ചൈനയിൽ പേരക്കുട്ടികളെ നോക്കാൻ വിസമ്മതിച്ച ഭർതൃമാതാവിനെ മരുമകൾ ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിൽ നാല് വാരിയെല്ലുകൾ ഒടിഞ്ഞ അമ്മയെ മകൻ തള്ളിപ്പറഞ്ഞപ്പോൾ, മകൾ അമ്മയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. ഈ സംഭവം ചൈനീസ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
കുട്ടികളെ നോക്കാതെ പ്രണയ ബന്ധവുമായി മുന്നോട്ട് പോകുന്നുവെന്ന് ആരോപിച്ച് ഭർതൃമാതാവിനെ ക്രൂരമായി മർദ്ദിച്ച് മരുമകൾ. മർദ്ദനത്തിൽ പ്രായമായ സ്ത്രീയുടെ നാല് വാരിയെല്ലുകൾ ഒടിഞ്ഞു. കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിലുള്ള ജിയാക്സിംഗിലാണ് ചൈനീസ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്ന ഈ സംഭവം നടന്നത്. കുട്ടികളെ നോക്കുന്നില്ലെന്ന പരാതിയിൽ ഭർത്താവിന്‍റെ മാതാവായ ഷെൻ എന്ന വൃദ്ധയ്ക്കാണ് മരുമകളിൽ നിന്നും ക്രൂരമായ മർദ്ദനമേറ്റത്.
'പേരക്കുട്ടികളെ നോക്കുന്നതിലും ഭേദം മരണം'
രണ്ട് മക്കളെയും നോക്കാനായി ഷെന്നിനെയാണ് മരുമകൾ ഏൽപ്പിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം തനിക്ക് സുഖമില്ലെന്നും മുത്തശ്ശി പനി നോക്കാൻ കൂട്ടാക്കുന്നില്ലെന്നും മകൻ വീട്ടിലെ സിസിടിവി വഴി അമ്മയോട് പരാതി പറയുകയായിരുന്നു. ഇതോടെ പ്രകോപിതയായ മരുമകൾ ഉടൻ തന്നെ ഷെന്നിന്‍റെ വീട്ടിലെത്തി. എന്നാൽ കുട്ടിയ്ക്ക് തീരെ അനുസരണയില്ലെന്നും തനിക്ക് കടുത്ത പല്ലുവേദനയുണ്ടെന്നുമായിരുന്നു ഷെൻ നൽകിയ വിശദീകരണം. തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് മരുമകൾ പറഞ്ഞെങ്കിലും കാമുകനെ കാണാൻ പോകണമെന്ന് പറഞ്ഞ് ഷെൻ അത് നിരസിച്ചു. "പേരക്കുട്ടികളെ നോക്കുന്നതിലും ഭേദം മരിക്കുന്നതാണ്" എന്ന് ഷെൻ പറഞ്ഞതോടെ തർക്കം അക്രമത്തിൽ കലാശിക്കുകയായിരുന്നുവെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
പൊട്ടിയത് നാല് വാരിയെല്ലുകൾ
മരുമകളുടെ ക്രൂരമായ മർദ്ദനത്തിൽ പരിക്കേറ്റ ഷെന്നിന്‍റെ നാല് വാരിയെല്ലുകളും ഒടിഞ്ഞു. മുൻപും സമാനമായ രീതിയിൽ ഇവർക്ക് മർദ്ദനം ഏറ്റിട്ടുണ്ടെന്നാണ് വിവരം. അതേസമയം, സ്വന്തം അമ്മയ്‌ക്കെതിരെ കടുത്ത നിലപാടുമായി മകൻ രംഗത്തെത്തി. അമ്മ ധാർമ്മികതയില്ലാത്തവളാണെന്നും ഈ തല്ല് അവർ അർഹിച്ചതാണെന്നുമായിരുന്നു മകനായ ജിയാവോയുടെ പ്രതികരണം. സ്വന്തം പേരക്കുട്ടികളേക്കാൾ പ്രണയത്തിന് മുൻഗണന നൽകുന്ന അമ്മ, ഒന്നുകിൽ കുട്ടികളെ നോക്കണമെന്നും അല്ലെങ്കിൽ തങ്ങൾക്ക് ജീവനാംശം നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടു.
അമ്മയ്ക്ക് കൂട്ടായി മകൾ
എന്നാൽ, ജിയാവോയുടെ സഹോദരി അമ്മയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. ശുചീകരണ തൊഴിലാളിയായി തുച്ഛമായ വരുമാനത്തിൽ ഏറെ കഷ്ടപ്പെട്ടാണ് അമ്മ തങ്ങളെ വളർത്തിയതെന്നും, ഈ പ്രായത്തിൽ സ്നേഹമുള്ളൊരു പങ്കാളിയെ കണ്ടെത്താൻ അവർക്ക് അവകാശമുണ്ടെന്നും സഹോദരി പറഞ്ഞു. യുവതിക്കെതിരെ മനഃപൂർവം പരിക്കേൽപ്പിച്ചതിന് കേസെടുക്കാൻ സാധ്യതയുണ്ടെന്നും ഇത് മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്നും പ്രമുഖ ചൈനീസ് അഭിഭാഷകൻ മാ ജുൻഷെ വ്യക്തമാക്കി. കുട്ടികളെ വളർത്തേണ്ട പൂർണ്ണ ഉത്തരവാദിത്തം മാതാപിതാക്കൾക്കാണെന്നും, ജോലി ചെയ്യാൻ പ്രാപ്തരായ മക്കളുടെ കുട്ടികളെ നോക്കാൻ ഷെന്നിന് നിയമപരമായി യാതൊരുവിധ ബാധ്യതയുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചൈനീസ് സോഷ്യൽ മീഡിയയിൽ ഈ സംഭവം കടുത്ത വാദപ്രതിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.


