
സോംബി കഥകൾക്കും ആ കഥകൾ പറയുന്ന സിനിമകൾക്കും ഒക്കെ ഇന്ന് വലിയ പ്രചാരമുണ്ട്. ആളുകൾക്ക് അത്തരം കഥകൾ വായിക്കാൻ വലിയ താല്പര്യവുമാണ്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഈ മുൻ പൊലീസ് ഉദ്യോഗസ്ഥൻ. ഇന്ന് സോംബി അപ്പോക്കലിപ്‌സ് നോവലുകളെഴുതി ലക്ഷങ്ങളാണ് ഇയാൾ സമ്പാദിക്കുന്നത്.
റിച്ചാർഡ് ഹേവുഡ് എന്ന 47 -കാരൻ ഒരു കോൺസ്റ്റബിൾ ആയിരുന്നപ്പോൾ പ്രതിവർഷം ഏകദേശം 39 ലക്ഷമായിരുന്നു നേടിയിരുന്നത്. എന്നാൽ, ഇപ്പോൾ ഒരു എഴുത്തുകാരനായ റിച്ചാർഡ് ഹേവുഡ് വർഷത്തിൽ അഞ്ച് കോടി വരെ സമ്പാദിക്കുന്നുണ്ട് എന്നാണ് പറയുന്നത്.
ആർആർ ഹേവുഡ് എന്ന പേരിലാണ് അദ്ദേഹം എഴുതുന്നത്. പൊലീസ് ആയിരുന്ന സമയത്ത് കണ്ട കാഴ്ചകളും അനുഭവങ്ങളും എല്ലാം തന്നെ എഴുത്തിൽ സഹായിച്ചിട്ടുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. പബ്ബുകളിലും മറ്റുമുണ്ടാകുന്ന വലിയ വലിയ സംഘട്ടനങ്ങളിലും മറ്റും പതിവായി പോകേണ്ടി വരാറുണ്ട്. വലിയ വലിയ പ്രശ്നങ്ങളാണ് അവിടെ പലപ്പോഴും ഉണ്ടാകാറ്. സംഘട്ടനങ്ങളെ തുടർന്ന് അവിടെ രക്തക്കളമായി മാറും. എങ്കിലും അപ്പോഴും ഇതൊന്നും ഗൗനിക്കാതെ അവിടെ നിന്ന് പുക വലിക്കുന്നവരെയും മറ്റും കാണാറുണ്ട് എന്നും ഹേവുഡ് പറയുന്നു.
ഹേവുഡ് 1998 -ലാണ് ഹാംഷെയർ പൊലീസിൽ ചേരുന്നത്. പിന്നീട്, ഐൽ ഓഫ് വൈറ്റിലേക്ക് നിയമിക്കപ്പെട്ടു. അവിടെ ഏറ്റവും അധികം ആളുകളെ അറസ്റ്റ് ചെയ്ത ഓഫീസറായി ഹേവുഡ് അറിയപ്പെട്ടു. വർഷം 150 പേരെ വരെ ഹേവുഡ് അറസ്റ്റ് ചെയ്തുവത്രെ. എന്നാൽ, കുട്ടിക്കാലം മുതലേ ഉള്ള ഹേവുഡിന്റെ ആഗ്രഹം ഒരു എഴുത്തുകാരനാവുക എന്നതായിരുന്നു.
അങ്ങനെ 2017 -ൽ വിരമിച്ച ഉടനെ ഹേവുഡ് മുഴുവൻ സമയ എഴുത്തുകാരനായി മാറുകയായിരുന്നു. വായിച്ചാൽ ഭയം തോന്നുന്ന അതിഭയാനക നോവലുകളായിരുന്നു അയാൾ എഴുതിയത്. ഇത് അയാളെ ജനപ്രിയ എഴുത്തുകാരനാക്കി. പുസ്തകങ്ങൾ അതിവേഗം വിറ്റുപോയി. ഇപ്പോൾ ലക്ഷങ്ങൾ സമ്പാദിക്കുന്ന എഴുത്തുകാരനായി മാറിയിരിക്കുകയാണ് ഈ മുൻ പൊലീസ് ഓഫീസർ. 2012 -ലാണ് ആദ്യത്തെ പുസ്തകം ഇറങ്ങുന്നത്. ഇതുവരെ അതുപോലെയുള്ള 20 പുസ്തകങ്ങൾ അദ്ദേഹം എഴുതി. കൂടാതെ, സയൻസ് ഫാന്റസി, ഹൊറർ ആയി വരുന്ന 15 പുസ്തകങ്ങളും എഴുതി.