
ഖലിസ്ഥാന്‍ വിഷയത്തില്‍ ഇന്ത്യയുമായും വ്യാപാര കരാറുകളില്‍ യുഎസുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അത്ര രസത്തിലായിരുന്നില്ല. അന്താരാഷ്ട്രാ വിഷയങ്ങൾ പാർലമെന്‍റിലും പ്രതിഫലിച്ചപ്പോൾ രാജിവയ്ക്കുകയല്ലാതെ ട്രൂഡോയ്ക്ക് മുന്നില്‍ മറ്റ് വഴികളില്ലാതായി. അങ്ങനെ ട്രൂഡോ രാജിവച്ചു. പിന്നാലെ കഴിഞ്ഞ ഞായറാഴ്ച മാര്‍ക്ക് കാർണി, കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റു. എന്നാല്‍, ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ ചൂടേറിയ ചർച്ചയ്ക്ക് വഴിവച്ചതാകട്ടെ ട്രൂഡോയുടെ ഒരു വീഡിയോ.
വീഡിയോയില്‍ ജസ്റ്റിന്‍ ട്രൂഡോ നാവ് പുറത്തേക്ക് നീട്ടി ഒരു കസേരയും താങ്ങിപ്പിടിച്ച് പാർലമെന്‍റിന് പുറത്തേക്ക് പോകുന്നതായിരുന്നു ചിത്രം. റോയിറ്റേഴസ് തങ്ങളുടെ ഫോട്ടോഗ്രാഫറായ കാര്‍ലോസ് ഒസോരിയോ പകര്‍ത്തിയ ട്രൂഡോയുടെ ചിത്രം പങ്കുവച്ച് ഇങ്ങനെ എഴുതി, ' 2025 മാർച്ച് 10 -ന് കാനഡയിലെ ഒട്ടാവയിലെ പാർലമെന്‍റ് ഹില്ലിലെ ഹൗസ് ഓഫ് കോമൺസിൽ നിന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തന്‍റെ കസേരയുമായി പോകുന്നു. കാനഡയിലെ ഭരണകക്ഷിയായ ലിബറൽ പാർട്ടിയുടെ നേതാവും രാജ്യത്തിന്‍റെ അടുത്ത പ്രധാനമന്ത്രിയുമായ മുൻ സെൻട്രൽ ബാങ്കർ മാർക്ക് കാർണി, തിങ്കളാഴ്ച ട്രൂഡോയുമായി കൂടിക്കാഴ്ച നടത്തി.'
ചിത്രത്തിലെ ട്രൂഡോയുടെ ഭാവം സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു. പിന്നാലെ ട്രൂഡോയെ പിന്തുണച്ചും അധിക്ഷേപിച്ചും നിരവധി പേരാണ് കുറിപ്പുകളെഴുതിയത്. 'ട്രംപ് ഒരു കസേര വഹിക്കുന്നത് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? ഒരു ഗ്ലാസ് ഡയറ്റ് കോക്ക് കൊണ്ടുവരാൻ ഒരു വേലക്കാരനെ വിളിക്കാൻ ഓവൽ ഓഫീസിലെ തന്‍റെ മേശപ്പുറത്ത് ഒരു ബട്ടൺ വരെ സ്ഥാപിച്ചിട്ടുണ്ട്...' ഒരു കാഴ്ചക്കാരന്‍ കുറിച്ചു. ''ട്രംപ്' ഇപ്പോള്‍ എന്‍റെ പ്രശ്നമല്ല!!' എന്നായിരുന്നു മറ്റൊരു കുറിപ്പ്. 'ആ കോമാളി കാനഡയെ ഒരു സർക്കസാക്കി മാറ്റി. ഈ പെരുമാറ്റം അത് കൂടുതൽ സ്ഥിരീകരിക്കുന്നു.' ഒരു കാഴ്ചക്കാരന്‍ അധിക്ഷേപ വാക്കുകൾ കുറിച്ചു. 'അവരുടെ പാർലമെന്‍റിൽ സ്ഥിരമായ ഫർണിച്ചറുകൾ ഉണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു! ഈ കസേര സ്വന്തം ഡൈനിംഗ് റൂമിൽ നിന്നുള്ളതുപോലെ തോന്നിച്ചു' മറ്റൊരു കാഴ്ചക്കാരന്‍ തമാശയായി കുറിച്ചു.
Read More: ചൈനയല്ല, ലോകത്തിലെ പുരാതന വ്യാപാര കേന്ദ്രം ഇന്ത്യ; വില്യം ഡാൽറിംപിൾ