്‍മ്മാണങ്ങളും നടത്തിയിട്ടുണ്ട്. കൂടാതെ, ന്യൂഡല്‍ഹി 400 ബസുകളും 200 മിനി ബസ്സുകളും മുനിസിപ്പാലിറ്റികള്‍ക്ക് 105 യൂട്ടിലിറ്റി വാഹനങ്ങളും അഫ്ഗാന്‍ നാഷണല്‍ ആര്‍മിക്ക് 285 സൈനിക വാഹനങ്ങളും അഞ്ച് ആശുപത്രികളിലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് 10 ആംബുലന്‍സുകളും സമ്മാനിച്ചു. 

'അഫ്ഗാനിസ്ഥാന്റെ മണ്ണ് ആര്‍ക്കും എതിരെ ഉപയോഗിക്കാന്‍ ഒരു രാജ്യത്തെയോ ഒരു സംഘത്തെയോ അനുവദിക്കില്ലെന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഇത് വ്യക്തമാണ്. രണ്ടാമതായി, ഇന്ത്യ നിരവധി പുനര്‍നിര്‍മ്മാണവും അടിസ്ഥാന സൗകര്യ പദ്ധതികളും ഉണ്ടാക്കിയിട്ടുണ്ട്. അവര്‍ക്ക് വേണമെങ്കില്‍ അപൂര്‍ണ്ണമായ പദ്ധതികള്‍ പൂര്‍ത്തിയാക്കാം. കാരണം അവ ജനങ്ങള്‍ക്കുള്ളതാണ്,' എന്നാണ് ഇന്ത്യന്‍ നിക്ഷേപങ്ങളെ സംബന്ധിച്ച് താലിബാന്‍ വക്താവ് പ്രസ്താവന ഇറക്കിയിട്ടുള്ളത്.  

click me!