അഞ്ച് വയസുകാരിയേയും കൊണ്ടുപോയി കൊന്നുകളഞ്ഞ് പുള്ളിപ്പുലി, ഭീതിയിൽ ഒരു ​ഗ്രാമം

By Web TeamFirst Published Jun 9, 2021, 5:04 PM IST
Highlights

കുഞ്ഞിനെ കാണാതായതോടെ എല്ലായിടവും തിരച്ചിൽ ആരംഭിച്ചു. പൊലീസും സൈന്യവും അവൾക്ക് വേണ്ടി രാത്രി മുഴുവൻ തിരഞ്ഞു. 

അന്ന് അവളുടെ സഹോദരന്റെ ജന്മദിനമായിരുന്നു. നാല് വയസ്സുകാരി അദാ ഷകിൽ ഒരു ബാർബിയുടെ വേഷമാണ് ധരിച്ചിരുന്നത്. വെള്ളവസ്ത്രവും, കിരീടവും വച്ച് അവൾ ഒരു മാലാഖക്കുട്ടിയെ പോലെ സുന്ദരിയായിരുന്നു. സഹോദരന്റെ ജന്മദിന കേക്ക് മുറിക്കാൻ ആവേശത്തോടെ അവൾ കാത്തിരുന്നു. ഒടുവിൽ കേക്ക് മുറിക്കാൻ മുത്തച്ഛനെ വിളിക്കാൻ വീടിന്റെ മുൻവശത്തേയ്ക്ക് ഇറങ്ങിയതായിരുന്നു അദാ. പെട്ടെന്നാണ് വീട്ടിലേയ്ക്ക് പ്രതീക്ഷിക്കാതെ ഒരു അതിഥി കടന്ന് വന്നത്. അവളുടെ വീടിന്റെ മതിൽ ചാടി എത്തിയ ഒരു പുള്ളിപ്പുലി പുൽത്തകിടിയിൽ നിന്ന അവളെയും കടിച്ചെടുത്ത് ബുഡ്ഗാമിലെ കാടുകളിലേക്ക് മറഞ്ഞു. അവളുടെ കരച്ചിൽ മാത്രം അന്തരീക്ഷത്തിൽ നിറഞ്ഞുനിന്നു.

കുഞ്ഞിനെ കാണാതായതോടെ എല്ലായിടവും തിരച്ചിൽ ആരംഭിച്ചു. പൊലീസും സൈന്യവും അവൾക്ക് വേണ്ടി രാത്രി മുഴുവൻ തിരഞ്ഞു. വഴിയിൽ രക്തക്കറകളും, ഒരു പാവയും മാത്രമാണ് അവർക്ക് കണ്ടെത്താൻ സാധിച്ചത്. പെൺകുട്ടിയുടെ അമ്മായി അന്വേഷണത്തിന്റെ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവച്ചു. ഇത് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു. എന്നാൽ, പിറ്റേന്ന് ജൂൺ 4 -ന് പുലർച്ചെ അദായുടെ മൃതദേഹമാണ് പൊലീസ് കണ്ടത്. പുള്ളിപ്പുലി അവളെ കടിച്ചു കീറിയിരുന്നു. അവളുടെ ശരീരഭാഗങ്ങൾ പൊലീസ് കാടിന്റെ അതിർത്തിയിൽ നിന്ന് കണ്ടെടുത്തു. ആ നരഭോജിയെ പിടികൂടാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

അവളുടെ മരണം ഒരു ഒറ്റപ്പെട്ട സംഭവമല്ല. കശ്മീരിലെ ഒരു ജില്ലയാണ് ബുഡ്ഗാം. 750,000 ആളുകളാണ് അവിടെ താമസിക്കുന്നത്. കഴിഞ്ഞ 15 വർഷത്തിനിടെ അവിടെ പുള്ളിപ്പുലികൾ 229 പേരെ കൊന്നിട്ടുണ്ട്. ഇരകളായ പലരും കുട്ടികളാണെന്ന് സർക്കാർ പറയുന്നു. ബുഡ്ഗാം ജില്ലയിൽ പുള്ളിപ്പുലി ആക്രമണത്തിന് സാധ്യതയുള്ള 44 ഹോട്ട്‌സ്‌പോട്ടുകളിൽ ഒന്നാണ് പെൺകുട്ടി താമസിച്ചിരുന്ന ഓംപുര ഗ്രാമമെന്ന് പ്രാദേശിക വന്യജീവി ഉദ്യോഗസ്ഥൻ റാഷിദ് നകാഷ് വൈസ് വേൾഡ് ന്യൂസിനോട് പറഞ്ഞു. അവളെ പിടിച്ച പുള്ളിപ്പുലി നാലുവർഷമായി ഈ പ്രദേശത്ത് വിലസുകയാണ്.  

ആക്രമണങ്ങളിൽ അഞ്ചിൽ ഒന്നും വീടുകളിലാണ് നടന്നത്, അതും മിക്ക ആക്രമണങ്ങളും പകൽസമയത്താണ് സംഭവിച്ചതെന്നും സംസ്ഥാന വന്യജീവി സംരക്ഷണ വകുപ്പിന്റെ ഒരു റിപ്പോർട്ടിൽ പറയുന്നു. ആകെ നടന്ന 200 പുള്ളിപ്പുലി ആക്രമണങ്ങളിൽ പകുതിയും ആൾത്താമസമുള്ള മേഖലയിലാണ് ഉണ്ടായതെന്നും റിപ്പോർട്ടിൽ കണ്ടെത്തി. നൂറുകണക്കിന് ആളുകളാണ് അദായുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. അവളുടെ മുത്തച്ഛൻ പുള്ളിപ്പുലിയെക്കുറിച്ച് അധികാരികൾക്ക് മുൻപേ പരാതി നൽകിയിരുന്നു. “എന്റെ ചെറുമകൾ ഒരു രാജകുമാരിയായിരുന്നു. അവൾ ഞങ്ങളുടെ അദാ റാണിയായിരുന്നു. ഞങ്ങൾക്ക് നഷ്ടപ്പെട്ടത് എന്താണ് എന്ന് നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല" അദ്ദേഹം ഒരു വീഡിയോ പ്രസ്താവനയിൽ പറഞ്ഞു. തങ്ങളുടെ കുട്ടികളെ സംരക്ഷിക്കണമെന്ന് അദ്ദേഹം അധികാരികളോട് കരഞ്ഞപേക്ഷിച്ചു. 

“ഞങ്ങൾ വീടുതോറും പോയി കുട്ടികളെ കൂടുതൽ ശ്രദ്ധിക്കണമെന്ന് ആളുകളോട് പറഞ്ഞു, പ്രത്യേകിച്ച് രാവിലെയും വൈകീട്ടും. പുള്ളിപ്പുലികൾ ഒരവസരത്തിനായി കാത്തിരിക്കയാണ്” വന്യജീവി ഉദ്യോഗസ്ഥർ പറഞ്ഞു. തന്റെ ടീമിന് എല്ലായ്പ്പോഴും എല്ലായിടത്തും ഉണ്ടാകാൻ കഴിയില്ലെന്നും വന്യജീവി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. “പുള്ളിപ്പുലി മിന്നൽ വേഗത്തിലാണ് ആക്രമിക്കുന്നത്. പെൺകുട്ടി താമസിച്ചിരുന്നിടത്ത് നിന്ന് 100 മീറ്റർ അകലെ ഞങ്ങൾക്ക് ഒരു ക്യാമ്പ് ഉണ്ടെങ്കിൽ പോലും, അവളെ രക്ഷിക്കാൻ ഞങ്ങൾക്ക് കഴിയുമായിരുന്നില്ല” വന്യജീവി ഉദ്യോഗസ്ഥർ പറഞ്ഞു.

(ചിത്രം പ്രതീകാത്മകം)

click me!