കുട്ടികൾ പൊതുസ്ഥലങ്ങളിൽ വാശിപിടിച്ചു കരഞ്ഞാലെന്ത് ചെയ്യും? യൂറോപ്യൻ മാതാപിതാക്കൾ പഠിപ്പിച്ച 5 പാഠങ്ങൾ; വീഡിയോ

Published : Jul 16, 2026, 01:08 PM IST
viral post

Synopsis

കുട്ടികളെ വളര്‍ത്തുമ്പോള്‍ യൂറോപ്യന്‍ മാതാപിതാക്കള്‍ പിന്തുടരുന്ന ചില ശീലങ്ങളെന്തൊക്കെയാണ്? ഇന്ത്യന്‍ മാതാപിതാക്കള്‍ക്ക് അനുകരിക്കാവുന്നതാണ്. പോസ്റ്റുമായി യുവതി.

കുട്ടികളെ വളർത്തുന്ന രീതികളിൽ യൂറോപ്യൻസിൽ നിന്നും നമുക്ക് എന്തൊക്കെ പഠിക്കാനുണ്ടെന്ന് പറയുകയാണ് ഡോ. സുഖ്മണി ഗംബർ. ഒരു മാസം നീണ്ടുനിന്ന യൂറോപ്പ് യാത്രയിൽ നിന്ന് താൻ മനസ്സിലാക്കിയ അഞ്ച് പ്രധാന പാഠങ്ങളാണ് ഡോക്ടർ പങ്കുവെക്കുന്നത്.

ലോകം കുട്ടികൾക്ക് ചുറ്റും മാത്രമാകരുത്

മുതിർന്നവരുടെ ലോകത്ത് നിന്നും കുട്ടികളെ മാറ്റിനിർത്തേണ്ടതില്ല. കഫേകളിൽ പോകുമ്പോഴും യാത്ര ചെയ്യുമ്പോഴുമെല്ലാം അവരെക്കൂടി ഒപ്പം കൂട്ടുക. നമ്മുടെ സാധാരണ കാര്യങ്ങളിൽ അവരെ ഉൾപ്പെടുത്തുമ്പോൾ പുതിയ സാഹചര്യങ്ങളുമായി വേഗത്തിൽ പൊരുത്തപ്പെടാൻ അവർ പഠിക്കും.

ബോറടിക്കുന്നത് മോശം കാര്യമല്ല

മൊബൈൽ ഫോണുകളുടെയും മറ്റും ഈ കാലത്ത്, കുട്ടികൾക്ക് ചെയ്യാൻ ഒന്നുമില്ലാതെ വരുമ്പോൾ മാതാപിതാക്കൾ പരിഭ്രാന്തരാകാറുണ്ട്. എന്നാൽ കളിപ്പാട്ടങ്ങളോ ഫോണോ ഇല്ലാതെ ഒരു അഞ്ചോ പത്തോ മിനിറ്റ് അവർ ഇരിക്കുന്നത് ഒട്ടും ദോഷം ചെയ്യില്ല. ബോറടി അനുഭവിക്കുന്നതും ക്ഷമയോടെയിരിക്കുന്നതും ഇന്നത്തെ കാലത്ത് കുട്ടികൾ ശീലിക്കേണ്ടുന്ന കാര്യങ്ങൾ തന്നെയാണ്.

ഭക്ഷണമേശയിലെ മര്യാദകൾ

കുട്ടികൾ കുട്ടികളുടേതായ കുസൃതികൾ കാണിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ കാര്യങ്ങൾ മനസ്സിലാക്കാനുള്ള ശേഷി അവർക്കുണ്ട്. പൊതുസ്ഥലങ്ങളിൽ പെരുമാറേണ്ട രീതിയും ഭക്ഷണ മേശയിലെ മര്യാദകളും നമ്മൾ വിചാരിക്കുന്നതിലും വളരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികളെ പഠിപ്പിക്കാനാകും.

ഭക്ഷണകാര്യത്തിലെ ഭയം ഒഴിവാക്കാം

മുതിർന്നവർ കഴിക്കുന്നത് എന്തോ അത് തന്നെയാണ് കുട്ടികളും അനുകരിക്കുക. ഐസ്ക്രീമും കുക്കീസുമെല്ലാം പൂർണ്ണമായി വിലക്കുന്നതിന് പകരം സമീകൃതമായ ഒരു ഭക്ഷണരീതി ശീലിപ്പിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ഭക്ഷണത്തെ ഭയക്കുന്നതിന് പകരം അതുമായി ആരോഗ്യകരമായ ഒരു ബന്ധം കുട്ടികളിൽ വളർത്തിയെടുക്കണം. കുട്ടികൾ നന്നായി ഭക്ഷണം കഴിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം മുതിർന്നവരുടെ പ്ലേറ്റിലാണ് മാറ്റം വരേണ്ടത്.

പൊതുസ്ഥലങ്ങളിലെ വാശിപിടിക്കലുകളെ ഭയക്കേണ്ടതില്ല

യൂറോപ്യൻ മാതാപിതാക്കൾ കുട്ടികളുടെ പൊതുസ്ഥലങ്ങളിലെ വാശിപിടിക്കലുകളെ കൈകാര്യം ചെയ്യുന്ന രീതിയാണ് അടുത്തത്. റെസ്റ്റോറന്റുകളിലിരുന്ന് കുട്ടികൾ കരയുമ്പോൾ മാതാപിതാക്കൾ ഒട്ടും പരിഭ്രാന്തരാകാറില്ല. അവരുടെ ആ ദേഷ്യവും കരച്ചിലും മാറുന്നത് വരെ ശാന്തമായി കാത്തിരുന്ന ശേഷം മാത്രമാണ് മാതാപിതാക്കൾ അവരോട് സംസാരിക്കാറുള്ളത്.

സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്ന ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ അനുകൂലിച്ചുകൊണ്ട് നിരവധിപ്പേരാണ് കമന്റുകൾ നൽകിയിരിക്കുന്നത്.

 

 

PREV
Read more Articles on
click me!

Recommended Stories

കുടുംബമൊന്നാകെ ഞെട്ടി, പൊടിപിടിച്ചു കിടന്നത് വർഷങ്ങൾക്ക് മുൻപ് കാണാതായ എസ്.ബി.ഐ പാസ്‌ബുക്ക്; അക്കൗണ്ടിലുള്ള പണം...
'പ്രായമായിട്ടും പ്രണയം, കുട്ടികളെ നോക്കുന്നില്ല'; ഭർതൃമാതാവിന്‍റെ വാരിയെല്ലുകൾ തല്ലിയൊടിച്ച് മരുമകൾ