10 വർഷത്തോളം പണമില്ലാത്ത അയൽക്കാർക്ക് മരുന്ന് വാങ്ങാൻ രഹസ്യമായി പണമടച്ചിരുന്ന ഒരാൾ...

Published : Jan 22, 2023, 04:47 PM IST
10 വർഷത്തോളം പണമില്ലാത്ത അയൽക്കാർക്ക് മരുന്ന് വാങ്ങാൻ രഹസ്യമായി പണമടച്ചിരുന്ന ഒരാൾ...

Synopsis

പിന്നീട്, എല്ലാ വർഷവും ഇങ്ങനെ ഫാർമസിയിലേക്ക് ഹോഡി പണം കൊടുക്കും. അദ്ദേഹത്തിന്റെ വീട്ടുകാർ പോലും അറിഞ്ഞിരുന്നില്ല ഹോഡി ഇതുപോലെ പാവപ്പെട്ടവർക്ക് മരുന്ന് വാങ്ങുന്നതിനായി തുക ഫാർമസിയിൽ ഏൽപ്പിക്കുന്ന കാര്യം.

നന്മകൾ ചെയ്യുന്ന, മറ്റുള്ളവരെ സഹായിക്കുന്ന അനേകം പേർ നമ്മുടെ ലോകത്തുണ്ട് അല്ലേ? ചിലർ ഞാൻ ഇന്നതെല്ലാം ചെയ്തു എന്ന് വിളിച്ച് പറഞ്ഞു കൊണ്ടേയിരിക്കും. എന്നാൽ, മറ്റ് ചിലർ തങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ആരോടും പറയില്ല. അതുപോലെ, യുഎസ്സിലെ അലബാമയിൽ നിന്നുമുള്ള ഒരാൾ വർഷങ്ങളായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകളുടെ ഫാർമസി ബിൽ അടച്ചുകൊണ്ടിരിക്കുകയായിരുന്നു, അതും രഹസ്യമായി. മരുന്ന് വാങ്ങാൻ പണമില്ലാതെ തന്റെ അയൽക്കാർ ബുദ്ധിമുട്ടരുത് എന്ന് കരുതിയതിനെ തുടർന്നാണ് കർഷകനായ ഹോഡി ചിൽഡ്രസ് ആ തുക അടച്ചു കൊണ്ടിരുന്നത്. 

10 വർഷം മുമ്പാണ് ഹോഡ‍ി തന്റെ പ്രദേശത്തുള്ള ഫാർമസിയിൽ പോയി ഉടമയായ ബ്രൂക്കിന് എണ്ണായിരം രൂപ നൽകിയത്. നേരത്തെ എയർഫോഴ്സിൽ നിന്നും വിരമിച്ചയാൾ കൂടിയാണ് ഹോഡി. പാവപ്പെട്ട, മരുന്ന് വാങ്ങാൻ പണമില്ലാത്തവർക്ക് വേണ്ടി ആ തുക ഉപയോ​ഗിക്കണം എന്നായിരുന്നു ഹോഡി പറഞ്ഞിരുന്നത്. മാത്രമല്ല, ഒരാളും ആ പണം ആരാണ് തരുന്നത് എന്ന് അറിയരുത് എന്നും ഹോഡി പറഞ്ഞിരുന്നു. ആരെങ്കിലും ആവർത്തിച്ച് ചോദിച്ചാൽ അത് ദൈവം തരുന്നതാണ് എന്ന് പറഞ്ഞാൽ മതി എന്നായിരുന്നു ഹോഡി ഫാർമസി ഉടമയോട് പറഞ്ഞത്. 

പിന്നീട്, എല്ലാ വർഷവും ഇങ്ങനെ ഫാർമസിയിലേക്ക് ഹോഡി പണം കൊടുക്കും. അദ്ദേഹത്തിന്റെ വീട്ടുകാർ പോലും അറിഞ്ഞിരുന്നില്ല ഹോഡി ഇതുപോലെ പാവപ്പെട്ടവർക്ക് മരുന്ന് വാങ്ങുന്നതിനായി തുക ഫാർമസിയിൽ ഏൽപ്പിക്കുന്ന കാര്യം. ഹോഡിയുടെ പല അയൽക്കാർക്കും ആ പണം ഉപകാരപ്പെട്ടു. മരുന്ന് വാങ്ങാൻ പണമില്ലാത്തതിനാൽ അവർക്ക് വെറും കയ്യോടെ മടങ്ങിപ്പോകേണ്ടി വന്നില്ല. 

കഴിഞ്ഞ വർഷം ഹോഡിയുടെ ആരോ​ഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അദ്ദേഹത്തിന് ഫാർമസിയിൽ എത്താനായില്ല. അങ്ങനെയാണ് ഹോഡിയാണ് ഇങ്ങനെ പണം നൽകുന്നത് എന്ന് എല്ലാവരും അറിഞ്ഞത്. അസുഖം ബാധിച്ചതിനെ തുടർന്ന് ഫാർമസിയിൽ തുക എത്തിക്കാൻ അദ്ദേഹത്തിന് ആരുടെയെങ്കിലും സഹായം ആവശ്യമായിരുന്നു. അങ്ങനെയാണ് മടിച്ചുമടിച്ച് മകളോട് താൻ തരുന്ന തുക ഫാർമസിയിൽ എത്തിക്കാൻ പറ്റുമോ എന്ന് ചോദിക്കുന്നത്. 

അന്നാണ് അവൾ തന്റെ പിതാവിന്റെ വലിയ മനസ് കാണുന്നത്. ശരിക്കും താൻ അത്ഭുതപ്പെട്ടുപോയി എന്നും ഈ 10 വർഷമായിട്ടും തങ്ങളാരും ഇത് അറിഞ്ഞിരുന്നില്ല എന്നും ഹോഡിയുടെ മകളായ ടാനിയ നിക്സ് പറഞ്ഞു. കഴിഞ്ഞ ജനുവരി ഒന്നിന് ഹോഡി മരിച്ചു. ഇന്നും ഒരുപാട് പേരാണ് ഹോഡിയുടെ നല്ല മനസിനെ ഓർക്കുന്നത്. 

PREV
click me!

Recommended Stories

അമ്മയുടെ താലി മാല എടുത്ത് കഷ്ണങ്ങളാക്കി സഹപാഠികൾക്ക് സമ്മാനിച്ച് മകന്‍, കൂട്ടുകാരോടുള്ള ഇഷ്ടം കൊണ്ടെന്ന്!
അമ്പമ്പോ! 10 കൊല്ലം മുമ്പ് ഓർഡർ ചെയ്ത പാവയുടെ കണ്ണുകൾ, കിട്ടിയത് ഒരാഴ്ച മുമ്പ്