വീഡിയോ വൈറലായതിന് പിന്നാലെ ഭാര്യയും പെണ്‍മക്കളും അയാളെ കൊല്ലുകയായിരുന്നെന്ന് അയൽവാസികളും എന്നാല്‍ ഭര്‍ത്താവിന്‍റെ സഹോദരനും അച്ഛനും ചേര്‍ന്ന് കൊല നടത്തുകയായിരുന്നെന്ന് ഭാര്യയും ആരോപിച്ചു. 


വീട്ടുടമസ്ഥന്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചപ്പോൾ അതൊരു സാധാരണ ആത്മഹത്യ ആണെന്നായിരുന്നു ആദ്യം എല്ലാവരും കരുതിയത്. എന്നാല്‍, വീട്ടിനുള്ളിലെ ഒരു സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നലെ ഭാര്യയും പെണ്‍മക്കളും ചേര്‍ന്ന് അദ്ദേഹത്തെ കൊന്ന് കെട്ടിത്തൂക്കുകയായിരുന്നെന്ന് ആരോപണം ഉയര്‍ന്നു. മധ്യപ്രദേശിലെ മൊറീനയിലാണ് സംഭവം. ഹരേന്ദ്ര മൗര്യ എന്നയാളെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരേന്ദ്ര മൗര്യയുടെ ആത്മഹത്യയ്ക്ക് ശേഷം ദിവസങ്ങൾ കഴിഞ്ഞ്, സമൂഹ മാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറലായി. ഇതിന് പിന്നാലെ ഹരേന്ദ്ര മൗര്യയുടെ മരണം ആത്മഹത്യയോ അതോ കൊലപാതകമോ എന്ന സംശയത്തിലാണ് നാട്ടുകാരും പോലീസും. 

ഹരേന്ദ്ര മൗര്യയുടെ ആത്മഹത്യയ്ക്ക് മുമ്പ് അദ്ദേഹത്തിന്‍റെ വീട്ടില്‍ നിന്നും ചിത്രീകരിച്ച വീഡിയോയായിരുന്നു വൈറലായത്. വീഡിയോയില്‍ ഹരേന്ദ്ര മൗര്യയെ ഭാര്യയും ഇളയ മകളും ചേര്‍ന്ന് കട്ടിലില്‍ പിടിച്ച് വച്ചിരിക്കുന്നത് കാണാം. മൂത്തമകൾ ഒരു വലിയ വടി ഉപയോഗിച്ച് അദ്ദേഹത്തെ അതിക്രൂരമായി മര്‍ദ്ദിക്കുന്നു. ഈ സമയം അദ്ദേഹം നിലവിളിക്കുന്നു. ഇടയ്ക്ക് അദ്ദേഹത്തിന്‍റെ ഇളയ മകന്‍ ചേച്ചിയെ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതോടെ അവന്‍ പിന്മാറുന്നു. തല്ലില്‍ നിന്നും രക്ഷപ്പെടാന്‍ ഹരേന്ദ്ര ശ്രമിക്കുന്നുണ്ടെങ്കിലും ഭാര്യ അയാളെ പിടിച്ച് വയ്ക്കുന്നതും വീഡിയോ ദൃശ്യങ്ങളില്‍ കാണാം. വീഡിയോ വൈറലായതിന് പിന്നാലെ ഹരേന്ദ്രയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയർന്നു. അദ്ദേഹത്തിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന് ഉറപ്പിക്കാന്‍ കഴിയൂവെന്നും പോലീസ് അറിയിച്ചു. 

Read More:വിവാഹ വേദിയിൽ വച്ച് സിന്ദൂരമണിയിക്കുമ്പോൾ വരന്‍റെ കൈ വിറച്ചു; പിന്നാലെ വിവാഹത്തിൽ നിന്നും വധു പിന്മാറി

മൂന്ന് പെണ്‍മക്കളും ഒരു മകനും ഭാര്യയും അടങ്ങുന്നതായിരുന്നു ഇലക്ട്രീഷ്യനായിരുന്ന ഹരേന്ദ്രയുടെ കുടുംബം. ഇയാളുമായി ഭാര്യ സ്ഥിരമായി വഴക്കിടാറുണ്ടെന്ന് അയല്‍വാസികളും ബന്ധുക്കളും ആരോപിച്ചു. മാര്‍ച്ച് ഒന്നിന് ഹരേന്ദ്ര തന്‍റെ രണ്ട് പെണ്‍മക്കളുടെ വിവാഹം നടത്തി. മക്കളുടെ വിവാഹം കഴിഞ്ഞതിന് പിന്നാലെ ഭാര്യ, വിവാഹ ബന്ധം വേര്‍പ്പെടുത്താനും തന്‍റെ അച്ഛന്‍റെ വീട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നെന്നും പറഞ്ഞു. ഇതില്‍ മനംനൊന്ത ഹരേന്ദ്ര, ഒരു മുറിയിൽ കയറി അകത്ത് നിന്നും പൂട്ടി. ഏറെ നേരം കഴിഞ്ഞും വാതില്‍ തുറക്കാത്തതിനാല്‍ വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് ഹരേന്ദ്രയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് ഭാര്യ, പോലീസില്‍ നല്‍കിയ മൊഴി. 

കുടുംബ വഴക്കിനെ തുടര്‍ന്നാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്ന് അയൽക്കാർ ആരോപിച്ചു. എന്നാല്‍, ഹരേന്ദ്രയെ അദ്ദേഹത്തിന്‍റെ അച്ഛനും സഹോദരനും ചേര്‍ന്ന് കൊല്ലുകയായിരുന്നെന്ന് ഭാര്യ വീട്ടുകാരും ആരോപിച്ചു. ഇതിനിടെയാണ് സമൂഹ മാധ്യമങ്ങളില്‍ ഞെട്ടിക്കുന്ന വീഡിയോ പങ്കുവയ്ക്കപ്പെട്ടതും പിന്നാലെ വൈറലായതും. വീഡിയോ വൈറലായതിന് പിന്നാലെ ഹരേന്ദ്രയ്ക്ക് നീതി വേണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ഒന്നടങ്കം ആവശ്യപ്പെട്ടു. എന്നാല്‍ പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് കിട്ടാതെ തുടര്‍ നടപടിയില്ലെന്ന നിലപാടിലാണ് പോലീസ്. 

Read More: ഇന്ത്യയിൽ മാത്രം സംഭവിക്കുന്നത്; പൂനെയിലെ തിരക്കേറിയ റോഡിൽ ബിഎംഡബ്യു നിർത്തി മൂത്രമെഴിക്കുന്ന യുവാവ്, വീഡിയോ