താലിബാന്‍ ഒരിക്കലും മാറില്ല; ലോകത്തിന്റെ ശ്രദ്ധമാറുമ്പോള്‍ അവര്‍ ക്രൂരത തുടരും

Web Desk   | Asianet News
Published : Aug 20, 2021, 04:14 PM ISTUpdated : Aug 20, 2021, 07:21 PM IST
താലിബാന്‍ ഒരിക്കലും മാറില്ല; ലോകത്തിന്റെ  ശ്രദ്ധമാറുമ്പോള്‍ അവര്‍ ക്രൂരത തുടരും

Synopsis

താലിബാനൊരിക്കലും മാറില്ല എന്നും ഇതെല്ലാം ആളുകളുടെ കണ്ണില്‍ പൊടിയിടാനുള്ള അവരുടെ പദ്ധതികള്‍ മാത്രമാണെന്നുമാണ് താലിബാന്റെ ഇരകള്‍ പറയുന്നത്

താലിബാന്‍ മാറിയോ? അഫ്ഗാനിസ്താനില്‍ പുതിയ ഭരണകൂടം ഉണ്ടാക്കുന്നതിന്റെ ഭാഗമായി താലിബാന്‍ വക്താക്കള്‍ പറയുന്നത് അങ്ങനെയാണ്. പഴയ താലിബാനല്ല തങ്ങളെന്ന് ലോകത്തെ വിശ്വസിപ്പിക്കാനുള്ള അവരുടെ ശ്രമങ്ങള്‍ ചിലരെയെങ്കിലും സമാധാനിപ്പിക്കുന്നുണ്ട്. എന്നാല്‍, താലിബാനൊരിക്കലും മാറില്ല എന്നും ഇതെല്ലാം ആളുകളുടെ കണ്ണില്‍ പൊടിയിടാനുള്ള അവരുടെ പദ്ധതികള്‍ മാത്രമാണെന്നുമാണ് താലിബാന്റെ ഇരകള്‍ പറയുന്നത്. അത്തരത്തില്‍ ഒരാളുടെ അനുഭവക്കുറിപ്പാണിത്. ഇപ്പോള്‍ ലണ്ടനില്‍ കഴിയുന്ന ഫ്രിബ (സുരക്ഷാ കാരണങ്ങളാല്‍ പേരു മാറ്റിയിട്ടുണ്ട്.) എന്ന സ്ത്രീയുടെ അനുഭവക്കുറിപ്പാണിത്.

ബിബിസി പ്രസിദ്ധീകരിച്ച അനുഭവക്കുറിപ്പില്‍, അവര്‍ പറയുന്നത് കേള്‍ക്കൂ: ''താലിബാന്‍ ഭരണത്തിന്‍ കീഴില്‍ ജീവിക്കുന്നത് ക്രൂരനായ ഒരു പങ്കാളിക്കൊപ്പം ജീവിക്കുന്നതിന് തുല്യമാണ്. ആദ്യമൊക്കെ നന്നായി പെരുമാറും. ധാരാളം മോഹന വാഗ്ദാനങ്ങള്‍ നല്‍കും. അതില്‍ ചിലതൊക്കെ നിറവേറ്റും. നിങ്ങളില്‍ ഒരു കപടമായ സുരക്ഷാ ബോധം ഉണ്ടാക്കുമ്പോഴും, പിന്നാമ്പുറത്ത് നിങ്ങളെ തകര്‍ക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയായിരിക്കും അവര്‍. ''

ഇതാണ് ആ കുറിപ്പ്:    

എന്റെ പിതാവ് അഫ്ഗാനിസ്താനിലെ ഹെറാത്തിലാണ് ജനിച്ചത്. അദ്ദേഹം കാബൂള്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി. പഠനത്തിന് ശേഷം അദ്ദേഹം വിവാഹിതനായി. തുടര്‍ന്ന്, അന്നത്തെ അഫ്ഗാന്‍ സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിച്ചു. റഷ്യക്കാര്‍ പിന്‍വാങ്ങിയ ശേഷം മുജാഹിദുകള്‍ അധികാരമേറ്റപ്പോള്‍ എന്റെ അച്ഛന്‍ ഒരു എന്‍ജിഒയില്‍ ജോലി കണ്ടെത്തി. താലിബാന്‍ ഹെറാത്ത് ്രപവിശ്യ പിടിച്ചടക്കിയപ്പോള്‍ എന്റെ പിതാവിന് അവിടെ നിന്ന് രക്ഷപ്പെടാമായിരുന്നു. പക്ഷേ അദ്ദേഹം അത് ചെയ്തില്ല. അദ്ദേഹം തന്റെ ജോലിയെ അത്രയ്ക്ക് സ്‌നേഹിച്ചിരുന്നു, സ്വന്തം നാടിനെ സ്‌നേഹിച്ചിരുന്നു.  

അദ്ദേഹത്തിന് നാല് പെണ്‍മക്കളും ഒരു പിഞ്ചുകുഞ്ഞുമായിരുന്നു. താലിബാന്‍ ഭരണത്തിന്‍ കീഴില്‍ ജീവിതം ക്രൂരമായിരുന്നു. പെണ്‍മക്കള്‍ക്ക് പഠനം നിര്‍ത്തേണ്ടി വന്നു. എന്നാലും ഏക ആശ്വാസം അദ്ദേഹത്തിന്റെ ജോലിയായിരുന്നു. 1999 ജൂണ്‍ പകുതിയോടെ ഒരു ദിവസം രാവിലെ എന്റെ അച്ഛന്‍ പതിവ് പോലെ പ്രഭാതഭക്ഷണത്തിന് ശേഷം ജോലിക്ക് പുറപ്പെട്ടു. അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ബൈക്കില്‍ കയറി പോയി.

ഏതാനും മിനിറ്റുകള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ബൈക്ക് അയല്‍വാസികള്‍ തിരികെ വീട്ടു വാതില്‍ക്കല്‍ കൊണ്ട് വച്ചു. പിതാവ് എവിടെ എന്ന ചോദ്യത്തിന് അദ്ദേഹത്തെ താലിബാന്‍ കൊണ്ടുപോയെന്ന് അവര്‍ പറഞ്ഞു. എന്റെ അമ്മയുടെ മുഖം ഞാന്‍ ഒരിക്കലും മറക്കില്ല. അമ്മ മരവിച്ചു അനക്കമില്ലാതെ നിന്നു പോയി. അമ്മ എന്റെ അഞ്ച് വയസ്സുള്ള സഹോദരന്റെ കൈ പിടിച്ച് അദ്ദേഹത്തെ കണ്ടെത്താനുള്ള വ്യഗ്രതയില്‍ വീടിന് പുറത്തേക്ക് ഓടി. അന്ന് വൈകുന്നേരം എന്റെ അമ്മ തിരികെ എത്തി. എന്റെ പിതാവിനെക്കുറിച്ച് ഒരു വിവരവും അമ്മയ്ക്ക് ലഭിച്ചില്ല. അമ്മാവന്മാരും മറ്റ് സുഹൃത്തുക്കളും പിതാവിനെ തിരഞ്ഞ് നടന്നു. പക്ഷേ കാര്യമുണ്ടായിരുന്നില്ല.  

പിതാവ് ഇനി ഒരിക്കലും മടങ്ങി വരില്ലെന്ന് വിശ്വസിക്കാന്‍ എന്റെ അമ്മ തയ്യാറായില്ല. അച്ഛന്റെ വിവരങ്ങള്‍ അറിയാന്‍ എല്ലാ ദിവസവും എന്റെ അമ്മ അവിടെയുളള താലിബാന്റെ സകല ഓഫീസുകളിലും കയറി ഇറങ്ങി. കാണ്ഡഹാറില്‍ താലിബാന്‍ ചില തടവുകാരെ പാര്‍പ്പിച്ചിരിക്കുന്നുവെന്ന വാര്‍ത്ത കേട്ട്, എന്റെ അമ്മാവന്‍ അവിടേയ്ക്ക് പോയി. പക്ഷേ കാര്യമുണ്ടായില്ല. പിന്നെ അമ്മാവന്‍ കാബൂളിലേക്കും മസാര്‍-ഇ-ഷെരീഫിലേക്കും പോയി. പക്ഷേ അവിടെയും അദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അയല്‍ക്കാര്‍ അദ്ദേഹത്തിനെ അറസ്റ്റ് ചെയ്യുന്നത് കണ്ടുവെന്ന് ഉറപ്പാണ്. അതേ താലിബാന്‍കാര്‍ മറ്റ് അയല്‍ക്കാരെ അറസ്റ്റ് ചെയ്യുകയും പിന്നീട് അവരെ ഹെറാത്തിലെ ജയിലില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തത് അവര്‍ കണ്ടതാണ്.  
 
എന്റെ അമ്മ ശക്തയായിരുന്നു. അവര്‍ക്ക് ഇത് അങ്ങനെ വിടാന്‍ കഴിഞ്ഞില്ല. കുടുംബത്തില്‍ പലരും അവരെ നിരുത്സാഹപ്പെടുത്തി. എന്നാല്‍ എതിര്‍പ്പുകള്‍ വകവയ്ക്കാതെ മകനോടൊപ്പം താലിബാന്‍ നേതാവ് മുല്ല ഉമറിന്റെ കാണ്ഡഹാറിലെ ഓഫീസിലേക്ക് അമ്മ പോയി. താലിബാന്‍ ഭരണത്തിന്‍ കീഴില്‍ ഒരു സ്ത്രീയ്ക്ക് വീടിന് പുറത്ത് പോകണമെങ്കില്‍, ഒരു പുരുഷ ബന്ധു ആവശ്യമാണ്. എന്നാല്‍ അവിടെ എത്തിയ അമ്മയെ താലിബാന്‍കാര്‍ അടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വീണ്ടും കണ്ടാല്‍ കല്ലെറിഞ്ഞു കൊല്ലുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. എന്റെ അമ്മ നിരാശയോടെ വീട്ടിലേക്ക് മടങ്ങി.

താലിബാന്റെ കീഴിലുള്ള ഞങ്ങളുടെ ജീവിതം നരകത്തില്‍ നിന്ന് നിരാശയുടെ പടുകുഴിയിലേക്കുള്ള വീഴ്ചയായി മാറി. എന്റെ അമ്മ, ഞങ്ങളുടെ ജീവനെ ഓര്‍ത്ത് അഫ്ഗാനിസ്ഥാന്‍ വിടാന്‍ തീരുമാനിച്ചു. ഞങ്ങളെ ഇറാനിലെ മഷാദിലേക്ക് കൊണ്ടുപോയി. 2004 ല്‍ അഫ്ഗാനിസ്ഥാനില്‍ കാര്യങ്ങള്‍ മെച്ചപ്പെട്ടപ്പോള്‍ ഞങ്ങള്‍ തിരിച്ചെത്തി. പഠിക്കാനും സ്വയം എന്തെങ്കിലും ജോലി ചെയ്യാനും ഞങ്ങള്‍ ആഗ്രഹിച്ചു. 

പിതാവിന് ഞങ്ങളില്‍ വളരെ പ്രതീക്ഷകളുണ്ടായിരുന്നു. പിതാവിന്റെ മനോഹരമായ പുഞ്ചിരി ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അദ്ദേഹം തന്ന പേന ഇപ്പോഴും എന്റെ പക്കലുണ്ട്.

ഞങ്ങള്‍ക്ക് വിലപിക്കാന്‍ കഴിയില്ല, അദ്ദേഹത്തെ മറക്കാനും. താലിബാന്‍ അഫ്ഗാനിസ്താന്‍ പിടിച്ചെടുക്കുന്ന വാര്‍ത്തകള്‍ കാണുമ്പോള്‍, ചരിത്രം ആവര്‍ത്തിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. ഇന്ന് ഞാന്‍ വിവാഹിതയാണ്. ഇംഗ്ലണ്ടിലാണ് താമസം. പക്ഷേ അഫ്ഗാനിസ്ഥാനിലുള്ള എന്റെ അമ്മ, സഹോദരിമാര്‍, സഹോദരന്‍ എന്നിവരെക്കുറിച്ചും ഞങ്ങളെപ്പോലെ വേദനയും നഷ്ടവും അനുഭവിക്കുന്ന ദശലക്ഷക്കണക്കിന് കുടുംബങ്ങളെക്കുറിച്ചും ഞാന്‍ ആശങ്കപ്പെടുന്നു. അവര്‍ അഫ്ഗാനിസ്താാനില്‍ ജനിച്ചുവെന്നത് മാത്രമാണ് അവരുടെ ഒരേയൊരു കുറ്റം. 

താലിബാന്‍ ഭരണത്തിന്‍ കീഴില്‍ ജീവിക്കുന്നത് ക്രൂരനായ ഒരു പങ്കാളിക്കൊപ്പം ജീവിക്കുന്നതിന് തുല്യമാണ്. ആദ്യമൊക്കെ നന്നായി പെരുമാറും. ധാരാളം മോഹന വാഗ്ദാനങ്ങള്‍ നല്‍കും. അതില്‍ ചിലതൊക്കെ നിറവേറ്റും. നിങ്ങളില്‍ ഒരു കപടമായ സുരക്ഷാ ബോധം ഉണ്ടാക്കുമ്പോഴും, പിന്നാമ്പുറത്ത് നിങ്ങളെ തകര്‍ക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയായിരിക്കും അവര്‍. കുറച്ച് കഴിയുമ്പോള്‍ അഫ്ഗാനിസ്ഥാനിലുള്ള താല്പര്യം ലോകത്തിന് കുറഞ്ഞുതുടങ്ങും. മാധ്യമങ്ങളുടെ ശ്രദ്ധ മറ്റ് സംഭവങ്ങളിലേയ്ക്ക് തിരിയും. അപ്പോള്‍ താലിബാന്‍ പതുക്കെ പതുക്കെയായി ഞങ്ങളില്‍ പിടിമുറുക്കും. ക്രൂരതയുടെ പുതിയ പരമ്പര വീണ്ടും ആരംഭിക്കും.  

PREV
click me!

Recommended Stories

വിവാഹ വസ്ത്രത്തിൽ സോഫ്റ്റ്‌വെയർ പ്രശ്നം പരിഹരിച്ച വധുവിന് വിമ‍‍ർശനം; പിന്നാലെ ചുട്ട മറുപടി, വൈറൽ
വല്ലപ്പോഴും കിട്ടുന്ന ശമ്പളം, കടുത്ത അവഗണന; യുവതിയുടെ കുറിപ്പ് ഗാർഹിക തൊഴിലാളികളുടെ അവകാശങ്ങളെ വെളിപ്പെടുത്തുന്നു