വീട്ടിൽ ബീൻബാ​ഗ്, അയൽപക്കത്ത് സിസിടിവി, വീട് സുരക്ഷിതമാക്കാൻ ഒരു മുൻകള്ളൻ നൽകുന്ന ഉപദേശങ്ങൾ

Published : Apr 27, 2022, 01:22 PM IST
വീട്ടിൽ ബീൻബാ​ഗ്, അയൽപക്കത്ത് സിസിടിവി, വീട് സുരക്ഷിതമാക്കാൻ ഒരു മുൻകള്ളൻ നൽകുന്ന ഉപദേശങ്ങൾ

Synopsis

അടുത്തതായി പറയുന്നത് ബീൻബാ​ഗിനെ കുറിച്ചാണ്. വീട്ടിൽ ഒരു ബീൻബാ​ഗ് വാങ്ങി വയ്ക്കുന്നത് നല്ലതാണ്. അതിൽ വിലപിടിപ്പുള്ള ആഭരണങ്ങളും മറ്റും സൂക്ഷിക്കാം. 

20,000 വീടുകളിലെങ്കിലും മോഷ്ടിക്കാൻ കയറിയിട്ടുണ്ട് എന്ന് അവകാശപ്പെടുന്ന ഒരു മുൻകള്ളൻ(Burglar) എങ്ങനെ നമ്മുടെ വീട് കള്ളന്മാരിൽ നിന്നും സുരക്ഷിതമായി സൂക്ഷിക്കാം എന്നതിന് ചില ടിപ്സ് പറഞ്ഞുതരികയാണ്. ഡാരിൽ കെന്നഡി(Daryl Kennedy) എന്നാണ് ഇയാളുടെ പേര്. ഡാരിലിന്റെ അച്ഛനും ഒരു കള്ളനായിരുന്നു. ഒമ്പതാമത്തെ വയസിൽ തന്നെ അച്ഛൻ ഡാരിലിനെ തന്റെ കൂടെ വീടുകയറാൻ കൊണ്ടുപോയിത്തുടങ്ങി. അങ്ങനെ ഒമ്പതാമത്തെ വയസിൽ തന്നെ അവൻ മറ്റ് വീടുകളിൽ അതിക്രമിച്ച് കയറിത്തുടങ്ങി. 

58 -കാരനായ ഡാരിൽ മോഷ്ടിക്കാൻ വേണ്ടി ലോകമെമ്പാടും സഞ്ചരിച്ചിട്ടുണ്ട്. അഞ്ച് വർഷത്തെ ഓസ്‌ട്രേലിയൻ പര്യടനവും ഇതിൽ ഉൾപ്പെടുന്നു. ആ സമയത്തെല്ലാം പണക്കാരുടെ വീടുകളായിരുന്നു ഇയാളുടെ ലക്ഷ്യം. സമ്പന്നരും പ്രശസ്തരുമായവരുടെ വീട്ടിൽ നിന്നുമാണ് ഇയാൾ പതിവായി മോഷ്ടിച്ചുകൊണ്ടിരുന്നത്. 

ഒരു ദിവസം 15 വീടുകളിൽ വരെ ഇയാൾ മോഷണം നടത്തിയിരുന്നു. അധോലോകത്തിൽ വളരെ ശക്തനായിത്തീർന്നു ഇയാൾ. പ്രൊഫഷണൽ കള്ളന്മാരുടെ ഒരു സംഘം തന്നെ ഇയാളുണ്ടാക്കി. ലോകത്തെല്ലായിടത്തും സഞ്ചരിച്ച് മോഷ്ടിക്കുമ്പോഴും സമ്പന്നരുടെ വീടുകളിൽ മാത്രമാണ് താൻ കയറിയിരുന്നത് എന്നും തൊഴിലാളിവർ​ഗത്തിൽ പെട്ടവരുടെ വീട്ടിൽ കയറുകയോ ഒരിക്കലും അവരുടെ വീട്ടിൽ നിന്നും മോഷ്ടിക്കുകയോ ചെയ്‍തിട്ടില്ല എന്നും ഇയാൾ അവകാശപ്പെടുന്നു. 

എന്നിരുന്നാലും, തന്റെ ജോലിയിൽ വളരെ മിടുക്കനായിരുന്നുവെങ്കിലും, ചെഷയറിൽ നടത്തിയ 140 വൻകവർച്ചകളുടെ പരമ്പരയ്ക്ക് 2014 -ൽ ഡാരിൽ പിടിക്കപ്പെടുകയും അഞ്ച് വർഷത്തെ തടവ് അനുഭവിക്കുകയും ചെയ്തു. 2019 -ൽ പുറത്തിറങ്ങിയ ശേഷം പഴയ ജോലിയിലേക്ക് അയാൾ തിരികെ പോയില്ല. ഇപ്പോൾ കള്ളനായിരുന്ന കാലത്തെ തന്റെ കഴിവുകൾ വച്ച് ആളുകൾക്ക് തങ്ങളുടെ വീടും സ്വത്തും എങ്ങനെ സംരക്ഷിക്കാമെന്ന കാര്യത്തിൽ ഉപദേശം നൽകുകയാണ് ഇയാൾ. 

കള്ളന്മാരിൽ നിന്നും സംരക്ഷണം നേടാനായി ഡാരിൽ ആദ്യം നൽകുന്ന ടിപ്സ് അയൽക്കാരുമായി ബന്ധപ്പെട്ടതാണ്. സുരക്ഷയ്ക്ക് വേണ്ടി മിക്കവാറും വീടുകളിൽ ഇന്ന് സിസിടിവി ഉണ്ട്. എന്നാൽ, സ്വന്തം വീട്ടിൽ മാത്രം പോരാ സിസിടിവി എന്നാണ് ഡാരിലിന്റെ ഉപദേശം. അയൽപക്കത്തും സിസിടിവി ഉണ്ടോ എന്ന് നോക്കണം. അതുപോലെ നമ്മുടെ വീട്ടിലേക്ക് എന്നതുപോലെ തന്നെ അയൽവീട്ടിലും നമ്മുടെ ശ്രദ്ധയുണ്ടാവണം. കള്ളന്മാർ പലപ്പോഴും മോഷ്ടിക്കാൻ കയറുന്ന വീട്ടിലെ സിസിടിവിയെ കുറിച്ച് ശ്രദ്ധാലുവായിരിക്കും എന്നാൽ, അയൽവീട്ടിലെ സിസിടിവി -യെ കുറിച്ച് അവര​ത്ര ​ഗൗനിക്കാറില്ല എന്നാണ് ഡാരിൽ പറയുന്നത്. 

അടുത്തതായി വാതിലിന്റെ കാര്യമാണ് പറയുന്നത്. സ്വീകരണമുറിയിലും അടുക്കളവാതിലുകളിലും വാതിൽ ലോക്കുകൾക്കായി നല്ല തുക ചെലവാക്കാം. അവിടെ വിലപിടിപ്പുള്ളതൊന്നും ഇല്ലെങ്കിൽ അവർ ആ വാതിലിലൂടെ വരും. വാതിൽ തുറക്കാൻ ശ്രമിക്കുന്ന ശബ്ദവും, എടുക്കുന്ന സമയവും നിങ്ങൾക്ക് പൊലീസിനെ വിളിക്കാനാവശ്യമായ സമയം നൽകും എന്നും ഡാരിൽ പറയുന്നു. 

അടുത്തതായി പറയുന്നത് ബീൻബാ​ഗിനെ കുറിച്ചാണ്. വീട്ടിൽ ഒരു ബീൻബാ​ഗ് വാങ്ങി വയ്ക്കുന്നത് നല്ലതാണ്. അതിൽ വിലപിടിപ്പുള്ള ആഭരണങ്ങളും മറ്റും സൂക്ഷിക്കാം. കള്ളന്മാർ ഒരിക്കലും അത് പ്രതീക്ഷിക്കില്ല, പരിശോധിക്കില്ല. അതുപോലെ, മാസ്റ്റർ ബെഡ്‍റൂമിലാണ് വിലപിടിപ്പുള്ള വസ്തുക്കളുണ്ടാവുക എന്ന് കള്ളന്മാർക്കറിയാം. എന്നാൽ, കുട്ടികളുടെ ബെഡ്റൂമിൽ അവർ കയറാൻ സാധ്യത കുറവാണ്. കുട്ടികളെ ഭയപ്പെടുത്താനോ ഉണർത്താനോ അവർ ആ​ഗ്രഹിക്കുന്നില്ല എന്നും ഈ മുൻ കള്ളൻ പറയുന്നു. 

PREV
click me!

Recommended Stories

മരിച്ചുപോയ മകന്‍റെ ചിത്രം കൈലാസ പര്‍വതത്തില്‍ വയ്ക്കണം, ഒരമ്മയുടെ ആഗ്രഹം, അപരിചിതനായ യുവാവ് ചെയ്തത്
ഒരു സംശയവും തോന്നിയില്ല, 20 വർഷം ചവിട്ടുപടിയായി ഉപയോ​ഗിച്ചു, കല്ലുകൾ ശരിക്കും എന്താണെന്നറിഞ്ഞപ്പോൾ ഞെട്ടി സഹോദരന്മാർ