
വടക്കൻ ചൈനയിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. വെള്ളം കയറുന്നതിന്റെയും രക്ഷാപ്രവർത്തനങ്ങളുടെയും വീഡിയോകൾ ഇവിടുത്തെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അങ്ങനെയുള്ള ഒരു ദൃശ്യമാണ് ഇപ്പോൾ ആളുകളുടെ ഹൃദയത്തെ സ്പർശിക്കുന്നത്. രക്ഷാപ്രവർത്തനത്തിനിടയിൽ ഒരു ഭാര്യയേയും ഭർത്താവിനേയും രക്ഷിക്കാനെത്തിയതാണ് രക്ഷാപ്രവർത്തകർ. അതിനിടയിൽ ഭർത്താവ് പറഞ്ഞ കാര്യങ്ങളാണ് ആളുകളുടെ മനസിനെ തൊട്ടത്.
കനത്ത മഴയും വെള്ളവുമായിരുന്നു. അതിനിടയിൽ രക്ഷാപ്രവർത്തകർ ആളുകളെ രക്ഷിക്കാനായി ഇറങ്ങുന്നു. ഭാര്യയേയും ഭർത്താവിനേയും വെള്ളത്തിൽ നിന്നും രക്ഷിക്കുന്നതിനിടയിൽ ഭർത്താവ് സംഘത്തോട് പറയുന്നത്, 'തന്റെ ഭാര്യയെ ആദ്യം രക്ഷിക്കൂ, അത് കഴിഞ്ഞു മതി തന്നെ രക്ഷിക്കുന്നത്' എന്നാണ്. ഭാര്യയ്ക്ക് നീന്തൽ അറിയില്ല എന്നും ഭർത്താവ് പറയുന്നുണ്ട്.
'എനിക്ക് കുഴപ്പമില്ല, എനിക്ക് നീന്താൻ അറിയാം. ദയവായി നിങ്ങൾ ആദ്യം അവളെ സുരക്ഷിസ്ഥാനത്തെത്തിക്കൂ' എന്നും ഭർത്താവ് രക്ഷാപ്രവർത്തകരോട് പറയുന്നു. അങ്ങനെ, ആദ്യം ഭാര്യയെ സുരക്ഷിത സ്ഥാനത്ത് എത്തിക്കുന്നു. പിന്നാലെ അവർ തിരികെ ഭർത്താവിന്റെ അടുത്തെത്തുകയും അദ്ദേഹത്തെയും സുരക്ഷിത സ്ഥാനത്തെത്തിക്കുകയും ചെയ്യുകയാണ്.
പിന്നാലെ, ഭർത്താവും ഭാര്യയും കെട്ടിപ്പിടിക്കുന്നതും ചൈനയിലെ സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. 'ആ സമയത്ത് ഞങ്ങൾ അങ്ങേയറ്റം ഭയന്നിരിക്കുകയായിരുന്നു. പത്ത് വർഷങ്ങൾക്ക് മുമ്പാണ് ഞങ്ങൾ വിവാഹിതരായത്. അതിനുശേഷം ആദ്യമായിട്ടാണ് ഇത്തരത്തിൽ അപകടകരമായ ഒരു സാഹചര്യത്തിലൂടെ ഞങ്ങൾ കടന്നുപോകുന്നത്' എന്നാണ് ലിയു എന്ന യുവാവ് പറയുന്നത്.
'എന്റെ ഭാര്യയ്ക്ക് നീന്താൻ അറിയില്ല. അതിനാൽത്തന്നെ അവൾ ഒരേ കരച്ചിലായിരുന്നു. ഒരു പുരുഷനെന്ന നിലയ്ക്ക് ഭാര്യയെ ആദ്യം രക്ഷിക്കണം എന്ന ചിന്ത എന്റെ മനസിലേക്ക് കടന്നുവന്നു' എന്നും ലിയു പറഞ്ഞു.
നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിൽ ലിയുവിന്റെയും ഭാര്യയുടേയും സ്നേഹത്തെ പുകഴ്ത്തിക്കൊണ്ട് കമന്റ് നൽകിയിരിക്കുന്നത്. 'ഇതാണ് ലളിതമായ ജീവിതം നയിക്കുന്ന ഭാര്യാഭർത്താക്കന്മാരുടെ റൊമാൻസ്. ഇതിനെ വെല്ലാൻ ഒന്നുമില്ല' എന്നാണ് പലരും പറഞ്ഞിരിക്കുന്നത്.