ഡെലിവറിക്കായി എത്തുന്ന തൊഴിലാളികൾക്ക് വേനൽക്കാലത്ത് കുടിക്കാൻ വീടിന് മുന്നില്‍ കുടിവെള്ളം. വൈറലായി യുവാവിന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. 2022 മുതൽ താൻ ഇത് ചെയ്യുന്നുണ്ടെന്നും ചെറിയ പ്രവൃത്തിയാണെങ്കിലും അത് പലർക്കും വലിയ ആശ്വാസമാണെന്നും യുവാവ്.
നാം ചെയ്യുന്ന വളരെ ചെറുത് എന്ന് തോന്നുന്ന ചില പ്രവൃത്തികൾ ദയയുടെ വലിയ പാഠം പകരുന്നവയായിരിക്കും. മറ്റുള്ളവർക്ക് അത് വലിയ കാര്യങ്ങളായി മാറുകയും ചെയ്തേക്കാം. അങ്ങനെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. വിനീത് കെ എന്ന യുവാവാണ് ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. തന്റെ വീടിന്റെ പുറത്ത് ഡെലിവറിക്കായി എത്തുന്ന തൊഴിലാളികൾക്ക് കുടിക്കുന്നതിനായി കുപ്പിവെള്ളം കരുതുന്നതിനെ കുറിച്ചാണ് യുവാവിന്റെ പോസ്റ്റിൽ പറയുന്നത്. ഇത് 2022 മുതൽ തുടങ്ങിയതാണ് എന്നും വിനീത് പറയുന്നു.
'2022 -ലാണ് ഇത് ആരംഭിച്ചത്, എല്ലാ വേനൽക്കാലത്തും, ഞങ്ങളുടെ വീടിന് മുൻവശത്ത് വെള്ളക്കുപ്പികൾ വയ്ക്കാറുണ്ട്, ഇങ്ങനെ ചെയ്യുന്നതുവഴി ദാഹിക്കുന്നുണ്ടെങ്കിൽ ഡെലിവറി പാർട്ണർമാർക്ക് അത് ഉപയോഗിക്കാൻ കഴിയും. ഇതൊരു ചെറിയ പ്രവൃത്തിയായിരിക്കാം. പക്ഷേ ആരെങ്കിലും തങ്ങളെ കരുതലോടെ കാണുന്നത് ശരിക്കും ഹൃദയസ്പർശിയായ കാര്യമാണ് എന്ന് പലരും പറഞ്ഞു. 300 കുപ്പികൾക്ക് വെറും 1500 രൂപയേ വില വരൂ' എന്നാണ് പോസ്റ്റ്.
TechnoWatermelon എന്ന യൂസർ ഷെയർ ചെയ്ത പോസ്റ്റിനോടുള്ള പ്രതികരണമായിട്ടാണ് യുവാവ് ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. പ്രസ്തുത പോസ്റ്റിൽ പറയുന്നത്, 'കൊടും വേനൽക്കാലത്ത് ഒരു ഡെലിവറി ബോയ് ഡീഹൈഡ്രേഷനോടെ നിൽക്കുന്നത് അമ്മ കണ്ടു. വേനൽക്കാലത്ത് എന്റെ അമ്മ വാതിലിനു പുറത്ത് വെള്ളവും ഗ്ലാസും നിറച്ച ഒരു മട്ക വയ്ക്കാൻ തുടങ്ങിയത് ഇക്കാരണം കൊണ്ടാണ്. ഇത് വെറും വെള്ളമാണ്, പക്ഷേ കൊടും ചൂടിൽ അതുണ്ടാക്കുന്ന വ്യത്യാസം വളരെ വലുതാണ്' എന്നാണ്.
നിരവധിപ്പേരാണ് വിനീതിന്റെ പോസ്റ്റിന് കമന്റുകൾ നൽകിയത്. വളരെ നല്ല കാര്യമാണ് ചെയ്യുന്നത് എന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാൽ, പ്ലാസ്റ്റിക് ഒഴിവാക്കി കൊണ്ട് മറ്റ് മാത്രങ്ങളിൽ വെള്ളം വയ്ക്കാനും പലരും പറഞ്ഞിട്ടുണ്ട്.


