
മരങ്ങൾ ഭൂമിയുടെ നിലനിൽപിന് വളരെ ആവശ്യമായ ഒന്നാണ്. പണ്ട് കാലം മുതൽ തന്നെ മരങ്ങളെ ഇഷ്ടത്തോടെ വളർത്തുന്നവരും സംരക്ഷിക്കുന്നവരും ഒക്കെ ഒരുപാടുണ്ട്. പശ്ചിമ ബംഗാളിലുള്ള ഈ സ്ത്രീക്കും മരങ്ങളെ വളരെ അധികം ഇഷ്ടമാണ്. അതിനാൽ തന്നെ ഏറെ ഇഷ്ടത്തോടെ അവർ ഒരു ആൽമരം വളർത്തി. എന്തിനേറെ പറയുന്നു, സ്വന്തം മകനെ പോലെ വളർത്തിയ ആ ആൽമരത്തിനെ അവർ കല്യാണവും കഴിപ്പിച്ചു.
പുർബ ബർധമാനിലെ മെമാരിയിലാണ് വ്യത്യസ്തമായ ഈ വിവാഹം നടന്നത്. രേഖാ ദേവി എന്ന സ്ത്രീയാണ് ഈ ആൽമരം നട്ടു വളർത്തിയത്. സ്വന്തം കുഞ്ഞിനെ പോലെ തന്നെയായിരുന്നു രേഖാ ദേവി ആൽമരത്തെ കണ്ടതും പരിചരിച്ചതും. വർഷങ്ങൾ ഏറെ കഴിഞ്ഞപ്പോൾ ഈ ആൽമരം വലുതാവുകയും അതിന് പുതിയ ശാഖകളുണ്ടാകുകയും അത് പടർന്ന് പന്തലിക്കുകയും ചെയ്തു. ഇത്രയും ആയപ്പോൾ രേഖാ ദേവിക്ക് തന്റെ മകൻ വിവാഹം കഴിക്കാനുള്ള പ്രായത്തിൽ എത്തിയെന്നും അവനെ വിവാഹം കഴിപ്പിക്കണം എന്നുമുള്ള തോന്നലുണ്ടായി.
രേഖാ ദേവിക്ക് രണ്ട് പെൺമക്കളായിരുന്നു. രണ്ട് പേരുടെയും വിവാഹം കഴിഞ്ഞു. രേഖാ ദേവിയുടെ ഭർത്താവ് മരിക്കുന്നതിന് മുമ്പ് ആൽമരത്തിന്റെ വിവാഹം നടത്താമെന്ന് പറഞ്ഞിരുന്നു. എന്നാൽ, ഭർത്താവിന്റെ മരണശേഷമാണ് അത് നടന്നത്. ഒരു ദിവസം താൻ ആൽമരത്തിന്റെ ചുവട്ടിൽ ഒരു വധുവിനെ കണ്ടെത്തി എന്നും അത് വിധിയാണ് എന്ന് തനിക്ക് തോന്നി എന്നും രേഖാ ദേവി മാധ്യമങ്ങളോട് പറഞ്ഞു.
നാട്ടിൽ നിന്നുള്ളവരുടെ സാമ്പത്തിക പിന്തുണയോടെയാണ് മകനായി കണ്ട് വളർത്തിയ ആൽമരത്തിനെ രേഖാ ദേവി വിവാഹം കഴിപ്പിച്ചത്. ഒരു സാധാരണ വിവാഹം പോലെ തന്നെ പുരോഹിതനും ചടങ്ങുകളും എല്ലാം ഇതിനും ഉണ്ടായിരുന്നു. മാത്രമല്ല, അനവധിപ്പേരാണ് വിചിത്രമായ ഈ വിവാഹ ചടങ്ങിൽ പങ്കെടുത്തതും.