
സാങ്കേതിക തകരാറുകൾ മൂലവും കാലാവസ്ഥയിലെ ചില തടസം മൂലവും ഒക്കെ വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതിൽ കാലതാമസം നേരിടുന്നത് സാധാരണയാണ്. എന്നാൽ, ഇതൊരു വലിയ പരാതിയായാണ് പലപ്പോഴും യാത്രക്കാർ ചൂണ്ടിക്കാട്ടാറ്. എന്നാൽ ഇതാ വിമാനം ലാൻഡ് ചെയ്യാൻ എടുത്ത കാലതാമസത്തിന് ഒരു യാത്രക്കാരൻ നന്ദി പറയുകയാണ്. ഇത്രയും മനോഹരമായ ഒരു സമയം സമ്മാനിച്ചതിന് വേണമെങ്കിൽ അധിക പണം നൽകാനും തയ്യാറാണ് എന്നാണ് ഇദ്ദേഹത്തിൻറെ പക്ഷം.
സംഗതി വേറൊന്നും കൊണ്ടല്ല ഈ സമയത്ത് ഇദ്ദേഹം കണ്ടതും വീഡിയോയിൽ പകർത്തിയതുമായ ലഡാക്കിന്റെ ആകാശദൃശ്യങ്ങൾ അത്രമേൽ മനോഹരമാണ്. താൻ കണ്ട കാഴ്ചകൾ ഇദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ ലഡാക്ക് പോലൊരു സ്ഥലവും വിമാനത്തിൻറെ വിൻഡോ സീറ്റും ഉണ്ടെങ്കിൽ വിമാനം ലാൻഡ് ചെയ്യാൻ അല്പം വൈകിയാലും സാരമില്ല എന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കളും ഒരേ സ്വരത്തിൽ പറഞ്ഞത്.
കുശാൽ ഗാന്ധി തന്റെ ട്രാവൽ ഇൻസ്റ്റാഗ്രാം പ്രൊഫൈലായ @kushal.stories ൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. റൺവേയിലെ ട്രാഫിക് കാരണമാണ് വിമാനം പറന്നിറങ്ങാൻ വൈകുന്നത് എന്ന് പൈലറ്റ് പറയുന്നത് ഇദ്ദേഹം പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ കേൾക്കാം. ലാൻഡിങ്ങിന് 30 മിനിറ്റ് വരെ സമയം വേണ്ടി വന്നേക്കാം എന്നും എല്ലാവരുടെയും സഹകരണത്തിനും ക്ഷമയ്ക്കും നന്ദി എന്നും പൈലറ്റിന്റെ അനൗൺസ്മെൻറിൽ ഉണ്ട്. ഈ അനൗൺസ്മെൻറ് സമയത്ത് വീഡിയോയിൽ വിമാനത്തിനുള്ളിലെ ദൃശ്യങ്ങളാണ് കാണുന്നത്.
എന്നാൽ, ശേഷം ക്യാമറ പുറത്തേക്ക് തിരിയുന്നു. പിന്നീട് കാണുന്ന കാഴ്ചകൾ കണ്ണഞ്ചിപ്പിക്കുന്നതാണ്. ലഡാക്കിലെ മഞ്ഞുമൂടിയ പർവത നിരകളുടെ ആകാശക്കാഴ്ചകൾ ആരെയും അത്ഭുതപ്പെടുത്തും. ഒരു ലഡാക്ക് ബോണസ് ടൂർ എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇദ്ദേഹത്തിൻറെ പോസ്റ്റിലെ മറ്റു പ്രധാനപ്പെട്ട ഭാഗങ്ങൾ ഇങ്ങനെയാണ്: "ലഡാക്കിലേക്കുള്ള എന്റെ ആദ്യ സോളോ യാത്രയിൽ നിന്നുള്ളതാണ് ഈ കാഴ്ചകൾ. ഡൽഹിയിൽ നിന്ന് ലേയിലേക്ക് രാവിലെ ഇൻഡിഗോ വിമാനത്തിൽ കയറി, വിൻഡോ സീറ്റ് ലഭിച്ചത് ഭാഗ്യമായി, യാത്ര അവസാനിക്കാറായി എന്ന് കരുതിയിരുന്നപ്പോഴാണ് ഞങ്ങളുടെ വിമാനത്തിന് ലാൻഡ് ചെയ്യാൻ കഴിയാതെ വന്നത്. ഒന്നല്ല രണ്ടുതവണ ശ്രമിച്ചിട്ടും അതിന് കഴിഞ്ഞില്ല. പൈലറ്റ് ലഡാക്കിനു മുകളിൽ ഏകദേശം ഒരു മണിക്കൂർ വട്ടമിട്ടു പറന്നു, ഞങ്ങൾക്ക് ഒരു അവിശ്വസനീയമായ ആകാശ ടൂർ നൽകി. ഞാൻ കണ്ട കാഴ്ചകൾ ഐഫോണിൽ പകർത്തി. എൻറെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാത്തിരിപ്പായിരുന്നു ഇത്."