തടവുകാരന് മെസേജയച്ചു, ജയിൽ ​ഗവർണർക്ക് തടവുശിക്ഷ!

By Web TeamFirst Published Apr 29, 2022, 12:35 PM IST
Highlights

എന്നാൽ, ജയിലിലെ ഡെപ്യൂട്ടി ​ഗവർണറുടെ പ്രസ്താവനയിൽ ഇത്തരം സംഭവങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് നിരീക്ഷിച്ചു. ഇത് ജനങ്ങൾക്കിടയിൽ ജയിൽ സംവിധാനങ്ങളോടുള്ള വിശ്വാസം കുറയ്ക്കും. അഴിമതി നടക്കുന്നുവെന്ന് ആളുകൾ കരുതും. തടവുകാരും ജയിലുദ്യോ​ഗസ്ഥരും തമ്മിലുള്ള വിശ്വാസത്തെ ബാധിക്കും എന്നും ഡെപ്യൂട്ടി ​ഗവർണർ പറഞ്ഞു. 

തടവുകാരന്(inmate) മെസേജ് അയച്ചു, മുൻ ജയിൽ ​ഗവർണർക്ക്(former prison governor) എട്ട് വർഷം തടവ്. വളരെ അടുപ്പത്തിലുള്ള മെസേജുകളാണ് ഇവർ തടവുകാരന് അയച്ചത് എന്നും അതിൽ 'ബേബി' എന്ന വിളിപോലും ഉണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. എച്ച്എംപി ഒൺലേയിൽ ഗവർണറായിരുന്ന വിക്ടോറിയ ലൈത്ത്‌വെയ്റ്റ്(Victoria Laithwaite) നേരത്തെ തന്നെ കുറ്റം സമ്മതിച്ചിരുന്നു. 47 -കാരിയായ ​ഗവർണർ, ജെയിംസ് ചാൽമേഴ്‌സ്(James Chalmers) എന്ന തടവുകാരനാണ് മെസേജ് അയച്ചത്. നോർത്താംപ്ടൺ ക്രൗൺ കോടതിയിൽ, ജഡ്ജി അഡ്രിയൻ ലക്കിംഗ് ക്യുസി പറഞ്ഞത്, 'ഇരുവരും തമ്മിലുണ്ടായത് വളരെ അനുചിതമായ ബന്ധമാണ്' എന്നാണ്. 

2021 മെയ് മാസത്തിൽ കവൻട്രിയിൽ നിന്നുള്ള ചാൽമേഴ്‌സിന്റെ (30) സെല്ലിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകൾ കണ്ടെത്തിയതിനെത്തുടർന്നാണ് ലൈത്ത്‍വെയിറ്റ് അറസ്റ്റ് ചെയ്യപ്പെടുന്നത്. അന്ന് ലൈത്ത്‍വെയ്റ്റ് ജയിലിൽ സുരക്ഷിതമായ കസ്റ്റഡി, തുല്യത എന്നിവ നോക്കുന്നതിന്റെ മേധാവിയായിരുന്നു. അതിലൊരു ഫോണിലേക്ക് രണ്ടുതവണ ലൈത്ത്‍വെയ്റ്റ് വിളിക്കാൻ ശ്രമിച്ചു എന്നും കണ്ടെത്തി. പിന്നീട്, ഫോണിൽ നിന്നുമുള്ള വാട്ട്സാപ്പ് ചാറ്റുകൾ വീണ്ടെടുത്തു. അതിൽ നിന്നും ഇരുവരും തമ്മിലുള്ള ബന്ധം വ്യക്തമായിരുന്നു എന്നും കോടതി പറഞ്ഞു. 

ഒരു സന്ദേശത്തിൽ ലൈത്ത്‍വെയ്റ്റ് തടവുകാരനെഴുതിയത് ഇങ്ങനെ, 'നിന്റെ സന്ദേശമൊന്നും കാണാത്തപ്പോൾ ഞാൻ പരിഭ്രമിച്ചുപോയി. നീയെന്നെ ഉപേക്ഷിച്ചു എന്നാണ് ഞാൻ കരുതിയത്.' മറ്റൊരു സന്ദേശത്തിൽ അവർ തടവുകാരനെ 'ബേബി' എന്ന് വിളിച്ചിരിക്കുന്നു എന്നും കണ്ടെത്തി. ചാൽമേഴ്സിന്റെ ഡിഫൻസ് ബാരിസ്റ്റർ, സാറാ അലൻ, ഈ ബന്ധത്തെ 'വളരെ അടുപ്പമുള്ളത്' എന്നാണ് വിശേഷിപ്പിച്ചത്. എന്നിരുന്നാലും ഇരുവരും തമ്മിൽ 'ശാരീരിക ബന്ധം' ഇല്ലെന്ന് ലൈത്ത്‌വെയ്റ്റിന്റെ പ്രതിരോധ ബാരിസ്റ്റർ പറഞ്ഞു. നടന്ന സംഭവത്തിൽ ഉദ്യോ​ഗസ്ഥയ്ക്ക് അ​ഗാധമായ ഖേദമുണ്ടായതായും കോടതി നിരീക്ഷിച്ചു. 

എന്നാൽ, ജയിലിലെ ഡെപ്യൂട്ടി ​ഗവർണറുടെ പ്രസ്താവനയിൽ ഇത്തരം സംഭവങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് നിരീക്ഷിച്ചു. ഇത് ജനങ്ങൾക്കിടയിൽ ജയിൽ സംവിധാനങ്ങളോടുള്ള വിശ്വാസം കുറയ്ക്കും. അഴിമതി നടക്കുന്നുവെന്ന് ആളുകൾ കരുതും. തടവുകാരും ജയിലുദ്യോ​ഗസ്ഥരും തമ്മിലുള്ള വിശ്വാസത്തെ ബാധിക്കും എന്നും ഡെപ്യൂട്ടി ​ഗവർണർ പറഞ്ഞു. 

ഗുരുതരമായ വിശ്വാസലംഘനത്തിന് ലൈത്ത്‌വൈറ്റ് ഉത്തരവാദിയാണെന്ന് ജഡ്ജി ലക്കിംഗ് പറഞ്ഞു. എന്നാൽ, കുറ്റം ചെയ്യുന്നതിന് കുറച്ച് മുമ്പാണ് അവളുടെ സഹോദരിയെ അവൾക്ക് നഷ്ടമായത്, അതുപോലെ PTSD, ജയിൽ ശിക്ഷ അവളുടെ കുടുംബത്തിൽ ഉണ്ടാക്കുന്ന ആഘാതം എന്നിവ ഉൾപ്പെടെയുള്ള ഘടകങ്ങൾ പരി​ഗണിച്ചാണ് അവളുടെ ശിക്ഷ കുറച്ചതെന്നും ജഡ്ജി പറഞ്ഞു. ജയിൽ സെല്ലിൽ മൊബൈൽ ഫോൺ ഒളിച്ചുവച്ചതിന് തടവുകാരന് വേറെ 24 മാസങ്ങൾ കൂടി തടവ് വിധിച്ചു. ഇയാൾക്കെതിരെ നേരത്തെ തന്നെ നിരവധി കുറ്റം കണ്ടെത്തുകയും ശിക്ഷ വിധിക്കുകയുമുണ്ടായിട്ടുണ്ട്. 

(ചിത്രം പ്രതീകാത്മകം)

click me!