
ഛത്തീസ്ഗഢിലെ ബിജാപ്പൂർ ജില്ലയിൽ തിരക്കേറിയ റോഡിൽ ഒരുകൂട്ടം യുവാക്കൾ അതീവ അപകടകരമായ അഭ്യാസപ്രകടനം നടത്തുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വീഡിയോ ഓൺലൈനിൽ പ്രചരിക്കുന്നു. ബിജാപ്പൂരിലെ പഴയ പെട്രോൾ പമ്പിന് സമീപമുള്ള ദേശീയപാതയിൽ നടന്ന ഈ സംഭവം പൊതുജനങ്ങളിൽ പ്രതിഷേധമുയർത്തുകയും റോഡ് സുരക്ഷയെക്കുറിച്ച് ആശങ്കകൾ വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
വൈറലായ വീഡിയോയിൽ അഞ്ച് യുവാക്കൾ ഒരു സ്കൂട്ടറിൽ അതീവ അപകടകരമായ ബാലൻസിംഗ് പ്രകടനം നടത്തുന്നത് കാണാം. അവരിൽ നാലുപേർ സ്കൂട്ടറിൽ ഇരിക്കുമ്പോൾ, അഞ്ചാമത്തെയാൾ മറ്റു നാലുപേരുടെ തോളിൽ കയറി നേരെ നിൽക്കുകയും അവരുടെ മുകളിൽ കിടക്കുകയുമൊക്കെയാണ് ചെയ്യുന്നത്. ഞെട്ടിക്കുന്ന കാര്യം, ഇവരാരും ഹെൽമെറ്റോ മറ്റ് സുരക്ഷാ മുൻകരുതലുകളോ സ്വീകരിച്ചിരുന്നില്ല എന്നതാണ്. സ്കൂട്ടർ ബാലൻസ് കിട്ടാതെ ആടിയുലയുന്നതും വീഡിയോയിൽ കാണാം.
ക്ലിപ്പിനെ കൂടുതൽ ആശങ്കാജനകമാക്കുന്നത്, അഭ്യാസപ്രകടനം ചിത്രീകരിച്ച കാഴ്ചക്കാരന്റെ പ്രതികരണമാണ്. വീഡിയോയിൽ, ആ മനുഷ്യൻ ഹിന്ദിയിൽ ആർപ്പുവിളിക്കുന്നത് കേൾക്കാം: 'ബഡിയാ ഹൈ, ഏക് നമ്പർ, ബോഹത് ബഡിയാ!' (കൊള്ളാം, നമ്പർ വൺ, വളരെ നല്ലത്) എന്നാണ് അയാൾ പറയുന്നത്. ഈ പ്രോത്സാഹനത്തിൽ ആവേശഭരിതനായി, ആദ്യം മുഖം മറച്ച യുവാക്കളിലൊരാൾ ക്യാമറയ്ക്ക് നേരെ ഒരു തംസ്-അപ്പ് കാണിക്കുന്നതും വീഡിയോയിൽ കാണാം. മറ്റൊരു യുവാവ് സന്തോഷത്തോടെ, 'താങ്ക് യൂ, ഭയ്യാ!' എന്ന് മറുപടി പറയുന്നതും കേൾക്കാം. എന്നാൽ, വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ വലിയ വിമർശനമാണ് ഇതിനെതിരെ ഉയർന്നത്.
റിപ്പോർട്ടുകൾ പ്രകാരം, സ്ഥിരമായി ഗതാഗതകുരുക്കുള്ള ദേശീയപാതയുടെ ഒരു ഭാഗത്താണ് സംഭവം നടന്നത്. ഇത്തരം അഭ്യാസങ്ങൾ അത് ചെയ്യുന്നവരുടെ ജീവന് മാത്രമല്ല, മറ്റ് യാത്രക്കാർക്കും ഗുരുതരമായ അപകടമുണ്ടാക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ബിജാപ്പൂർ പൊലീസ് സംഭവത്തിൽ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ ഉൾപ്പെട്ട യുവാക്കളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. റോഡ് സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിനും, അപകടകരമായ ഡ്രൈവിംഗിനും, പൊതുസുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയതിനും മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരമുള്ള വകുപ്പുകൾ ചുമത്തി നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.